"അധ്യാപകന്‍ പെട്ടെന്ന് ബോര്‍ഡില്‍ എന്തോ എഴുതാൻ വേണ്ടി തിരിഞ്ഞതും സംഭരിച്ച് വെച്ച എല്ലാ ധൈര്യവും ചേർത്ത് ഞാൻ അവളെ വിളിച്ചു.. അവൾ തിരിഞ്ഞു നോക്കി.. ഒറ്റ ശ്വാസത്തിൽ ഞാൻ 'ഐ ലവ് യു' പറഞ്ഞു.. അവൾ തിരിഞ്ഞ് കൂട്ടുകാരിയോട് എന്തോ പറഞ്ഞ് ചിരിച്ചു. ഒരിക്കലും പ്രതീക്ഷിക്കാത്തൊരു പ്രതികരണം. ആ ചിരിയുടെ അർത്ഥം മനസ്സിലായില്ല. പല സംശയങ്ങളും ഉയർന്നു.." തന്‍റെ പ്രണയത്തെ കുറിച്ചുള്ള നടന്‍ ശ്രീ ദേവിന്‍റെ വാക്കുകളാണിത്.
2025ലെ ഈ വാലന്‍റൈന്‍സ് ദിനത്തില്‍ തന്‍റെ സ്‌കൂള്‍ കാലഘട്ടത്തിലേയ്‌ക്ക് തിരിഞ്ഞു നടക്കുകയാണ് നടന്‍. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്‌തിരുന്ന 'അമ്മ മാനസം', 'ഫോര്‍ ദി പീപ്പള്‍' എന്നീ ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയനാണ് ശ്രീ ദേവ്. 2015ല്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്‌തിരുന്ന 'ഫോര്‍ ദി പീപ്പിള്‍' എന്ന പരമ്പരയിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു. 2023ല്‍ സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്‌തിരുന്ന 'സീതാരാമം' എന്ന പരമ്പരയിലാണ് ഏറ്റവും ഒടുവിലായി അഭിനയിച്ചത്. തെലുങ്കില്‍ 'കല്യാണി' എന്ന സീരിയലിലും ശ്രീ ദേവ് വേഷമിട്ടിരുന്നു.
സീരിയലില്‍ മാത്രമല്ല ഏതാനും തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ശ്രീ ദേവ് തന്‍റെ നോവലിന്‍റെ അവസാനഘട്ട തയ്യാറെടുപ്പിലാണിപ്പോള്‍. അഭിനേതാവ് മാത്രമല്ല, നല്ലൊരു എഴുത്തുകാരന്‍ കൂടിയാണ് ശ്രീ ദേവ്. നിലവില്‍ 'ഡെസിബെല്‍' എന്ന സയന്‍സ് ഫിക്ഷന്‍ ഇംഗ്ലീഷ് നോവലിന്‍റെ പണിപ്പുരയിലാണ്. നോവലിന്‍റെ അവസാന ചാപ്‌റ്ററുകള്‍ എഴുതി തീര്‍ക്കുന്നതിന്‍റെ തിരക്കിലാണിപ്പോള്‍ അദ്ദേഹം. കോളേജ് പഠന കാലം മുതല്‍ മനസ്സില്‍ ഉദിച്ച ആശയമാണ് 'ഡെസിബെല്‍' എന്നും ഒരു മാസത്തിനുള്ളില്‍ അത് പൂര്‍ത്തിയാകുമെന്നും നടന്‍ അറിയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഈ പ്രണയ ദിനത്തില്‍ തന്‍റെ പ്രണയ വിശേഷങ്ങള്‍ ഇടിവി ഭാരതിന് അനുവദിച്ച അഭിമുഖത്തില്‍ വെളപ്പെടുത്തിയിരിക്കുകയാണ്. ഈ വാലന്‍റന്‍സ് ദിനത്തില്‍ തന്‍റെ സ്‌കൂള്‍ കാലഘട്ടത്തെ പ്രണയമാണ് അദ്ദേഹം പങ്കുവച്ചത്. മറ്റെന്തിനെക്കാളും ഈ തലമുറയ്ക്ക് നഷ്‌ടമായത് എന്തെന്ന് ചോദിച്ചാൽ അത് പ്രണയത്തിൽ നിന്നും കിട്ടുന്ന കാത്തിരിപ്പിന്‍റെ ഒരു സുഖമാണെന്നാണ് ശ്രീ ദേവ് പറയുന്നത്.
"എല്ലാം പെട്ടെന്ന് ലഭിച്ച്, പലർക്കും കാത്തിരിക്കാനുള്ള ക്ഷമ ഇല്ലാതായി. അത് തന്നെയാണ് പല പ്രശ്‌നങ്ങൾക്കും കാരണം. കാത്തിരുന്നു നോക്കൂ, പ്രണയം നിങ്ങളെ നിരാശപ്പെടുത്തില്ല എന്നാണ് ഈ വാലന്‍റന്‍സ് ഡേയില്‍ എനിക്ക് പറയാനുള്ളത്," ശ്രീദേവ് പറഞ്ഞു.
