എറണാകുളം: നിതിലൻ സാമിനാഥൻ സംവിധാനം ചെയ്‌ത വിജയ് സേതുപതി ചിത്രം 'മഹാരാജ' തിയേറ്ററുകളിൽ മികച്ച പ്രേക്ഷക അഭിപ്രായത്തോടെ പ്രദർശനം തുടരുകയാണ്. ഒരു ഇടവേളക്കുശേഷം വിജയ് സേതുപതി നായകനായി എത്തുന്ന ചിത്രം തമിഴ്‌നാട്ടിലും കേരളത്തിലും ഒരുപോലെ ബോക്‌സ് ഓഫീസിൽ തിളക്കം സൃഷ്‌ടിക്കുന്നു. ചിത്രത്തിന്‍റെ വിജയാഘോഷത്തിനും പ്രമോഷൻ പരിപാടികൾക്കുമായി കഴിഞ്ഞദിവസം വിജയ് സേതുപതിയും മറ്റ് അണിയറ പ്രവർത്തകരും കേരളത്തിൽ എത്തി.
ദുബായിൽ വീടുകളിൽ പത്രമിട്ട് തുടങ്ങിയതാണ് എന്‍റെ ജീവിതം 25,000 മോ ഒരു ലക്ഷമോ ശമ്പളമുള്ള ഒരു ജോലിയിൽ അക്കാലത്ത് എനിക്ക് അവിടെ പ്രവേശിക്കാൻ സാധിച്ചിരുന്നെങ്കിൽ ഇന്ന് നിങ്ങൾ കാണുന്ന നടൻ വിജയ് സേതുപതി ഉണ്ടാകില്ലായിരുന്നു. ഈ ചിത്രത്തിൽ മറ്റാരെങ്കിലും ആയേനെ നായകൻ. വിജയ് സേതുപതി സംസാരിച്ചു തുടങ്ങി.
ചിത്രത്തിന്‍റെ വിജയം ഒരു വ്യക്തിയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഘടകമല്ല. സിനിമയിലെ എല്ലാ അണിയറ പ്രവർത്തകർക്കും ഈ വിജയത്തിൽ പങ്കുണ്ട്. ചിത്രം തമിഴ്‌നാട്ടിലേതുപോലെ കേരളത്തിലും പ്രേക്ഷകർ ഏറ്റെടുത്തു എന്നറിഞ്ഞതിൽ സന്തോഷം. ഈ സിനിമയുടെ ആധികാരിക വിജയം എന്‍റെ പ്രതീക്ഷകളിൽ ഇല്ലായിരുന്നു. സിനിമ ജനങ്ങൾ ഹൃദയത്തിൽ ഏറ്റെടുത്തെങ്കിൽ അതിന് സംവിധായകന് പ്രത്യേക പരാമർശം നൽകേണ്ടതായുണ്ട്.
നായകൻ നന്നായി എന്നുള്ളതുകൊണ്ട് മാത്രം സിനിമ വിജയിക്കണമെന്നും ഇല്ല. ചെറിയ ചെറിയ വിഷയങ്ങളിൽ പോലും സന്തോഷവും കൗതുകവും കണ്ടെത്തുന്ന ഒരാളാണ് ഞാൻ. എന്‍റെ വാഹനത്തോട് ഞാൻ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുമ്പോൾ സംസാരിക്കാറുണ്ട്. കരിയറിലെ വലിയ വിജയമായ ചിത്രങ്ങളിൽ ഒന്നായിരുന്നു പന്നെയാറും പത്മിനിയും. അതിലെ കേന്ദ്ര കഥാപാത്രമായിരുന്നു ഒരു ഫിയറ്റ് കാർ. അതുപോലെ കാറുകൾ പലരുടെയും ജീവിതത്തിൽ ജീവനുള്ള വസ്‌തുക്കളെ പോലെ പെരുമാറിയതായി എനിക്കറിയാം.