കേരളം

kerala

ETV Bharat / health

അത്യപൂര്‍വ്വമായി മാത്രം മനുഷ്യനെ ബാധിക്കുന്നത് ; എന്താണ് അമീബിക് മസ്‌തിഷ്‌ക ജ്വരം ? അറിയേണ്ടതെല്ലാം.. - AMEBIC ENCEPHALITIS DISEASE

സംസ്ഥാനത്ത് അഞ്ച് വയസുകാരിയുടെ മരണത്തിന് ഇടയാക്കിയ അമീബിക് മസ്‌തിഷ്‌ക ജ്വരത്തെ കുറിച്ച് അറിയേണ്ടതെല്ലാം

അമീബിക് മസ്‌തിഷ്‌ക ജ്വരം  അമീബിക് മസ്‌തിഷ്‌ക ജ്വരം ലക്ഷണം  WHAT IS AMEBIC ENCEPHALITIS  AMEBIC ENCEPHALITIS SYMPTOMS
- (Source: Etv Bharat Network)

By ETV Bharat Kerala Team

Published : May 21, 2024, 4:15 PM IST

Updated : May 21, 2024, 4:55 PM IST

കോഴിക്കോട്:അമീബ തലച്ചോറിലേക്ക് പ്രവേശിച്ച് മസ്‌തിഷ്‌കത്തിലെ കോശങ്ങൾക്ക് പെട്ടെന്ന് തകരാർ സംഭവിക്കുകയും നീർക്കെട്ട് വരുന്നതുമാണ് തുടക്കം. വളരെ അപൂർവ്വമായി മാത്രമേ അമീബ മനുഷ്യരിൽ രോ​ഗം ഉണ്ടാക്കാറുള്ളൂ. പല തരം അമീബകൾ രോ​ഗകാരികൾ ആവാമെങ്കിലും നേഗ്ലെറിയ ഫൗലേറി പോലുള്ളവയാണ് മസ്‌തിഷ്‌ക ജ്വരത്തിന് കാരണമാകുന്നത്.

രോഗലക്ഷണങ്ങള്‍:രണ്ട് ഘട്ടങ്ങളായാണ് അമീബിക് മസ്‌തിഷ്‌ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ പ്രകടമാവുക. ആദ്യഘട്ടത്തിൽ തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് വേദന മുതലായവയാണ് കാണിക്കുക. പക്ഷേ പല പനിക്കും ഈ രോഗലക്ഷണങ്ങൾ കാണുന്നതുകൊണ്ടുതന്നെ ആരും വിദ​ഗ്‌ധ പരിശോധനയ്ക്ക് നില്‍ക്കാറില്ല.

രണ്ടാംഘട്ടത്തിലേക്ക് പോകുമ്പോൾ അണുബാധ തലച്ചോറിനെ കൂടുതലായി ബാധിക്കുകയും അപസ്‌മാരം, ഓർമ നഷ്‌ടമാകൽ തുടങ്ങിയവ ഉണ്ടാവുകയും ചെയ്യും. ഈ ഘട്ടത്തിൽ മാത്രമാണ് തലച്ചോറിനെ അണുബാധ ബാധിച്ചതായി സംശയിക്കുകയും തുടർ പരിശോധനയിലൂടെ രോ​ഗനിർണയം നടത്തുകയും ചെയ്യുക.

അമീബിക് മസ്‌തിഷ്‌ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ (Source: Etv Bharat Network)

രോഗം പകരുന്ന വഴി:കേന്ദ്ര നാഡീവ്യൂഹത്തിനെ ബാധിക്കുന്ന രോഗമാണിത്. രോഗ പ്രതിരോധശേഷി കുറഞ്ഞ ആളുകളിലും മറ്റേതെങ്കിലും രോഗമുള്ളവരിലുമാണ് ഇത് പൊതുവേ ബാധിക്കുന്നത്. ഏകകോശ ജീവിയായ അമീബകളിൽ ചിലത് മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചാൽ അത് വലിയ പ്രത്യാഘാതം ഉണ്ടാക്കും.

എന്‍റെമീബ ഹിസ്‌റ്റോലിറ്റിക്ക എന്ന അമീബ മനുഷ്യരിൽ വയറുകടി ഉണ്ടാക്കുന്ന ഒരു രോഗാണുവാണ്. നീഗ്ലേറിയ ഫൗളേറി എന്നാണ് മസ്‌തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന അമീബയുടെ ശാസ്‌ത്രീയനാമം. ഇളംചൂടുള്ള ശുദ്ധജലത്തിലാണ് ഇത്തരം അമീബകൾ കണ്ടുവരുന്നത്.

അതുകൊണ്ടുതന്നെ സ്വിമ്മിങ് പൂളുകൾ, കുളങ്ങൾ എന്നിവിടങ്ങളിൽ ഇവ ഉണ്ടായേക്കാം. കുളിക്കുമ്പോൾ വെള്ളം കുടിച്ചത് കൊണ്ട് രോഗകാരിയായ അമീബ ശരീരത്തിൽ പ്രവേശിക്കണമെന്നില്ല. എന്നാൽ, ഡൈവ് ചെയ്യുമ്പോഴോ നീന്തുമ്പോഴോ വെള്ളം ശക്തിയായി മൂക്കിൽ കടന്നാൽ, മൂക്കിലെ അസ്ഥികൾക്കിടയിലൂടെയുള്ള നേരിയ വിടവിലൂടെ ഇവ തലച്ചോറിനകത്തെത്തുന്നു.

