കേരളം

kerala

ETV Bharat / entertainment

വയനാട്ടിലെ സ്വർണ്ണശേഖരം, 19-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഗവൺമെന്‍റ് പരാജയപ്പെട്ട് പിന്‍മാറിയ ഖനനത്തിന്‍റെ കഥ; ചരിത്രപുസ്‌തകം തരിയോട് ശ്രദ്ധ നേടുന്നു - HISTORICAL BOOK THARIODE

നിർമ്മൽ ബേബി വർഗീസിന്‍റെ തരിയോട് എന്ന ചരിത്ര പുസ്‌തകം ശ്രദ്ധ നേടുന്നു. ചാലിയാർ പുഴയിലൂടെ ഒഴുകിവരുന്ന സ്വർണ തരികൾ അരിച്ചെടുക്കുന്ന തദ്ദേശവാസികളുടെ പ്രവർത്തിക്ക് നൂറിലധികം വർഷങ്ങളുടെ പാരമ്പര്യമുണ്ട്.

WAYANAD GOLD MINING  NIRMAL BABY VARGHESE  തരിയോട്  നിർമ്മൽ ബേബി വർഗീസ്
Wayanad Gold mining (ETV Bharat)

By ETV Bharat Entertainment Team

Published : Nov 11, 2024, 12:55 PM IST

പത്തൊമ്പതാം നൂറ്റാണ്ടിൽ വയനാട്ടിൽ ബ്രിട്ടീഷ് സർക്കാർ നടത്തിയ സ്വർണ്ണഖനത്തിന്‍റെ കഥ പറയുകയാണ് നിർമ്മൽ ബേബി വർഗീസ് പുറത്തിറക്കിയ ചരിത്ര പുസ്‌തകം 'തരിയോട്'. സംഭവത്തെ ആസ്‌പദമാക്കി 'തരിയോട്' എന്ന പേരിൽ ഒരു ഡോക്യുമെന്‍ററിയും അദ്ദേഹം പുറത്തിറക്കിയിരുന്നു.

ചാലിയാർ പുഴയുടെ തീരങ്ങളിൽ ഒഴുകിവരുന്ന സ്വർണ്ണ തരികളെ ശേഖരിക്കുന്ന പ്രവർത്തി ഇന്നും തദ്ദേശവാസികൾ തുടര്‍ന്ന് വരുന്നു. ഒരുപാട് കുടുംബങ്ങൾക്ക് അന്നം നൽകുന്ന പ്രക്രിയയാണ് ചാലിയാർ പുഴയിലൂടെ ഒഴുകിവരുന്ന സ്വർണത്തരികൾ. അഞ്ചാറ് മണിക്കൂർ മണൽ അരിച്ചാൽ ലഭിക്കുന്നത് ഒരു ഗ്രാമിൽ താഴെ പോലും ഭാരമില്ലാത്ത സ്വർണത്തരികളാകും.

ദിവസങ്ങളോളം ആഴ്‌ച്ചകളോളം മാസങ്ങളോളം പണിയെടുത്താലാണ് ഒരു കുടുംബത്തിന് ജീവിക്കാൻ ആവശ്യമായ അളവിൽ സ്വർണ്ണത്തരികൾ ശേഖരിച്ച് എടുക്കാനാവുക. മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ ഈ സംഭവം കേരളത്തിലെ ചരിത്ര പുസ്‌തകങ്ങളിൽ അധികം പേജുകളിൽ എഴുതിച്ചേർക്കാത്ത കഴിഞ്ഞ കാലത്തിന്‍റെ ചില ഏടുകളാണ്.

പത്തൊമ്പതാം നൂറ്റാണ്ടിൽ അതായത് 1880കളുടെ തുടക്കത്തിൽ ബ്രിട്ടീഷ് ഗവൺമെന്‍റ് ചാലിയാർ പുഴയിലൂടെ ഒഴുകിവരുന്ന സ്വർണ തരികളെ കുറിച്ച് മനസ്സിലാക്കിയിരുന്നു. ചാലിയാർ പുഴയിൽ ഇത്രയധികം സ്വർണ നിക്ഷേപം എവിടെ നിന്ന് വരുന്നു എന്ന അന്വേഷണം ചെന്നെത്തിയത് വയനാട്ടിലായിരുന്നു. വയനാട്ടിലെ മേൽപാടി, തരിയോട്, നീലഗിരി, തലപ്പുഴ ഭാഗങ്ങളിലെ മണ്ണിനടിയിൽ വലിയ സ്വർണശേഖരമുണ്ടെന്ന് ബ്രിട്ടീഷ് ഗവൺമെന്‍റ് മനസ്സിലാക്കി.

