ശരീരത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ അവയവമാണ് കരൾ. 75% വരെ കേടുപാടുകൾ സംഭവിച്ചാലും സ്വയം പ്രതിരോധിക്കാനുള്ള കഴിവ് കരളിനുണ്ട്. അപ്പോഴും ചെറിയ രീതിയിലുള്ള കേടുപാടുകൾ പോലും കരളിന്‍റെ പ്രവർത്തനം തകരാറിലാക്കാറുണ്ട്. കരളിനെ ദോഷകരമായി ബാധിക്കുന്ന രണ്ട് ശീലങ്ങളാണ് മദ്യപാനവും പുകവലിയും. എന്നാൽ നമ്മൾ കഴിക്കുന്ന ചില ഭക്ഷണങ്ങൾ ഇതിനേക്കാൾ വലിയ അപകടമുണ്ടാക്കുന്നുവെന്ന് എത്രപേർക്കറിയാം. കരളിന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഹൈദരാബാദിലെ പ്രമുഖ നൂട്രീഷനിസ്‌റ്റ് ഡോ. അഞ്ജലി ദേവി കരളിന് ഹാനികരമായ ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് വിശദീകരിക്കുന്നു.
കൂൾ ഡ്രിങ്ക്സ്
പഞ്ചസാര അടങ്ങിയ പാനീയങ്ങൾ കഴിക്കുന്നത് കരളിൻ്റെ ആരോഗ്യത്തിന് വളരെയധികം ദോഷകരമാണ്. അധികമായി കഴിക്കുന്ന പഞ്ചസാര കരളിൽ കൊഴുപ്പായി ശേഖരിക്കപ്പെടുകയും ക്രമേണ ഇത് കരളിൻ്റെ പ്രവർത്തനത്തെ തകരാറിലാക്കും ചെയ്യുന്നു.
ഉപ്പ്
ഉപ്പിന്‍റെ അമിത ഉപയോഗം ശരീരത്തിൽ കൂടുതൽ ജലാംശം നിലനിർത്താൻ കാരണമാകുന്നു. ഇത് കരളിന്‍റെ പ്രവർത്തനത്തെ ബാധിക്കുകയും മാരകമായ കരൾ രോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. പൂരിത കൊഴുപ്പും സോഡിയവും ഉയർന്ന അളവിലുള്ളതിനാൽ ചിപ്‌സ്, ഉപ്പിട്ട ബിസ്‌ക്കറ്റ്, ലഘുഭക്ഷണം തുടങ്ങിയ പായ്ക്കറ്റ് ഭക്ഷണങ്ങൾ ഒഴിവാക്കുകന്നതാണ് നല്ലത്.
കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ
വെണ്ണ, നെയ്യ്, ചീസ്, ചുവന്ന മാംസം തുടങ്ങിയ കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ കരളിൻ്റെ ആരോഗ്യത്തിന് നല്ലതല്ല. ഈ ഭക്ഷണങ്ങളിൽ കൊഴുപ്പ് അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഇത് അമിതമായി കഴിച്ചാൽ കരൾ രോഗങ്ങൾക്ക് കാരണമാകുന്നു. മാത്രമല്ല പൂരിത കൊഴുപ്പുകൾ കൊളസ്‌ട്രോളിന്‍റെ അളവ് കൂട്ടുകയും ഇതിലൂടെ ഹൃദ്രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.
സംസ്‌കരിച്ച ഭക്ഷണങ്ങൾ
ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് തുടങ്ങീ കൃത്രിമ നിറങ്ങളും ചേരുവകളും ചേർത്തുണ്ടാക്കുന്ന ഭക്ഷണങ്ങൾ കരളിന് ദോഷം ചെയ്യുന്നു. ഈ ഉൽപ്പന്നങ്ങളിലെ പഞ്ചസാരയും അഡിറ്റീവുകളും (ഭക്ഷണപദാർഥത്തിൽ ചേർക്കുന്ന ഒരു തരം വസ്‌തു) കരളിന്‍റെ പ്രവർത്തനത്തെ തകരാറിലാക്കുന്നു.