മദിരാശിയുടെ തെരുവുകൾ ദക്ഷിണേന്ത്യൻ ചലച്ചിത്ര ലോകത്തിന്‍റെ കഴിഞ്ഞകാല സുഗന്ധം പേറുന്നുണ്ട്. ദക്ഷിണേന്ത്യൻ സിനിമയുടെ ഈറ്റില്ലമായ കോടമ്പക്കത്തിന് ഇന്നൊരുപക്ഷേ കൂറ്റൻ ബഹുനില കെട്ടിടങ്ങളുടെയും ആധുനികതയുടെയും മുഖച്ചാർത്താകും. സിനിമാമോഹവുമായി ആ തെരുവീഥികളിൽ അത്രപേർ അലഞ്ഞിട്ടുണ്ടാകുമല്ലേ!
ഇന്ന് ചെന്നൈ നഗരത്തിൽ ഒരു ദിവസം സിനിമയ്‌ക്കായി എത്ര ഓഡിഷനുകൾ നടക്കുന്നുണ്ടാകും, എത്ര അഭിനയ കളരികൾ സംഘടിപ്പിക്കുന്നുണ്ടാവും എന്നത് കണക്ക് കൂട്ടുക പ്രയാസമാകും. ഇതിനിടയിൽ വ്യാജൻമാരും ഉണ്ടായേക്കും. അഭിനയ കളരികളിലേക്ക് കടന്നുചെല്ലുമ്പോൾ നമ്മൾ ട്യൂട്ടറിൽ നിന്നും കേൾക്കുന്ന ഒരു പ്രയോഗമുണ്ട്.
'എന്താ സൂര്യ നീ ഉറങ്ങുകയാണോ' എന്നതാണത്. തമിഴിൽ പറഞ്ഞാൽ 'എന്നാടാ സൂര്യ നീ തൂങ്കിറിയാ' എന്നും. എന്താവും ഈ പ്രയോഗത്തിന് പിന്നിലെ കഥയെന്നല്ലേ. ഇതിന്‍റെ വേരുകൾ അന്വേഷിച്ച് പോയാൽ നമ്മൾ എത്തിച്ചേരുക വർഷങ്ങൾക്ക് മുൻപുള്ള നടൻ സൂര്യയുടെ ഒരു ടെലിവിഷൻ അഭിമുഖത്തിന്‍റെ ശകലങ്ങളിലാവും. സൂര്യ തമിഴിലെ ഒരു മുൻനിര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്ന, തന്‍റെ സിനിമ കരിയറിലെ നിർണായകമായ ഒരു സംഭവത്തെകുറിച്ചുള്ള ഓർമകളിലാണ് ഈ പ്രയോഗം ചുറ്റിപ്പിണഞ്ഞ് കിടക്കുന്നത്.
തെന്നിന്ത്യയുടെ തന്നെ ഹരമായി മാറിയ നടനാണ് തമിഴകത്തിന്‍റെ അഭിമാന താരമായ സൂര്യ. 'നടിപ്പിൻ നായകനെ'ന്ന് ആരാധകർ സ്‌നേഹപൂർവം വിളിക്കുന്ന താരത്തിന്‍റെ സിനിമാ യാത്ര അത്ര എളുപ്പമായിരുന്നില്ല. ഇക്കാര്യം സൂര്യ തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്.
വിമർശനങ്ങൾ ഏറ്റുവാങ്ങിയായിരുന്നു സൂര്യയുടെ തുടക്കം. ഡാൻസ് അറിയില്ല, ഫൈറ്റ് ചെയ്യാൻ വശമില്ല, നടപ്പും ചിരിയും ഭംഗിയില്ല എന്നിങ്ങനെ സിനിമാലോകത്തേക്ക് ഒരുപാട് സ്വപ്‌നങ്ങളുമായി എത്തിയ ഒരു പുതുമുഖ നടൻ നേരിട്ട വിമർശനങ്ങൾ ചെറുതൊന്നുമായിരുന്നില്ല. സൂര്യയുടെ അച്ഛൻ ശിവകുമാർ 70കളിലെ തമിഴ് സിനിമയുടെ മുടിചൂടാമന്നനായിരുന്നു. എന്നാൽ ആ വിലാസം മാത്രം മതിയായിരുന്നില്ല സൂര്യയ്‌ക്ക് സിനിമയുടെ വാതിലുകൾ എളുപ്പം തുറന്നു കിട്ടാൻ.
പ്രകടനം കൊണ്ടും സിനിമയുടെ നിലവാരമില്ലായ്‌മ കൊണ്ടും സൂര്യയുടെ ആദ്യ ചിത്രങ്ങൾ തികച്ചും പരാജയമായിരുന്നു. അച്ഛൻ ഉണ്ടാക്കിയ പേരും പ്രശസ്‌തിയും മകനിലൂടെ നഷ്‌ടപ്പെടുമോ എന്നുള്ള ഭയം, കുറ്റപ്പെടുത്തലുകൾ, ഒരുപക്ഷേ അധികം വൈകാതെ സിനിമ കരിയർ അവസാനിക്കും... അങ്ങനെ കലുഷിതമായിരുന്നു സൂര്യയുടെ തുടക്കകാലം.