ദളപതി ആരാധകര്‍ നാളേറെയായി അക്ഷമയോടെ കാത്തിരുന്ന 'ഗോട്ട്' തിയേറ്ററുകളില്‍. വെങ്കട് പ്രഭുവിന്‍റെ സംവിധാനത്തിൽ വിജയ് നായകനായി എത്തിയ 'ഗോട്ട്' ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ ഇന്ന് പ്രദര്‍ശനത്തിനെത്തി. കേരളത്തിൽ 700ലധികം സ്ക്രീനുകളിൽ, നാലായിരത്തോളം ഷോകളാണ് ആദ്യ ദിനം ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
പുലർച്ചെ നാല് മണിക്ക്, കേരളത്തിൽ 'ഗോട്ട്' ഫാൻസ് പ്രദർശനം ആരംഭിച്ചിരുന്നു. തമിഴ്‌നാട്ടിൽ അതിരാവിലെയുള്ള പ്രദർശനത്തിന് വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ സംസ്ഥാനത്ത് നിന്നുള്ള നിരവധി ആരാധകരാണ് കേരളത്തിൽ സിനിമ കാണാൻ എത്തിയത്.
ഗോകുലം ഗോപാലൻ പ്രദർശനത്തിനെത്തിച്ച ചിത്രം പൂർണ്ണമായും പ്രേക്ഷകരെ സംതൃപ്‌തിപ്പെടുത്തിയോ എന്നത് ചോദ്യചിഹ്‌നമാണ്.
ആദ്യ ഷോ കഴിയുമ്പോൾ കേരളത്തിൽ അങ്ങോളമിങ്ങോളം സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 'ഗോട്ടി'ല്‍ ഡബിള്‍ റോളിലാണ് വിജയ് എത്തുന്നത്. 'ഗോട്ടി'ലെ ദളപതിയും ഇളയ ദളപതിയും ആരാധകരെ സംതൃപ്‌തിപ്പെടുത്തി. ആദ്യ പകുതിയിൽ സിനിമ പൂർണമായും ദളപതി ഷോയും, രണ്ടാം പകുതിയില്‍ ഇളയ ദളപതിയുടെ അഴിഞ്ഞാട്ടവും ആണെന്നാണ് പ്രക്ഷകരുടെ ആദ്യ അഭിപ്രായം.