ഭാരതത്തിൽ നിന്ന് ട്രില്യൻ കണക്കിന് സ്വർണ്ണവും വചനങ്ങളും സ്വരാജ്യത്തേക്ക് കടത്തിയ ബ്രിട്ടീഷ് ഗവൺമെന്‍റ് വയനാട്ടിലെ മണ്ണിനടിയിലെ സ്വർണ്ണനിക്ഷേപങ്ങളും കൈക്കലാക്കാൻ പദ്ധതിയിട്ടു. എന്നാൽ അത്തരം ഒരു പ്രവർത്തി വയനാടിന്‍റെ വികസനത്തിന്‍റെ മൂല കാരണങ്ങളിൽ ഒന്നായി മാറുകയായിരുന്നു.

ചാലിയാർ പുഴയിൽ സ്വർണ്ണ തരികൾ അരിച്ചെടുക്കുന്ന തദ്ദേശവാസികളുടെ പ്രവർത്തിക്ക് നൂറിലധികം വർഷങ്ങളുടെ പാരമ്പര്യമുണ്ട്. മേൽപ്പറഞ്ഞ വയനാട്ടിലെ പല ഭാഗങ്ങളിൽ നിന്നും തദ്ദേശവാസികളായ ട്രൈബൽ വിഭാഗങ്ങൾ സ്വർണ്ണ നിക്ഷേപം കുഴിച്ചെടുത്തിരുന്നു. 12 ഓളം ബ്രിട്ടീഷ് കമ്പനികളാണ് അക്കാലത്ത് വയനാട്ടിൽ എത്തിച്ചേർന്നത്.

വനാന്തരീക്ഷത്തിൽ പുറംലോകവുമായി യാതൊരു ബന്ധവും ഇല്ലാതിരുന്ന വയനാടിന് പുതുജന്‍മം നൽകാൻ ഇത്തരമൊരു പ്രവർത്തി കാരണമായി. വാഹനങ്ങൾ കടന്നു വരാൻ റോഡുകൾ നിർമ്മിക്കപ്പെട്ടു. കേരളത്തിലെ ആദ്യ നോൺ റെക്കോർഡിക്കൽ ബാങ്കിംഗ് സ്ഥാപനങ്ങൾ സ്വർണ്ണ ഖനനത്തിന്‍റെ അടിസ്ഥാനത്തിൽ വയനാട്ടിൽ അക്കാലത്ത് നിലവിൽ വന്നു.

ധാരാളം തൊഴിലാളികൾ വയനാട്ടിലേക്ക് എത്തിച്ചേര്‍ന്നു. പ്രഫഷണൽ ഗോൾഡ് സ്‌മിത്ത് വിഭാഗം വയനാട്ടിലേക്ക് ചേക്കേറുന്നതും ഈ സ്വർണഖനനത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു. കോടിക്കണക്കിന് രൂപ മൂല്യം വരുന്ന സ്വർണ്ണ നിക്ഷേപം കുഴിച്ചെടുത്തു എന്നാണ് കണക്കുകള്‍.

എന്നാൽ കാലക്രമത്തിൽ ഈ പ്രക്രിയയ്ക്ക് ചിലവാകുന്ന തുകയ്ക്ക് അനുസരിച്ചുള്ള സ്വർണ്ണ നിക്ഷേപം കണ്ടെത്താൻ സാധിക്കാത്തതിനാൽ ബ്രിട്ടീഷ് ഗവൺമെന്‍റ് പദ്ധതി ഉപേക്ഷിച്ചു. എന്നാൽ ഇപ്പോഴും വയനാടിന്‍റെ മണ്ണിനടിയിൽ ട്രില്യൻ ഡോളർ വിലമതിക്കുന്ന സ്വർണ നിക്ഷേപം ഉണ്ടെന്നാണ് പഠനങ്ങൾ വെളിവാക്കുന്നത്.

Wayanad Gold mining (ETV Bharat)

ഗാഡ്‌ഗില്‍ റിപ്പോർട്ട് പ്രകാരം, പരിസ്ഥിതി ലോല പ്രദേശമായതിനാല്‍ പല സ്വർണ്ണ നിക്ഷേപമുള്ള പ്രദേശങ്ങളും വനംവകുപ്പിന്‍റെ കീഴിൽ ആയതിനാല്‍ സ്വർണ്ണഖനനത്തിന് ഇപ്പോൾ വിലക്കുണ്ട്. ബ്രിട്ടീഷ് സർക്കാർ തരിയോട് ഭാഗങ്ങളിൽ നടത്തിയ സ്വർണ്ണ ഖനനത്തിന്‍റെ വിശദമായ വിവരണമാണ് നിർമ്മൽ ബേബി വർഗീസ് പുസ്‌തക രൂപത്തിലും ഡോക്യുമെന്‍ററി രൂപത്തിലും പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്.

