തൃശൂര്‍: ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. തൃശൂർ അമല ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു ജയചന്ദ്രന്‍.
നാളെ (വെള്ളിയാഴ്‌ച) രാവിലെ എട്ടിന് പൂങ്കുന്നം തറവാട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. 10 മണിക്ക് സംഗീത നാടക അക്കാദമിയുടെ റീജണൽ തീയറ്ററിലും പൊതുദര്‍ശനമുണ്ടാകും. ഉച്ചയ്ക്ക് 12 മണി വരെ ഇവിടെ തുടരും. ശേഷം പൂങ്കുന്നത്തെ വീട്ടിലേക്ക് കൊണ്ടുപോകും.
ശനിയാഴ്‌ച രാവിലെ എട്ട് മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ നിന്ന് ചേന്ദമംഗലത്തേക്ക് മൃതദേഹം കൊണ്ടു പോകും. ചേന്ദമംഗലം പാലിയത്ത് തറവാട്ടിൽ വൈകിട്ട് 3.30ന് സംസ്‌കാര ചടങ്ങുകള്‍ നടത്തും. മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട് പി ജയചന്ദ്രന്‍. 5 തവണ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം നേടി.
പി ജയചന്ദ്രന് വിട (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2021ല്‍ ജെ സി ഡാനിയേൽ പുരസ്‌കാരം ലഭിച്ചു. കേരളത്തിലെ സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ 1944 മാർച്ച് മൂന്നിനായിരുന്നു പി ജയചന്ദ്രൻ ജനിച്ചത്. തൃശ്ശൂർ ഇരിങ്ങാലക്കുടയാണ് ജന്മസ്ഥലം. സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ മൃദംഗ വാദ്യത്തിലും ലളിത സംഗീതത്തിലും പി ജയചന്ദ്രൻ അഗ്രഗണ്യൻ ആയിരുന്നു. 1965ൽ പുറത്തിറങ്ങിയ കുഞ്ഞാലിമരക്കാർ എന്ന ചിത്രത്തിലെ ഒരു മുല്ലപ്പൂ മാലയുമായി എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ് പി ജയചന്ദ്രൻ പിന്നണി ഗായക രംഗത്തേക്ക് വരുന്നത്.
കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും ആദ്യം പുറത്തു വന്നത് കളിത്തോഴന്‍ എന്ന ചിത്രത്തിന് വേണ്ടി പാടിയ 'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, ധനു മാസ ചന്ദ്രിക വന്നു' എന്നു തുടങ്ങുന്ന ഗാനമാണ്. തുടർന്ന് നീണ്ട 59 വർഷങ്ങൾ മലയാള സംഗീത ശാഖയുടെ അഭിവാജ്യ ഘടകമായി. ദേവരാജൻ, ദക്ഷിണാമൂർത്തി,പി ഭാസ്‌കരൻ, ശ്രീകുമാരൻ തമ്പി, ബാബുരാജ് ഇളയരാജ, എം എസ് വി, എ ആർ റഹ്മാൻ തുടങ്ങിയ വിഖ്യാത സംഗീതജ്ഞർക്കൊപ്പം പ്രവർത്തിച്ചു.
വേറിട്ട ഗാനാലാപന ശൈലിയിലൂടെ മലയാളത്തിന്‍റെ സ്വന്തം ഭാവഗായകനായി. മലയാളം, തമിഴ്, തെലുഗു തുടങ്ങിയ ഭാഷകളിലായി 15000ത്തിൽ അധികം ഗാനങ്ങൾ പി ജയചന്ദ്രൻ ആലപിച്ചിട്ടുണ്ട്. ഗാനഗന്ധർവനായ യേശുദാസിന്‍റെ പ്രതിഭാ ബലത്തിന് മുന്നിൽ ഒരിക്കലും പി ജയചന്ദ്രന്‍റെ ശോഭ ഒളി മങ്ങിയിട്ടില്ല. മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരം ഒരു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാല് തവണയും പി ജയചന്ദ്രൻ നേടിയിട്ടുണ്ട്.