തന്‍റെ സ്‌കൂള്‍ കാലത്തെ ഓര്‍മ്മകളോടു കൂടിയാണ് ശ്രീ ദേവ് സംസാരിച്ച് തുടങ്ങിയത്. "സ്‌കൂള്‍ കാലം എന്ന് പറയുന്നതിനേക്കാള്‍ ട്യൂഷന്‍ കാലം എന്ന് പറയുന്നതാകും ശരി. എന്നും സ്‌കൂൾ കഴിഞ്ഞ് വൈകിട്ട് മൂന്നര മണിക്ക് വീടെത്തും. നാലുമണിക്ക് ട്യൂഷനുണ്ട്. വീട്ടിലെത്തുമ്പോഴേക്കും സൺ ടിവിയിൽ മൂന്ന് മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന തമിഴ് സിനിമ അച്ഛൻ കണ്ടു കൊണ്ടിരിക്കുന്നുണ്ടാകും. അച്ഛന്‍റെ കൂടെ ആ സിനിമയുടെ കുറച്ച് ഭാഗം കണ്ടുകൊണ്ട് ചായയും കുടിച്ച് വസ്‌ത്രം മാറി പുസ്‌തകവും എടുത്ത് സൈക്കിളിൽ ഒരൊറ്റ വിടിലാണ് ട്യൂഷൻ ക്ലാസിലേക്ക്," നടന്‍ പറഞ്ഞു.
ആദ്യ കാഴ്‌ച്ചയില്‍ പ്രണയം
"ഒരു ദിവസം ട്യൂഷൻ ക്ലാസില്‍ കണക്ക് സര്‍ ആയിരുന്നു. സാർ എന്തോ ഒരു ചോദ്യം ചോദിച്ചപ്പോള്‍ ഉത്തരം പറയാൻ ഒരു പെൺകുട്ടി എഴുന്നേറ്റു. ഞാൻ ബാഗിൽ നിന്നും പുസ്‌തകങ്ങൾ എടുത്ത് പുറത്തുവയ്ക്കുമ്പോഴാണ് അവൾ എഴുനേൽക്കുന്നത്. ക്ലാസ് തുടങ്ങിയിട്ട് കുറച്ചു നാള്‍ മാത്രമെ ആയിട്ടുള്ളു. അവളെ കാണുന്നതും ശ്രദ്ധിക്കുന്നതും അന്ന് ആദ്യമായാണ്. ആദ്യ കാഴ്‌ച്ചയില്‍തന്നെ പ്രണയം. ഇന്നും അത് മറക്കാനാകാത്ത ഒന്നാണ്," ശ്രീ ദേവ് കൂട്ടിച്ചേര്‍ത്തു.
ദേഷ്യമാണെങ്കിലും ഒരു സുഖം
"എന്‍റെ പ്രണയം അവളോട് പറയാൻ പേടിയായിരുന്നു. എല്ലാവരെയും പോലെ ഞാനും കൂട്ടുകാരോടാണ് ആദ്യം പറഞ്ഞത്. പതിവ് പോലെ അവളെ കാണുമ്പോൾ കൂട്ടുകാരുടെ സ്ഥിരം കലാപരിപാടിയായ കളിയാക്കൽ തുടർന്നു. കളിയാക്കരുതെന്ന് പറഞ്ഞ് കൂട്ടുകാരോട് ദേഷ്യപ്പെടുമെങ്കിലും അവൾ അതൊക്കെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഇടംകണ്ണിട്ട് ഞാൻ നോക്കിയിരുന്നു. ദേഷ്യം അഭിനയിക്കുമെങ്കിലും ആ കളിയാക്കൽ ഒരു സുഖമുള്ളതായിരുന്നു. അങ്ങനെ ഒരു വർഷം ഞാൻ മാത്രം പ്രണയിച്ചു," നടന്‍ പറഞ്ഞു.