ഏകദേശം 2010 കാലഘട്ടത്തിലാണ് നിർമ്മലിന് ഈ സംഭവത്തെ കുറിച്ചുള്ള ആദ്യ വിവരങ്ങൾ ലഭിക്കുന്നത്. വയനാട്ടിലെ സ്വർണ്ണനിക്ഷേപത്തെ കുറിച്ച് പിതാവാണ് നിർമ്മലിനോട് ആദ്യം സംസാരിക്കുന്നത്. വയനാട് സ്വദേശിയാണ് നിർമ്മൽ. ചരിത്ര വിദ്യാർഥി ആയത് കൊണ്ട് തന്നെ വയനാട്ടിലെ സ്വർണ്ണഖനനത്തെ കുറിച്ച് കൂടുതൽ പഠിക്കാൻ തീരുമാനിച്ചു. അവസാന വര്‍ഷ പ്രോജക്‌ടിനായി ഈ വിഷയം തിരഞ്ഞെടുക്കുകയും ചെയ്‌തു.

ശേഷം ജിയോളജിക്കൽ വകുപ്പുമായും മറ്റു സർക്കാർ സംവിധാനങ്ങളുമായും നിർമ്മൽ നിരന്തരം വിവരശേഖരണം നടത്തി. ഒരുപാട് ആളുകളോട് സംസാരിച്ചു. ഒടുവിൽ 2019ലാണ് താൻ ശേഖരിച്ച വിവരങ്ങൾ ഡോക്യുമെന്‍ററി രൂപത്തിൽ ജനങ്ങളിലേയ്‌ക്ക് എത്തിക്കാൻ നിർമ്മൽ തീരുമാനിക്കുന്നത്.

നിർമ്മൽ ഡോക്യുമെന്‍ററി പൂർത്തിയാക്കാൻ രണ്ട് വർഷമെടുത്തു. ഡോക്യുമെന്‍ററി പല ഇന്‍റര്‍നാഷണൽ ഫെസ്‌റ്റിവലുകളിലും ശ്രദ്ധിക്കപ്പെട്ടു. ഇതോടെ വയനാട്ടിൽ ബ്രിട്ടീഷ് ഗവൺമെന്‍റ് നടത്തിയ സ്വർണ്ണഖനനത്തെ കുറിച്ചറിയാൻ നിരവധി പേർ നിർമ്മലുമായി ബന്ധപ്പെട്ടു. എല്ലാവരോടും വിശദമായി മറുപടി പറയാൻ സാധിക്കാത്തതിനാലാണ് ഡോക്യുമെന്‍ററിയെ പുസ്‌തകരൂപത്തിൽ പബ്ലിഷ് ചെയ്യാൻ നിര്‍മ്മല്‍ തീരുമാനിച്ചത്.

'തരിയോട് ഹിസ്‌റ്ററി ആൻഡ് പ്രോസ്പെക്‌ടസ് ഓഫ് വയനാട്‌ ഗോൾഡ് ഫ്രഷ്'എന്നാണ് പുസ്‌തകത്തിന്‍റെ പേര്. 100 രൂപ വിലയുള്ള പുസ്‌തകം ആമസോണ്‍ പ്രൈമില്‍ ലഭ്യമാണ്. പുസ്‌തകം ഓൺലൈൻ രൂപത്തിലും വായിക്കാന്‍ സാധിക്കും.

അതേസമയം പുസ്‌തക രൂപത്തിനും ഡോക്യുമെന്‍ററി രൂപത്തിനും മുൻപ് നിർമ്മൽ ഈ സംഭവവികാസങ്ങൾ ഒരു സിനിമയാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ പ്രായോഗികമായ ചില ബുദ്ധിമുട്ടുകൾ നേരിട്ടതിനാല്‍ സിനിമ വൈകി.

മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടേജ് ജോണറിൽ പെട്ട 'വഴിയെ' എന്ന ചിത്രം സംവിധാനം ചെയ്‌ത് ശ്രദ്ധേയനായ വ്യക്‌തിയാണ് നിർമ്മൽ. നിർമ്മൽ സംവിധാനം ചെയ്‌ത 'ഡ്രഡ്‌ഫുൾ ചാപ്‌റ്റേഴ്‌സ്‌' എന്ന ടൈം ലൂപ് ജോണറിലുള്ള ചിത്രം അടുത്തിടെ ആമസോൺ പ്രൈമിലും ബുക്മൈഷോ സ്ട്രീമിംഗ് ആപ്പിലും പ്രദർശനം ആരംഭിച്ചിട്ടുണ്ട്. വിദേശത്ത് അടക്കമുള്ള നിരവധി ഫിലിം ഫെസ്‌റ്റിവലുകളിൽ മികച്ച ചിത്രം, മികച്ച നടൻ എന്നീ വിഭാഗങ്ങൾക്ക് ഡ്രഡ്‌ഫുൾ ചാപ്‌റ്റേഴ്‌സ്‌ അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.

Also Read: മൃതദേഹം കണ്ടെത്തിയത് 3 ദിവസത്തിന് ശേഷം, പട്ടാള ഉദ്യോഗസ്ഥരുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍; വാഴ്ത്തപ്പെടണം മോഹിത് ശർമയെ

ABOUT THE AUTHOR

...view details