ഒരു കുഞ്ഞ് എന്നത് പലരുടെയും സ്വപ്‌നമാണ്, എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ഈ സ്വപ്‌നം നിറവേറ്റാൻ കഴിയാത്ത നിരവധിപേരുണ്ട്. ശാസ്‌ത്രം നിരന്തരം വികസിച്ചു കൊണ്ടിരിക്കുന്ന ഈ ആധുനിക കാലത്ത് ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. ഇനി കുഞ്ഞ് ഇല്ലാത്തവര്‍ക്കും തങ്ങളുടെ സ്വന്തം കുഞ്ഞുങ്ങളെ ഇൻ-വിട്രോ ഗമെറ്റോജെനസിസ് വഴി ലഭിക്കും.
എന്താണ് ഇൻ-വിട്രോ ഗമെറ്റോജെനസിസ്?
മൂലകോശത്തിൽ നിന്നും കുഞ്ഞുങ്ങളെ ഉണ്ടാക്കാനാവുന്ന ഇൻ-വിട്രോ ഗമെറ്റോജെനസിസ് വഴി ഇനി പ്രായമായവർക്കും കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്കും സ്വവർഗ പങ്കാളികൾക്കും തങ്ങളുടെ സ്വന്തം കുഞ്ഞുങ്ങളെ ലഭിക്കും. ത്വക്ക്, മുടി, രക്തം എന്നിവയിൽ നിന്നുള്ള മൂലകോശങ്ങൾ ഉപയോഗിച്ച് പ്രത്യുൽപ്പാദന ശേഷിയുള്ള അണ്ഡവും ബീജവും ഉണ്ടാക്കുന്നതാണ് ഈ പ്രക്രിയ.
ഇവ പിന്നീട് സംയോജിപ്പിച്ച് വാടക ഗർഭപാത്രം വഴി കുഞ്ഞുങ്ങളെയുണ്ടാക്കും. ഇതിലൂടെ ലാബ് വഴി കുഞ്ഞുങ്ങളുണ്ടാകുന്ന വിപ്ലവകരമായ മാറ്റത്തിനാണ് മനുഷ്യകുലം സാക്ഷ്യം വഹിക്കുന്നത്.
Representative Image (Getty) എലികളില്‍ പരീക്ഷണം വിജയകരം
ജപ്പാനിലെ ക്യൂഷു സർവകലാശാലയിലെ ശാസ്ത്രജ്ഞർ ഇതിനകം തന്നെ എലികൾക്ക് ഈ നിലയിൽ ജന്മം നൽകി. മൂലകോശത്തിൽ നിന്ന് അണ്ഡവും ബീജവും നിർമ്മിച്ച ശേഷമായിരുന്നു ഇത്. യുകെയിലെ ഹ്യൂമൻ ഫെർട്ടിലൈസേഷൻ ആൻഡ് എംബ്രിയോ അതോറിറ്റി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഈ രീതിയിൽ മനുഷ്യ കുഞ്ഞിനെ ജനിപ്പിക്കുമെന്ന് പറയുന്നു.
In vitro gametogenesis from embryonic stem cells (ScienceDirect) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
എന്നാൽ ഇന്ത്യയിൽ ഐവിഎഫ് വിദഗ്‌ധര്‍ ഇക്കാര്യത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായ പ്രകടനം നടത്തുന്നുണ്ട്. വന്ധ്യതയുള്ള ദമ്പതികൾക്ക് ഈ സാങ്കേതികവിദ്യ അനുഗ്രഹമാകുമെന്ന് ഇന്ദിര ഐവിഎഫ് ഗ്രൂപ്പിൻ്റെ സിഇഒ ഡോ. ക്ഷിതിസ് മുർദിയ പറഞ്ഞു. ഇന്ത്യയിലെ സ്ത്രീകളുടെ പ്രത്യുത്പാദന പ്രായം പാശ്ചാത്യ സ്ത്രീകളെ അപേക്ഷിച്ച് ആറ് വയസ് കൂടുതലാണ്.
പുരുഷന്മാരുടെ ബീജ എണ്ണം കുറയുന്നു
കഴിഞ്ഞ 50 വർഷമായി പുരുഷന്മാരുടെ ബീജ എണ്ണം കുറഞ്ഞിട്ടുണ്ട്. അടുത്ത 40 വർഷത്തിനുള്ളിൽ പുരുഷന്മാരുടെ ബീജത്തിൻ്റെ എണ്ണം വളരെയേറെ കുറയും. അതിനാൽ തന്നെ ജനങ്ങൾക്ക് താങ്ങാനാവുന്ന നിലയിൽ പ്രത്യുൽപ്പാദന സാങ്കേതിക വിദ്യ ആവശ്യമാണെന്നും അവർ പറഞ്ഞു.
