നീണ്ട കാത്തിരിപ്പിനൊടുവില്‍ ജൂനിയര്‍ എന്‍ടിആറിന്‍റെ തെലുഗു ചിത്രം 'ദേവര' തിയേറ്ററുകളില്‍ എത്തി. കൊരട്ടാല ശിവ സംവിധാനം ചെയ്‌ത ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ജാൻവി കപൂർ നായികയായും, സെയ്‌ഫ് അലി ഖാൻ പ്രതിനായകനായുമാണ് എത്തിയത്.
'ദേവര'യുടെ റിലീസ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. ആദ്യ ഷോ കഴിയുമ്പോള്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. 'ദേവര' ഒരു വന്‍ ഹിറ്റാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇപ്പോഴിതാ പ്രദര്‍ശന ദിനം തന്നെ 'ദേവര' കാണാന്‍ തിയേറ്ററില്‍ എത്തിയിരിക്കുകയാണ് എസ്.എസ് രാജമൗലി. 'ദേവര' ആദ്യ ദിനത്തെ ആദ്യ ഷോ കാണാന്‍ ഹൈദരാബാദിലെ ഒരു തിയേറ്ററിലാണ് രൗജമൗലി എത്തിയത്.
തിയേറ്ററില്‍ എത്തിയ രാജമൗലിയെ പാപ്പരാസികള്‍ അവരുടെ ക്യാമറകളില്‍ പകര്‍ത്തി. ബീജ് ഷർട്ടും കറുത്ത പാന്‍റ്‌സും ധരിച്ച് 'ദേവര' കാണാനെത്തിയ രാജമൗലിയുടെ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കൈ വീശി പുഞ്ചിരി തൂകിയാണ് തിയേറ്ററില്‍ ഉള്ളവരെ രാജമൗലി വരവേറ്റത്.
വലിയ പ്രതീക്ഷകളോടെയാണ് 'ദേവര' റിലീസിനെത്തിയിരിക്കുന്നത്. താരനിബിഡമായ അഭിനേതാക്കളാല്‍ മാത്രമല്ല, 'ആര്‍ആര്‍ആര്‍' (2022) എന്ന റെക്കോർഡ് വിജയത്തിന് ശേഷമുള്ള ജൂനിയർ എൻടിആറിൻ്റെ ആദ്യ ചിത്രം എന്ന നിലയിലും 'ദേവര'യെ അടയാളപ്പെടുത്തുന്നു.
എസ്.എസ് രാജമൗലി സംവിധാനം ചെയ്‌ത 'ആര്‍ആര്‍ആര്‍' ആഗോളതലത്തിൽ 1,230 കോടി രൂപയാണ് കളക്‌ട് ചെയ്‌തത്. ഗോൾഡൻ ഗ്ലോബ്, ഓസ്‌കര്‍ അവാർഡ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര അംഗീകാരങ്ങളും 'ആര്‍ആര്‍ആറി'ന് ലഭിച്ചിരുന്നു.
'ദേവര'യുടെ റിലീസ് വേളയില്‍, ചിത്രം 'രാജമൗലി ശാപ'ത്തില്‍ നിന്നും രക്ഷപ്പെടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആരാധകര്‍ മാത്രമല്ല, ഇൻഡസ്‌ട്രിയിലുള്ളവരും ആകാംക്ഷയിലാണ്.
ടോളിവുഡിലെ ട്രെൻഡ് അനുസരിച്ച്, രാജമൗലിക്കൊപ്പം ബ്ലോക്ക്ബസ്‌റ്റർ ഹിറ്റുകൾ നൽകുന്ന അഭിനേതാക്കൾ, അവരുടെ അടുത്ത സിനിമകളിൽ വലിയ ബോക്‌സ് ഓഫീസ് പരാജയങ്ങൾ അനുഭവിക്കാറുണ്ട്. പ്രഭാസും, രാം ചരണും, എന്തിനേറെ പറയുന്നു ചെറിയ റോള്‍ ചെയ്‌ത അജയ് ദേവ്‌ഗണ്‍ വരെ ഈ ശാപത്തിന് ഇരയായിട്ടുണ്ട്. ഈ ശാപം ജൂനിയര്‍ എന്‍ടിആറിനെയും പിടികൂടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Also Read: 'ദേവര പാര്‍ട്ട് 1':സഹോദരന് ആശംസയുമായി രാംചരണ്‍ - Ram Charan Wishes to Jr NTR Devara