വിശാല്‍ നായകനായി എത്തുന്ന 'മദ ഗജ രാജ' എന്ന ചിത്രത്തിന് വേണ്ടി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് 12 വര്‍ഷമായി. ഗാനവും ട്രെയിലറുമെല്ലാം പുറത്തുറങ്ങിയിരുന്നുവെങ്കിലും ചിത്രം ഇതുവരെ തിയേറ്ററില്‍ എത്തിയിരുന്നില്ല. 2013 ല്‍ പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രം 2025 ല്‍ റിലീസ് ചെയ്യുന്നതിന്‍റെ ആവേശത്തിലാണ് പ്രേക്ഷകര്‍. എന്നാല്‍ ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടിക്കായി എത്തിയ വിശാലിന്‍റെ ആരോഗ്യാവസ്ഥ കണ്ട് ആശങ്കപ്പെട്ടിരിക്കുകയാണ് ആരാധകര്‍.
ഏറെ ക്ഷീണിച്ച് അസിസ്‌റ്റന്‍റിന്‍റെ സഹായത്തോടെയാണ് വേദിയില്‍ എത്തിയത്. ശരീരം തീരെ മെലിഞ്ഞിരുന്നു. പ്രസംഗിക്കുന്നിതിടെ പല തവണ നാക്ക് കുഴഞ്ഞു. ഇതിന്‍റെ വീഡിയോ വൈറലായതോടെ താരത്തിന് എന്തു പറ്റിയെന്നാണ് ആശങ്കയോടെ ആരാധകര്‍ ചോദിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതിനിടെയാണ് സിനിമയുടെ പ്രമോഷന്‍ പരിപാടിക്കായി താരം എത്തിയതെന്നാണ് വിവരം.
വിറയലോടെ മൈക്ക് പിടിച്ച് സംസാരിക്കുന്ന വിശാലിനെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ഇതോടെ താരത്തിന്‍റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കയറിച്ച് നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്‍റ് ചെയ്‌തിരിക്കുന്നത്. അതേസമയം കടുത്ത പനിയും അതേ തുടര്‍ന്നുള്ള വിറയലുമാണ് വിശാലിന്‍റെ ആരോഗ്യാവസ്ഥയ്ക്ക് പിന്നിലെന്നാണ് വിവരം. സിനിമയെ കുറിച്ച വിശാല്‍ സംസാരിച്ച് തുടങ്ങിയിരുന്നുവെങ്കിലും മോശം ആരോഗ്യാവസ്ഥയെ തുടര്‍ന്ന് നടന് അത് പൂര്‍ത്തീകരിക്കാനായില്ല.