'മത്ത്' വിശേഷങ്ങളുമായി ടിനി ടോമും സംവിധായകൻ രഞ്ജിത്ത് ലാലും (ETV Bharat) രഞ്ജിത്ത് ലാലിന്‍റെ സംവിധാനത്തിൽ ടിനി ടോം കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് 'മത്ത്'. സന്തോഷ് കീഴാറ്റൂർ, ഐഷ്‌വിക, ഹരിഗോവിന്ദ് സഞ്ജയ്, ബാബു അന്നൂർ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മത്ത് കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ എത്തിയത്. തങ്ങളുടെ ഏറ്റവും പുതിയ സിനിമയുടെ വിശേഷങ്ങൾ ഇടിവി ഭാരതുമായി പങ്കുവയ്‌ക്കുകയാണ് ടിനി ടോമും സംവിധായകൻ രഞ്ജിത്ത് ലാലും.
'മദ്യപിക്കുമ്പോൾ നമുക്ക് മത്ത് ലഭിക്കും. കൊല്ലം, ആലപ്പുഴ ഭാഗങ്ങളിൽ തൈര് കടയുന്ന കോലിനും മത്ത് എന്നാണ് പറയുന്നത്. മദ്യപിച്ചാൽ മത്ത് ഇറങ്ങാൻ തൈര് വേണം.
ഉന്മാദത്തിനും മത്ത് എന്ന് പറയാം. ഏത് അർഥത്തിൽ എടുത്താലും സിനിമയുടെ തലക്കെട്ട് അതിനോട് യോജിക്കും' - ടിനി ടോം പറഞ്ഞുതുടങ്ങി.
ജോഷി, രഞ്ജിത്ത് അടക്കമുള്ള നിരവധി മികവുറ്റ സംവിധായകർക്കൊപ്പം മികച്ച കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാൻ സാധിച്ചിട്ടുണ്ട്. അങ്ങനെ ചിലരെ ഒഴിവാക്കി നിർത്തിയാൽ പലപ്പോഴും എന്‍റെ കഴിവിനെ അടയാളപ്പെടുത്തുന്ന വേഷങ്ങൾ ലഭിക്കാറില്ല. സംവിധായകൻ രഞ്ജിത്ത് ലാലിനെ പോലുള്ള ചിലരുടെ ചിത്രങ്ങളിലാണ് അത്തരം ഒരു ഭാഗ്യം ലഭിക്കാറ്. ആക്ഷൻ സൈക്കോ ത്രില്ലർ ജോണറിൽ ഒരുക്കിയ മത്ത് ചോരയുടെയും പ്രതികാരത്തിന്‍റെയും കൂടി കഥയാണ് പറയുന്നത്.
നരേൻ എന്നാണ് ഈ സിനിമയിലെ എന്‍റെ കഥാപാത്രത്തിന്‍റെ പേര്. ഇത്തരമൊരു കഥാപാത്രം കൈകാര്യം ചെയ്യാൻ സാധിച്ചത് തന്നെ ഭാഗ്യമായി കരുതുന്നു. കഥാപാത്രത്തെ മികവുറ്റതാക്കാൻ പറ്റുന്ന നിലയിൽ ശ്രമിച്ചിട്ടുണ്ടെന്നും ടിനി പറഞ്ഞു.
അതേസമയം, മറ്റൊരു നടനെ കേന്ദ്ര കഥാപാത്രമാക്കി ചെയ്യാൻ ആരംഭിച്ച സിനിമയാണ് മത്ത് എന്ന് സംവിധായകൻ രഞ്ജിത്ത് ലാൽ പ്രതികരിച്ചു. എന്നാൽ ടിനി ടോമിനായിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിക്കുവാനുള്ള യോഗം. പലപ്പോഴും അർധരാത്രി വരെ ഷൂട്ടിങ് തുടർന്നാലും ടിനി ടോം പൂർണ പിന്തുണ നൽകുമായിരുന്നു. അദ്ദേഹത്തിന്‍റെ കഠിനാധ്വാനത്തിന്‍റെ ഫലം കൂടിയാണ് ഈ ചിത്രമെന്നും സംവിധായകൻ രഞ്ജിത്ത് ലാൽ പറഞ്ഞു.
നേരത്തെ മത്ത് ടീമിന്‍റെ വേറിട്ട പ്രൊമോഷൻ ശ്രദ്ധ നേടിയരുന്നു. ടിനി ടോം മറ്റു അണിയറ പ്രവർത്തകർക്കൊപ്പം ട്രെയിനിൽ യാത്ര ചെയ്‌ത് നടത്തിയ പ്രൊമോഷൻ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രത്തെ കുറിച്ച് താരം യാത്രക്കാരോട് സംസാരിക്കുന്നതിന്‍റെയും ബ്രോഷർ വിതരണം ചെയ്യുന്നതിന്‍റെയും വീഡിയോയും പുറത്തുവന്നിരുന്നു. ട്രെയിനിലെ ഓരോ കമ്പാർട്ട്മെന്‍റിലും കയറിയിറങ്ങിയാണ് ടിനി ടോമും കൂട്ടരും സിനിമ പ്രൊമോഷൻ നടത്തിയത്.
ALSO READ:വേറിട്ട പ്രൊമോഷനുമായി 'മത്ത്' ടീം; ട്രെയിനിൽ യാത്രക്കാർക്കൊപ്പം ടിനി ടോം