സ്ത്രീകളിൽ പ്രായമേറും തോറും അണ്ഡോൽപ്പാദനം നിലയ്ക്കും. 32 വയസുള്ള സ്ത്രീയുടെ 60 ശതമാനം അണ്ഡത്തിലും ക്രോമസോം സാധാരണ നിലയിലായിരിക്കും. എന്നാൽ 42 വയസുള്ള സ്ത്രീയിൽ 80 ശതമാനത്തോളം അണ്ഡത്തിലും അസാധാരണ ക്രോമസോം നില കാണാം. അതിലൂടെ ജനിതക വൈകല്യമുള്ള കുഞ്ഞുങ്ങൾ ജനിക്കുമെന്നും മുർദിയ ചൂണ്ടിക്കാട്ടുന്നു.
Representative Image (Getty) പുതിയ സാങ്കേതിക വിദ്യയിലൂടെ എത്ര അണ്ഡങ്ങൾ വേണമെങ്കിലും ഉൽപ്പാദിപ്പിക്കാനാവുമെന്നും ഇത് നിലവിലെ ഐവിഎഫ് ചികിത്സയെ അപേക്ഷിച്ച് കൂടുതൽ എളുപ്പമാണെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു. ആദ്യത്തെ മനുഷ്യ പരീക്ഷണങ്ങൾ നിരീക്ഷിച്ച് കുട്ടികൾ സാധാരണ മനുഷ്യരിൽ നിന്നും വ്യത്യാസമുള്ളവരാണോയെന്ന് അറിയേണ്ടതുണ്ടെന്ന് ചില ഡോക്‌ടർമാർ അഭിപ്രായപ്പെടുന്നുണ്ട്.
ഉയരുന്ന വെല്ലുവിളികള്‍
ലാബിലൂടെ കുഞ്ഞുങ്ങളുണ്ടായാൽ സ്വാഭാവിക ഗർഭധാരണത്തിന് ആളുകൾ മടിക്കുമെന്നാണ് ഗുജറാത്തിലെ ആനന്ദിലെ ആകാൻക്ഷ ഹോസ്‌പിറ്റലിലെ ഐവിഎഫ് സെൻ്റർ മെഡിക്കൽ ഡയറക്‌ടര്‍ ഡോ. നയന എച്ച് പട്ടേൽ പറയുന്നത്. സാങ്കേതികവിദ്യയുടെ ദുരുപയോഗവും അമിത ഉപയോഗവും സംബന്ധിച്ച വെല്ലുവിളിയും അവർ ചൂണ്ടിക്കാട്ടുന്നു.
50-60 വയസ് പ്രായമുള്ള ആളുകൾക്ക് കുട്ടിയെ വളർത്താനുള്ള അവരുടെ കഴിവ് പരിഗണിക്കാതെ തന്നെ കുട്ടികളെ ജനിപ്പിക്കാൻ ഇതിലൂടെ സാധിക്കും. ജീവൻ കിയോസ്‌കിൽ ലഭ്യമാവുകയും ജന്മം നൽകുന്ന പ്രക്രിയയിൽ നിന്ന് അനുകമ്പയും സ്നേഹവും ഇല്ലാതാവുകയും ചെയ്യുമെന്നും അവർ പറയുന്നു. അസിസ്റ്റഡ് റീപ്രൊഡക്ഷൻ ടെക്നോളജി (റെഗുലേഷൻ) നിയമം 2021 പ്രകാരം രാജ്യത്ത് ഐവിഎഫ് ചികിത്സയ്ക്ക് സ്ത്രീകൾക്ക് 50ഉം പുരുഷന്മാർക്ക് 55ഉം ആണ് പരമാവധി പ്രായം.
എന്നാൽ ഐവിജി പോലുള്ള ഇനിയും വികസിക്കാത്ത സാങ്കേതിക വിദ്യകളുടെ കാര്യത്തിൽ നിയമത്തിൽ വ്യവസ്ഥയില്ല. പുതിയ ഗവേഷണത്തിനോ സാങ്കേതികവിദ്യയ്‌ക്കോ നിരോധനവുമില്ല. മാതാപിതാക്കളുടെ മൂലകോശങ്ങളാണ് പ്രത്യുൽപ്പാദന പ്രക്രിയക്ക് എടുക്കുന്നതെന്നതിനാൽ നിയമം അവിടെയും തടസമാകില്ല. വിവാഹിതരായ ഭിന്നലിംഗ ദമ്പതികൾക്കാണ് നിലവിൽ നിയമം ബാധകമായിട്ടുള്ളത്.
Also Read:ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാം ഈ പ്രകൃതിദത്ത മാർഗങ്ങളിലൂടെ