ആടുജീവിതത്തിന്‍റെ ചിത്രീകരണ വിശേഷങ്ങൾ പങ്കുവച്ച് ബ്ലെസിയും, പൃഥ്വിരാജും ബ്ലെസിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ആടുജീവിതം തിയേറ്ററുകളിലേക്ക് എത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. ആടുജീവിതം നോവൽ ഹൃദ്യസ്‌തമാക്കിയ മലയാളികൾക്ക് ഒരു സംശയം ഉണ്ടാകും, ചലച്ചിത്ര ആവിഷ്‌കാരത്തിന് എന്ത് പുതുമയാകും നൽകാൻ സാധിക്കുക എന്നുള്ളത്. എന്നാൽ നോവലിന് അപ്രകാരം സിനിമയായി പകർത്തുന്ന പ്രവണതയോട് തനിക്കൊട്ടും താല്‍പര്യമില്ലായിരുന്നു എന്ന് ബ്ലെസി തുറന്നു പറഞ്ഞു (The Goat Life).
ബ്ലസിയുടെ വാക്കുകള്‍...
'ആടുജീവിതം എന്ന ചലച്ചിത്ര ആവിഷ്‌കാരത്തിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് നോവലിൽ ഇല്ലാത്ത ഒരു രംഗം തന്നെയാണ്. ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ആകാശത്തുനിന്ന് ഭൂമിയിലേക്ക് നോക്കിയാൽ മനുഷ്യനും, മൃഗങ്ങളും എല്ലാം തുല്യരാണെന്ന് തോന്നും. അത്തരത്തിലൊരു ആശയം പറഞ്ഞുവയ്ക്കുന്നതിലേക്കായി ചിത്രീകരിച്ച ഒരു രംഗമുണ്ട് സിനിമയിൽ (Blessy).
ഒരു ആട്ടിൻകുട്ടിയും നജീബിന്‍റെ കഥാപാത്രവുമായുള്ള ആത്മബന്ധത്തിന്‍റെ തുറന്ന പുസ്‌തകം ആയിരുന്നു ആ രംഗം. ആ രംഗം ചിത്രീകരിക്കുന്നതിനായി തങ്ങൾ എടുത്ത കഷ്‌ടപ്പാടിന്‍റെ കാര്യം ആലോചിച്ചാൽ ഭയം തോന്നും. ആ രംഗത്തിൽ അഭിനയിച്ച ആടുമായി സെറ്റിലുള്ള എല്ലാവർക്കും ഒരു ആത്മബന്ധം ഉണ്ടായിരുന്നു. ഒരു കുഞ്ഞിനോടുള്ള സ്നേഹം എന്നതുപോലെ തനിക്കും ആ ആട്ടിൻകുട്ടി പ്രിയപ്പെട്ടതായിരുന്നു.
ഷൂട്ട് നടക്കുമ്പോൾ തന്നെ ആ കുഞ്ഞാട് മരിച്ചു പോകുകയുണ്ടായി. വയറിന് അസുഖം ബാധിച്ചാണ് ആടിന്‍റെ മരണം. താൻ സത്യത്തിൽ തകർന്നു പോവുകയായിരുന്നു. ഒരു കുഞ്ഞു മരിച്ചുപോയി എന്നാണ് ആ ആടിനെ കുറിച്ച് ആലോചിച്ചു തനിക്ക് പറയാൻ താല്‍പര്യം. ഷൂട്ടിംഗ് സെറ്റിലുള്ള എല്ലാവരും ആട്ടിൻകുട്ടിയെ അത്രയധികം സ്നേഹിച്ചിരുന്നു (Aadujeevitham).
അതൊരു ആട്ടിൻകുട്ടി അല്ലായിരുന്നുവെങ്കിൽ ഉറപ്പായും ഞാൻ സോഷ്യൽ മീഡിയയിലൂടെ തന്‍റെ ദുഃഖം പങ്കുവച്ചേനെ. ആ ആട് ചിത്രത്തിലെ ഒരു മർമ്മപ്രധാനമായ കഥാപാത്രം കൂടിയാണ്. ബെന്യാമിന് ചെടികളോട് ആയിരുന്നു ആത്മബന്ധം എങ്കിൽ എനിക്ക് ആട്ടിൻകുട്ടിയോട് ആയിരുന്നു അടുപ്പം കൂടുതൽ'.
