ഏതു പ്രായക്കാരിലും ശാരീരിക ആരോഗ്യം നിലനിർത്താൻ വ്യായാമം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഭക്ഷണം, ഉറക്കം എന്നിവപോലെ ദൈന്യം ദിന ജീവിതത്തിലെ ഭാഗമാക്കേണ്ട ഒന്നാണ് വ്യായാമം. രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ അത്യന്താപേക്ഷിതമായ ഒരു പ്രക്രിയ കൂടിയാണ് വ്യായാമം. ശരിയായ വ്യായാമത്തിലൂടെ എണ്ണമറ്റ ഗുണങ്ങളാണ് ശരീരത്തിന് ലഭിക്കുന്നത്. മാത്രമല്ല ഇത് ശരീരത്തെ വഴക്കമുള്ളതാക്കുകയും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും സഹായിക്കുന്നു. എന്നാൽ ശരിയായ വ്യായാമം, വ്യായാമ രീതി എന്നതിനെ സംബന്ധിച്ച് വേണ്ട വിധത്തിലുള്ള അവബോധം ഉണ്ടായിരിക്കേണ്ടതും അത്യാശ്യമാണ്. ഒരു വ്യക്തി എത്ര സമയം വ്യായാമം ചെയ്യണമെന്നതിനെ കുറിച്ച് ഇപ്പോഴും കൃത്യമായ അറിയില്ലാത്തവരാണ് നമ്മളിൽ പലരും.
ആഴ്‌ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും മിതമായ രീതിയിൽ എയ്‌റോബിക് ആക്‌റ്റിവിറ്റിയിൽ (രക്തത്തിലെ വായുവിന്‍റെ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള ഒരുതരം വ്യായാമം) ഏർപ്പെടുന്നത് നിങ്ങളുടെ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കാനും വിയർപ്പിനെ ഇല്ലാതാക്കാനും സഹായിക്കുന്നു. 150 മിനിറ്റ് ഒറ്റയടിക്ക് പൂർത്തിയാക്കുന്നതിന് പകരം ആഴ്‌ചയിൽ പല തവണയായും ചെയ്യാം. പ്രാരംഭഘട്ടത്തിൽ ലക്ഷ്യത്തിലേക്കെത്താൻ പ്രയാസമുണ്ടാകുമെങ്കിലും കഴിയുന്നത്ര നേരം ശാരീരിക പ്രവർത്തനങ്ങളിൽ മുഴുകാൻ ശ്രമിക്കുക.
പ്രായമാകുന്നതിനനുസരിച്ച് ആളുകളിൽ പേശികൾ നഷ്‌ടപ്പെടാൻ സാധ്യതയുണ്ട്. അത് ശാരീരിക ഭാരവുമായി ബന്ധമില്ല എന്നതും ശ്രദ്ധേയമാണ്. ഇത് വീട്ടുജോലികൾ ഉൾപ്പെടെയുള്ള ചില പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ പോലും നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്നാൽ പതിവായുള്ള വ്യായാമം പ്രായമായവരിൽ മസിൽ മാസ് നിലനിർത്താൻ സഹായിക്കുന്നു. മാത്രമല്ല ദൈനംദിന പ്രവർത്തനങ്ങൾ, ഔട്ടിംഗുകൾ, ഡ്രൈവിങ്ങ് തുടങ്ങിയവ എളുപ്പമാക്കുകയും വീഴ്‌ചകൾ ഒഴിവാക്കാനും സഹായിക്കുന്നു.