'കൗസല്യ സുപ്രജ രാമപൂര്‍വ്വ സന്ധ്യാപ്രവര്‍ത്തതേ'..
ഈ ഗാനം മധുരമായ നാദത്തില്‍ ഏവരേയും ഉറക്കമുണര്‍ത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എംഎസ് സുബ്ബുലക്ഷ്‌മി എന്ന ഐശ്വര്യപ്രദായിനിയായ ഗായികയുടെ സ്വരമാധുരിയില്‍ ഇന്ത്യന്‍ ജനതയെ സംഗീതത്തിലൂടെ അത്ഭുതപ്പെടുത്തിയ വ്യക്തിത്വമാണ് അവര്‍. ഒറ്റവരിക്കൊണ്ടോ ഒറ്റവാക്ക് കൊണ്ടോ പറഞ്ഞു തീര്‍ക്കാന്‍ കഴിയാത്ത അത്രയും വലിയ കലാകാരിയാണ് എംഎസ് സുബ്ബുലക്ഷ്‌മി.
പാട്ട് മാത്രമല്ല സ്‌ത്രീ സൗന്ദര്യത്തിന്‍റെ മറ്റൊരു രൂപം കൂടിയായിരുന്നു അവര്‍. ചുരുണ്ട മുടി ഒതുക്കി കെട്ടി, കല്ലുവച്ച മൂക്കുത്തിയണിഞ്ഞ് പട്ടുചേലച്ചുറ്റി എംഎസ് സുബ്ബുലക്ഷ്‌മി പാടി തുടങ്ങുമ്പോള്‍ അത് ആസ്വാദകരുടെ മനസ് കവരും. ഈ അതുല്യ സംഗീതജ്ഞയുടെ 108ാം ജന്മവാര്‍ഷിക ദിനത്തില്‍ ശ്രദ്ധാജ്ഞലിയുമായി എത്തിയിരിക്കുകയാണ് ബോളിവുഡിന്‍റെ പ്രിയതാരം വിദ്യാബാലന്‍.
കാഞ്ചീപുരം സാരിയുടുത്ത് ഒതുക്കി കെട്ടിവച്ച മുടിയില്‍ മുല്ലപ്പൂവണിഞ്ഞ് വലിയ കുങ്കുമപ്പൊട്ടും സിന്ദൂരവും ഭസ്‌മവും നെറ്റിയില്‍ ചാര്‍ത്തിയതോടെ എംഎസ് സുബ്ബുലക്ഷ്‌മിയെ പോലെ തന്നെയായി. കല്ലുവച്ച മൂക്കുത്തിയും പല്ലിലെ വിടവുമെല്ലാം അതുപോലെ പകര്‍ത്തിയിട്ടുണ്ട്. തംബുരുവും കൂടി ചേര്‍ന്നപ്പോള്‍ ആ പ്രഗത്ഭ സംഗീതഞ്ജയെ കാണുന്നതുപോലെയായി ഓരോ സംഗീത പ്രേമികള്‍ക്കും.