പഠിക്കാന്‍ മോശം, പക്ഷേ മാത്ത്‌സ് ട്യൂഷന്‍ ജീവന്‍
"ഒമ്പതാം ക്ലാസിൽ തുടങ്ങിയ പ്രണയം പത്താം ക്ലാസിലും തുടര്‍ന്നു. ഇനി ഒരു വർഷം കൂടിയേ ഉള്ളൂ. ഇനിയും പറഞ്ഞില്ലെങ്കിൽ അത് കൈവിട്ട് പോകും. പത്താം ക്ലാസിലെ എന്‍റെ കൂട്ടുകാരെല്ലാം കണക്ക് വിഷയത്തിന് വേറൊരു ട്യൂഷന് പോകുമായിരുന്നു. സ്‌കൂള്‍, ട്യൂഷൻ, വീട് പിന്നെ ഈ കണക്ക് ട്യൂഷനും. ഞാൻ പഠിക്കാൻ നല്ല മോശമായത് കൊണ്ട് എന്നെയും മാത്ത്‌സ് ട്യൂഷന്‍ ക്ലാസിൽ കൊണ്ട് ചേർത്തു. പഠിക്കാൻ ഒട്ടും താല്‍പ്പര്യം ഇല്ലാത്ത എനിക്ക് മാത്ത്‌സ് ട്യൂഷൻ എന്നു പറഞ്ഞാൽ ജീവനായിരുന്നു. കാരണം വേറൊന്നുമല്ല, അവളുടെ വീടിന്‍റെ തൊട്ടടുത്താണ് ഈ ട്യൂഷൻ ക്ലാസ്. ഈ ട്യൂഷന് വരുമ്പോഴും തിരിച്ച് പോകുമ്പോഴും അവളുടെ വീട്ടിലേക്ക് നോക്കും, അവിടെയെങ്ങാനും നിൽപ്പുണ്ടോന്ന്. ചില ദിവസങ്ങളിൽ അവളുടെ അനുജത്തി കളിച്ചുകൊണ്ട് അവിടെ നിൽക്കുന്നത് കാണും, ചില ദിവസങ്ങളിൽ വെറും പ്രതീക്ഷ മാത്രം," ശ്രീ ദേവ് വെളിപ്പെടുത്തി.
പ്രണയം പറയാനുള്ള ഗൂഢാലോചന
"ഒടുവില്‍ കൂട്ടുകാരുടെ പ്രോത്സാഹനത്തെ തുടര്‍ന്ന് ഞാൻ അവളോട് എന്‍റെ പ്രണയം പറയാൻ തീരുമാനിച്ചു. അതും പത്താം ക്ലാസ് കഴിയാറായപ്പോൾ. പ്രണയം പറയാന്‍ ഞാൻ തിരഞ്ഞെടുത്തതാകട്ടെ ബയോളജി ക്ലാസായിരുന്നു. ക്ലാസില്‍ കുട്ടികളെല്ലാം ശ്രദ്ധിച്ചിരിക്കുകയായിരുന്നു. എങ്ങനെ അവളോട് പ്രണയം പറയാമെന്ന് ഞാനും എന്‍റെ മൂന്ന് കൂട്ടുകാരും ബാക്ക് ബെഞ്ചിലിരുന്ന് ഗൂഢാലോചന നടത്തുകയായിരുന്നു," നടന്‍ പറഞ്ഞു.
ഒറ്റ ശ്വാസത്തിൽ ഐ ലവ് യു
"അധ്യാപകന്‍ പെട്ടെന്ന് ബോര്‍ഡില്‍ എന്തോ എഴുതാൻ വേണ്ടി തിരിഞ്ഞതും സംഭരിച്ച് വെച്ച എല്ലാ ധൈര്യവും ചേർത്ത് ഞാൻ അവളെ വിളിച്ചു. അവൾ തിരിഞ്ഞു നോക്കി. ഒറ്റ ശ്വാസത്തിൽ ഞാൻ 'ഐ ലവ് യു' പറഞ്ഞു. അവൾ തിരിഞ്ഞ് കൂട്ടുകാരിയോട് എന്തോ പറഞ്ഞ് ചിരിച്ചു. ഒരിക്കലും പ്രതീക്ഷിക്കാത്തൊരു പ്രതികരണം. ആ ചിരിയുടെ അർത്ഥം മനസ്സിലായില്ല. പല സംശയങ്ങളും ഉയർന്നു. ഇനി എന്നെ കളിയാക്കി ചിരിച്ചതാണോ എന്നതായിരുന്നു എന്‍റെ മനസ്സില്‍. അവൾ മറുപടി തന്നതുമില്ല. ദിവസങ്ങൾ പിന്നിട്ടു. അവളുടെ ഒരു മറുപടിക്കായി പ്രതീക്ഷയോടെ ഞാൻ കാത്തിരുന്നു. ഒടുവിൽ എന്‍റെ വിഷമം കണ്ട് എന്‍റെ കൂട്ടുകാരൻ അവളോട് പറഞ്ഞു, 'ഇന്നെങ്കിലും ഒരു മറുപടി കൊടുത്തൂടെ.. മോഡൽ എക്‌സാം ആണ് വരുന്നത്. ടെൻഷൻ കാരണം അവനൊന്നും പഠിക്കാൻ കഴിയുന്നില്ല' " നടന്‍ തുറന്നു പറഞ്ഞു.
യസ് ഓർ നൊ