അമീബ ഉള്ള വെള്ളം ഉപയോഗിച്ച് നസ്യം പോലുള്ള ക്രിയകൾ നടത്തുന്നതും, തല വെള്ളത്തിൽ മുക്കി മുഖം കഴുകുന്നതും മറ്റും രോഗത്തിന് കാരണമായേക്കാം. കുട്ടികളിലും കൗമാരപ്രായക്കാരിലുമാണ് ഇവ പ്രധാനമായും രോഗമുണ്ടാക്കുന്നത്. ഈ രോഗം ഒരാളിൽ നിന്നും വേറൊരാളിലേക്ക് പകരില്ല.

രോഗം പകരുന്ന വഴി (Source: Etv Bharat Network)

ചികിത്സയില്ല, മരണസാധ്യത കൂടുതല്‍:എല്ലാ മസ്‌തിഷ്‌ക ജ്വരങ്ങൾക്കും ലക്ഷണങ്ങൾ ഒന്നുതന്നെയാണെങ്കിലും അമീബിക് മസ്‌തിഷ്‌ക ജ്വരം പിടിപെട്ട് രോഗം മൂർഛിക്കുന്നതോടെ രോഗി അബോധാവസ്ഥയിലാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. ഈ രോഗം ഭേദമാക്കാനുള്ള ചികിത്സ ഇതുവരെ ലഭ്യമല്ല. രോഗലക്ഷണങ്ങള്‍ ചികിത്സിക്കുന്നതിന് ആംഫോട്ടെറിസിൻ ബി പോലുള്ള അഞ്ചോളം മരുന്നുകളും സ്‌റ്റിറോയിഡുമാണ് നൽകി വരുന്നത്.

എന്നാൽ, ഇത് കിഡ്‌നിക്കടക്കം വലിയ പാർശ്വഫലം ഉണ്ടാക്കും. രോഗിയുടെ ശ്വാസകോശം, ഹൃദയം എന്നിവയുടെ പ്രവർത്തനം നിലനിർത്തുക, അപസ്‌മാരം നിയന്ത്രിക്കുക എന്നിവയാണ് ചെയ്യാവുന്നത്. എന്ത് തന്നെ ചെയ്‌താലും ഈ രോഗത്തിന് മരണസാധ്യത വളരെ വളരെ കൂടുതലാണ്.
സാധാരണഗതിയിൽ മസ്‌തിഷ്‌ക ജ്വരം കണ്ടുപിടിക്കുന്നത് സെറിബ്രോ സ്പൈനൽ ഫ്ലൂയിഡ് നട്ടെല്ലിന്‍റെ താഴെ ഭാഗത്ത് നിന്നും കുത്തിയെടുത്ത് പരിശോധിച്ചാണ്. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരിയിൽ ഈ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

അമീബിക് മസ്‌തിഷ്‌ക ജ്വരം തടയുന്നതിന്:ക്ലോറിനേഷൻ മൂലം നശിച്ചുപോകുന്നതിനാൽ അതാണ് ഏറ്റവും നല്ല പോംവഴി. ഉപ്പുവെള്ളമുള്ള ജലാശയങ്ങളിൽ ഈ രോഗാണുവിന് നിലനിൽപ്പില്ലാത്തതുകൊണ്ട് കടലിലും മറ്റും ഇവയെ കണ്ടുവരുന്നില്ല. സ്വിമ്മിങ് പൂളുകളിലെ വെള്ളം നിബന്ധനകൾക്കനുസരിച്ച് മാറ്റുക, പൂളുകളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യുക, നന്നായി പരിപാലിക്കപ്പെടാത്ത സ്വിമ്മിങ് പൂളുകൾ ഉപയോഗിക്കാതിരിക്കുക. മൂക്കിൽ ശക്തമായി വെള്ളം കയറുന്ന നീന്തൽ, ഡൈവിങ് എന്നിവ കരുതലോടെ ചെയ്യുക, നസ്യം പോലുള്ള ചികിത്സാരീതികൾ ആവശ്യമുണ്ടെങ്കിൽ അതിന് തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക തുടങ്ങിയ വഴികളിലൂടെ ഈ രോഗത്തെ അകറ്റി നിര്‍ത്താം.

കടപ്പാട്:ഡോ.സുനിൽകുമാർ, ഡോ. അരുൺ, കോഴിക്കോട് മെഡിക്കൽ കോളജ്.

Also Read :

  1. മസ്‌തിഷ്‌കം ഭക്ഷിക്കുന്ന അമീബ..അപൂർവ അണുബാധയിൽ നിന്ന് എങ്ങനെ രക്ഷ നേടാം?
  2. എന്താണ് അമീബിക്ക് മസ്‌തിഷ്‌ക ജ്വരം? ലക്ഷണങ്ങള്‍ എന്തൊക്കെ, എങ്ങനെ പ്രതിരോധിക്കാം...
  3. അമീബിക് മസ്‌തിഷ്‌ക ജ്വരം: ചികിത്സയിലിരുന്ന അഞ്ച് വയസുകാരി മരിച്ചു
Last Updated : May 21, 2024, 4:55 PM IST

ABOUT THE AUTHOR

...view details