ചലച്ചിത്രതാരം സ്വരഭാസ്‌കറും ഫുഡ് ബ്ലോഗര്‍ നളിനി ഉനഗറും തമ്മിലുള്ള സാമൂഹ്യമാധ്യമ വാക്‌പോര് അതിര് കടക്കുന്നു. സ്വര , താന്‍ നേരത്തെയിട്ട പോസ്റ്റിനെ വര്‍ഗീയമാക്കി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് നളിനി രംഗത്ത് എത്തിയതോടെയാണ് പ്രശ്‌നം ഇപ്പോള്‍ കൂടുതല്‍ വഷളായിരിക്കുന്നത്. താന്‍ നല്ല അര്‍ത്ഥത്തിലാണ് കാര്യങ്ങളെ കാണുന്നത്. എന്നാല്‍ നിങ്ങള്‍ ഇവിടെ വിദ്വേഷം പ്രചരിപ്പിക്കാന്‍ നോക്കുന്നെന്ന് നളിനി കുറ്റപ്പെടുത്തി.
സസ്യാഹാര രീതിയെക്കുറിച്ചുള്ള നളിനിയുടെ ഈ കുറിപ്പിന് പിന്നാലെയാണ് വിവാദം തുടങ്ങിയത്. നിങ്ങളുടെ പരാമര്‍ശം ഇതിനെ വര്‍ഗീയ പ്രശ്‌നമാക്കി മാറ്റി. തനിക്ക് അന്ന് പ്രതികരിക്കാനായില്ല. നിങ്ങളുടെ ഭക്ഷണ താത്പര്യങ്ങള്‍ നിങ്ങളുടേത് മാത്രമാണ്. തനിക്ക് അതില്‍ യാതൊരു പ്രശ്‌നവുമില്ല. സസ്യാഹാര രീതിയെ പ്രോത്സാഹിപ്പിക്കാന്‍ തനിക്ക് യാതൊരു തടസവുമില്ല. അതേ ഞാന്‍ സസ്യാഹാരിയാണ്. ഇത് ചിലപ്പോള്‍ നിങ്ങള്‍ക്ക് ക്രൂരതയായേക്കാം. സസ്യാഹാരി ആയതില്‍ തനിക്ക് അഭിമാനമുണ്ടെന്നും നളിനി എക്‌സില്‍ കുറിച്ചു.
നിങ്ങള്‍ എന്‍റെ പോസ്‌റ്റിനെ വര്‍ഗീയമാക്കി ചിത്രീകരിക്കുമ്പോള്‍ വലിയ ആരാധകരുള്ള നിങ്ങള്‍ രണ്ട് തവണ ചിന്തിക്കേണ്ടിയിരുന്നു. നിങ്ങളുടെ വാക്കുകള്‍ സമൂഹത്തെ സ്വാധീനിക്കും. അത് എന്നെ പോലുള്ളവര്‍ക്ക് ബുദ്ധിമുട്ടുകളും സൃഷ്‌ടിക്കും. നിങ്ങളുടെ ചിത്രങ്ങള്‍ പോസ്‌റ്റ് ചെയ്‌തത് എന്‍റെ തെറ്റാണ്. അത് ഉടന്‍ ഡിലീറ്റ് ചെയ്യും. നിങ്ങളുടെ തെറ്റ് നിങ്ങളും സമ്മതിച്ച് എനിക്കെതിരെയുള്ള വിദ്വേഷ പ്രചാരണം ഡിലീറ്റ് ചെയ്യണം. സുപ്രഭാതം ആശംസിക്കുന്നു. പ്രഭാത ഭക്ഷണം ആസ്വദിക്കൂ എന്ന് പറഞ്ഞ് കൊണ്ടാണ് നളിനി തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
എന്നാല്‍ ഈ കുറിപ്പിനെതിരെയും ആഞ്ഞടിച്ച് സ്വര രംഗത്തെത്തി. നളിനി വീണ്ടും ബോഡി ഷെയിമിങ്ങാണ് നടത്തിയിരിക്കുന്നത് എന്ന ആക്ഷേപം സ്വര ഉയര്‍ത്തി. സസ്യാഹാര രീതിയെ തള്ളിപ്പറയുകയും ചെയ്‌തു. നിങ്ങളുടെ സസ്യാഹാര പോസ്‌റ്റ് തീര്‍ച്ചയായും ബക്രീദിനോട് അനുബന്ധിച്ചായിരുന്നു. ഇത് മുസ്‌ലിങ്ങളെ ലക്ഷ്യമിട്ടാണെന്നും സ്വര ആരോപിച്ചു. എന്‍റെ വെജിറ്റേറിയനിസം പോസ്‌റ്റിനോട് പ്രതികരിക്കേണ്ടതിന് പകരം മുലയൂട്ടുന്ന അമ്മയുടെ ശരീരഭാരത്തെയാണ് നിങ്ങള്‍ ലക്ഷ്യമിട്ടത്. നിങ്ങള്‍ ഒരു പോഷകാഹാര വിദഗ്‌ധയാണോയെന്നും സ്വര ചോദിക്കുന്നു.