തിരുവനന്തപുരം: ഗായകൻ സൂരജ് സന്തോഷ് (Sooraj Santhosh) രാജിക്കത്ത് നൽകിയിട്ടില്ലെന്ന് ഗായകരുടെ സംഘടനയായ സമം (സിംഗേഴ്‌സ് അസോസിയേഷൻ ഓഫ് മലയാളം മൂവീസ്/Singers Association Samam). സൂരജിൻ്റേത് ചെറിയ പിണക്കമാണെന്ന് വിജയ് യേശുദാസ് പറഞ്ഞു. പിണക്കം മാറ്റും. കുടുംബത്തിനുള്ളിലെ പ്രശ്‌നമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇത് തൊഴിലാളി സംഘടനയല്ല, വ്യക്തിപരമായി രാഷ്ട്രീയമുണ്ട്, സമം എന്ന സംഘടനയ്ക്ക് രാഷ്ട്രീയമില്ലെന്ന് കെ എസ് സുധീപ് കുമാർ പറഞ്ഞു. രണ്ട് പേരെയും പിന്തുണച്ചില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
വികാരത്തിന്‍റെ പുറത്ത് പറഞ്ഞതാണ്. സൂരജ് ഇനിയുള്ള പരിപാടിയുടെ ഭാഗമാകും. മാറ്റി നിർത്തില്ലെന്നും സമം വ്യക്തമാക്കി. രാമക്ഷേത്ര പ്രതിഷ്‌ഠ ദിനത്തിൽ എല്ലാവരും വീടുകളിൽ വിളക്ക് തെളിക്കണമെന്നും രാമമന്ത്രം ജപിക്കണമെന്നുമുള്ള ചിത്രയുടെ വാക്കുകളിൽ ചിത്രയെപ്പോലെയുള്ള കപടമുഖങ്ങൾ ഇനിയും അഴിഞ്ഞുവീഴാനുണ്ടെന്നും എത്ര ചിത്രമാർ തനിസ്വരൂപം കാട്ടാനിരിക്കുന്നുവെന്നും സൂരജ് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ വ്യാപകമായ സൈബർ അക്രമണവും നേരിട്ടിരുന്നു. തുടർന്നാണ് തന്നെ പിന്തുണച്ചില്ലെന്ന് ആരോപിച്ച് സംഘടനയിൽ നിന്നും രാജിവക്കുന്നതായി അറിയിച്ചത്.