ആടുജീവിതത്തിന്‍റെ ചിത്രീകരണ കാലം മുഴുവൻ എല്ലാവർക്കും ഹൃദയ സ്‌പർശിയായ ധാരാളം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആട് ജീവിതത്തിനെടുത്ത ഫിസിക്കൽ ട്രാൻസ്‌ഫർമേഷൻ വർത്തമാന കാലത്തിൽ തനിക്ക് ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാക്കുന്നില്ല എന്ന് പൃഥ്വിരാജിന്‍റെ തുറന്നുപറച്ചിൽ.
പൃഥ്വിരാജ് പറയുന്നു..
'ആട് ജീവിതത്തിനെടുത്ത ഫിസിക്കൽ ട്രാൻസ്‌ഫർമേഷൻ കാരണം ഭാവിയിൽ തനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന് പറയാൻ ആകില്ല. അങ്ങനെ സംഭവിക്കാതിരിക്കട്ടെ. ഞാൻ ബോഡി ട്രാൻസ്‌ഫർമേഷൻ നടത്തുമ്പോഴും, ചിത്രീകരണ സമയത്തും ധാരാളം മെഡിക്കൽ സപ്പോർട്ടിന്‍റെ സഹായത്തോടുകൂടിയാണ് കാര്യങ്ങൾ ചെയ്‌തിരുന്നത്. എപ്പോഴും തന്നെ പരിശോധിക്കനൊരു ഡോക്‌ടർ കൂടെയുണ്ടായിരുന്നു (Prithviraj Sukumaran).
ഒരു മനുഷ്യന്‍റെ മൂന്നിലൊന്ന് ശരീരഭാരം കുറയ്ക്കുന്നത് അത്ര നല്ല കാര്യമൊന്നുമല്ല. ആടുജീവിതം സിനിമയുടെ ഭാഗമാകാൻ പോകുന്നു എന്ന് തീരുമാനിച്ചപ്പോൾ തന്നെ ഇത്തരത്തിൽ ശരീരത്തിന് മാറ്റങ്ങൾ വരുത്തേണ്ടി വരുമെന്ന് താൻ തിരിച്ചറിഞ്ഞിരുന്നു. ഈ സിനിമയിൽ അഭിനയിക്കണമെങ്കിൽ ഇത്തരമൊരു കാര്യം ചെയ്യേണ്ടതായുണ്ട്. അതിനു തയ്യാറായത് കൊണ്ട് മാത്രമാണ് ആടുജീവിതത്തിന് കൈ കൊടുക്കാൻ സാധിച്ചത്.
ഇത്തരമൊരു ശാരീരിക മാറ്റം കൊണ്ടുവന്നില്ലെങ്കിൽ ഈ കഥയോടും നജീബ് എന്ന കഥാപാത്രത്തോടും കാണിക്കുന്ന ആത്മനിന്ദയാകും. ശരീരഭാരം തനിക്ക് അപകടകരമായ വിധം കുറയ്ക്കാൻ സാധിക്കില്ല എന്ന് ഉറപ്പുണ്ടായിരുന്നുവെങ്കിൽ ഈ സിനിമ മറ്റൊരു നായകനിലേക്ക് പോകുമായിരുന്നു (Aadujeevitham).
ഈ ചിത്രത്തിനായി ഏതൊരു നടനും ഏതൊരു തരത്തിലുള്ള കഷ്‌ടപ്പാട് എടുക്കാനും തയ്യാറാകും. ആടുജീവിതത്തിലെ നജീബ് എന്‍റെ ഭാഗ്യമാണ്. പൃഥ്വിരാജ് എന്ന നടന്‍റെ മാക്‌സിമം പ്രകടനമാണ് ആടുജീവിതത്തിൽ കാണാനാവുക. ഇതിനപ്പുറത്തേക്ക് പൃഥ്വിരാജ് എന്ന നടൻ ഇല്ല എന്ന് വേണമെങ്കിൽ പറയാം.
