കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്‌തത്. ചരിത്ര നിമിഷത്തിൽ മോദിയ്‌ക്ക് അഭിനന്ദനങ്ങളും ആശംസകളുമായി ചലച്ചിത്ര ലോകത്തെ നിരവധി സെലിബ്രിറ്റികളും രാഷ്‌ട്രപതി ഭവനിൽ എത്തിച്ചേർന്നിരുന്നു. രജനികാന്ത്, ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, വിക്രാന്ത് മാസി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
രാഷ്‌ട്രപതി ഭവനിൽ വച്ച് പരസ്‌പരം ആലിംഗനം ചെയ്യുന്ന ഷാരൂഖ് ഖാന്‍റെയും അക്ഷയ് കുമാറിന്‍റെയും വീഡിയോയും ഫോട്ടോകളുമാണ് ഇപ്പോൾ സൈബറിടത്തിൽ വൈറലാകുന്നത്. ബോളിവുഡിന്‍റെ മുഖങ്ങളായ സൂപ്പർ സ്റ്റാറുകളുടെ സ്‌നേഹപ്രകടനം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. രസകരമായ പ്രതികരണങ്ങളുമായി നെറ്റിസൺസും കളം നിറയുന്നുണ്ട്.
'ബോളിവുഡിന്‍റെ ഖിലാഡിയും കിങ്ങും ഒരുമിച്ച്'- ഒരു ഉപയോക്താവ് കുറിച്ചു. 'വൗ! ഖിലാഡി പഠാനുമായി കൂടിക്കാഴ്‌ച നടത്തി'- മറ്റൊരു ആരാധകൻ പറഞ്ഞു. 'ഈ വർഷത്തെ ഏറ്റവും മികച്ച ആലിംഗനം', 'ഒരു ഫ്രെയിമിൽ രണ്ട് വിക്രം റാത്തോഡ്', 'മോദി 3.0 യുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ഷാരൂഖ് ഖാനും അക്ഷയ് കുമാറും കണ്ടുമുട്ടുന്നു. മെൽറ്റ്ഡൗൺ ഇൻകമിങ്'- ഇങ്ങനെ പോകുന്നു മറ്റ് കമന്‍റുകൾ.