ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ പ്രോട്ടീൻ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് ചിക്കനും മുട്ടയുമൊക്കെ ആയിരിക്കും. 100 ഗ്രാം ചിക്കനിൽ 31 ഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്. എന്നാൽ ചിക്കനിലുള്ളതിനേക്കാൾ കൂടുതൽ പ്രോട്ടീൻ മറ്റ് ചില ഭക്ഷണങ്ങളിലുണ്ട്. പ്രോട്ടീൻ സമ്പന്നമായ ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
പനീർ
പ്രോട്ടീനിന്‍റെ കലവറയാണ് പനീർ. 100 ഗ്രാം പനീറിൽ 40 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഉയർന്ന അളവിൽ കാത്സ്യവും പനീറിൽ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.
മത്തങ്ങ വിത്തുകൾ
മത്തങ്ങ വിത്തുകളിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം മത്തങ്ങ വിത്തിൽ 37 ഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്. മഗ്നീഷ്യം, സിങ്ക്, ഇരുമ്പ്, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയും ഇതിൽ ധാരാളമുണ്ട്. ആരോഗ്യകരമായ ഒരു ലഘുഭക്ഷണം കൂടിയാണ് മത്തങ്ങ വിത്തുകൾ. ഇത് സ്‌മൂത്തിയിലോ സാലഡിലോ ചേർത്ത് കഴിക്കാം.
കടലപ്പരിപ്പ്
ചിക്കനേക്കാൾ പ്രോട്ടീൻ അടങ്ങിയ മറ്റൊരു ഭക്ഷണമാണ് കടലപ്പരിപ്പ്. 100 ഗ്രാം കടലപ്പരിപ്പിൽ 38 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. നാരുകളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ലഘുഭക്ഷണമായോ മറ്റ് ഭക്ഷണങ്ങളിൽ ചേർത്തോ കടലപ്പരിപ്പ് കഴിക്കാവുന്നതാണ്.