ആടുജീവിതത്തിന്‍റെ പുസ്‌തക വായന കഴിഞ്ഞ ഉടനെ ഏതൊരു വ്യക്തിയും ആദ്യം തീരുമാനിക്കുക നജീബ് എന്ന മനുഷ്യനെ നേരിൽ കാണുക എന്നുള്ളതാണ്. സംവിധായകൻ നജീബുമായി കൃത്യമായി സംവദിക്കാറുണ്ടായിരുന്നു. പുസ്‌തകത്തിൽ എഴുതിവച്ചത് പോലെ ഒരിക്കലും ആടുജീവിതം ചിത്രീകരിക്കാൻ ആകില്ല. അതിന് ഒരുപാട് കാരണങ്ങളുണ്ട്. അപ്പോൾ നജീബ് എന്ന കഥാപാത്രത്തിന്‍റെ ഒരു സിനിമാറ്റിക് നരേറ്റീവ് ക്രിയേറ്റ് ചെയ്യുക എന്നുള്ളത് മാത്രമാണ് പോംവഴി. അത് ബ്ലെസ്സി എന്ന ഫിലിം മേക്കറിന്‍റെ മാത്രം ഉത്തരവാദിത്വം. അത്തരത്തിലൊരു ക്രിയേഷൻ സാധ്യമായാൽ അവിടെ ഒരു നജീബ് ഉണ്ടാകും. കഥാപാത്രമായ ആ നജീബിനെ കുറിച്ച് മാത്രം ചിന്തിക്കാം. യഥാർത്ഥ വ്യക്തിയെ ഒരല്‍പം മാറ്റിനിർത്തുകയും ചെയ്യാം(The Goat Life).
താൻ യഥാർത്ഥ നജീബിനെ ആദ്യമായി കാണുന്നതും അല്ല, സംസാരിക്കുന്നതും ആടുജീവിതത്തിന്‍റെ അവസാന ഷോട്ടും എടുത്തതിനുശേഷം മാത്രമാണ്. ഞാൻ നജീബിനെ മീറ്റ് ചെയ്യുന്നതും സംസാരിക്കുന്നതും ഒക്കെ ഒരു ഡോക്യുമെന്‍റേഷൻ ഫയലായി പ്രേക്ഷകർക്ക് മുന്നിൽ ഉടൻ എത്തും. ആ ചർച്ചയിൽ എന്‍റെ കഥാപാത്രം പൂർണമായും നജീബ് എന്ന വ്യക്തിയിൽ അധിഷ്‌ഠിതമായിരിക്കുന്നു എന്ന വസ്‌തുത ഞാന്‍ മനസ്സിലാക്കി'.
ബെന്യാമിന്‍റെ അതിപ്രശസ്‌തമായ 'ആടുജീവിതം' എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്‌ത സിനിമയാണിത്. ചിത്രത്തിൽ നജീബ് എന്ന നായക കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബായി മാറുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിച്ചിരുന്നു.
2008ലായിരുന്നു ബ്ലെസി ഈ ചിത്രത്തിന്‍റെ പ്രാരംഭ വർക്കുകൾ ആരംഭിച്ചത്. വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്ക് ഒടുവിൽ 2018ലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഒടുക്കം കഴിഞ്ഞ വർഷം ജൂലൈ 14ന് പൂർത്തിയായി (Prithviraj Sukumaran). പത്ത് വർഷം കാത്തിരുന്നാണ് ചലച്ചിത്ര സംവിധായകന്‍ ബ്ലെസിയും നടൻ പൃഥ്വിരാജ് സുകുമാരനും ആടുജീവിതം പൂർത്തിയാക്കിയത്. ചിത്രത്തിന്‍റെ ഭൂരിഭാഗവും ഷൂട്ട് ചെയ്‌തത് ജോർദാനിലായിരുന്നു.
പൃഥ്വിരാജിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമ കൂടിയാണ് 'ആടുജീവിതം'. എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്‌ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ അമല പോളാണ് നായികയായി എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്‌ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. വിഷ്വൽ റൊമാൻസിന്‍റെ ബാനറിൽ എത്തുന്ന ചിത്രം മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും പ്രേക്ഷകർക്ക് മുന്നിൽ എത്തും.