മുംബൈ:യാമി ഗൗതം കേന്ദ്ര കഥാപാത്രമായി ആക്ഷൻ പാക്ക്‌ഡ് പൊളിറ്റിക്കൽ ചിത്രം വരുന്നു. 'ആർട്ടിക്കിൾ 370' എന്ന ചിത്രത്തിലാണ് താരം മുഖ്യ വേഷത്തിൽ എത്തുന്നത്. ദേശീയ അവാർഡ് ജേതാവായ ആദിത്യ സുഹാസ് ജംഭാലെയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് (Yami Gautam with Action-Packed Political movie Article 370).
ഒരു ഇന്‍റലിജൻസ് ഏജന്‍റായാണ് ഈ ചിത്രത്തിൽ യാമി ഗൗതം പ്രത്യക്ഷപ്പെടുന്നത്. ഇതിനോടകം പുറത്തു വന്ന ചിത്രത്തിന്‍റെ പോസ്റ്ററുകൾ മികച്ച പ്രതികരണമാണ് നേടുന്നത്. പോസ്റ്ററിൽ ത്രസിപ്പിക്കുന്ന ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. കൃത്യമായ രാഷ്‌ട്രീയം പറയുന്ന ചിത്രമാകും 'ആർട്ടിക്കിൾ 370' എന്നാണ് വിവരം.
ആർട്ടിക്കിൾ 370നെ നിഷ്‌ഫലമാക്കി, കശ്‌മീരിലെ ഭീകരവാദത്തെ തുടച്ചുനീക്കുന്നതിനെ ചുറ്റിപ്പറ്റിയുള്ള ചിത്രമാണിതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആദിത്യ സുഹാസ് ജംഭാലെ സംവിധാനം ചെയ്യുന്ന ഈ ചിത്രം ജ്യോതി ദേശ്പാണ്ഡെ, ആദിത്യ ധർ, ലോകേഷ് ധർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഫെബ്രുവരി 23ന് 'ആർട്ടിക്കിൾ 370' തിയേറ്ററുകളിൽ റിലീസ് ചെയ്യും.
അതേസമയം, 'ഒഎംജി 2' (ഓ മൈ ഗോഡ് 2) എന്ന ചിത്രത്തിലാണ് യാമി അടുത്തിടെ അഭിനയിച്ചത്. അമിത് റായ് സംവിധാനം ചെയ്‌ത ഈ ചിത്രത്തിൽ അക്ഷയ് കുമാർ, പങ്കജ് ത്രിപാഠി എന്നിവർക്കൊപ്പമാണ് യാമി ഗൗതം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഓഗസ്‌റ്റ് 11നാണ് ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്.
'വിക്കി ഡോണർ', 'ബദ്‌ലാപൂർ', 'ഉറി: ദ സർജിക്കൽ സ്‌ട്രൈക്ക്', 'ബാല', 'എ തേർസ്‌ഡേ', 'ലോസ്റ്റ്', 'ചോർ നിക്കൽ കേ ഭാഗ' തുടങ്ങി നിരവധി ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്‌ചവച്ച യാമിയുടെ പുത്തൻ സിനിമയ്‌ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.