പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്‌ത 'ആടുജീവിതം' സിനിമയുടെ ശബ്‌ദമിശ്രണം വെല്ലുവിളി ആയിരുന്നുവെന്ന് ശരത് മോഹൻ. ഏറെ ശ്രമകരമായി ചെയ്‌ത സിനിമയ്‌ക്ക്, ശബദമിശ്രണത്തിനുള്ള അവാർഡ് കിട്ടിയതിൽ സന്തോഷമുണ്ടെന്നും ശരത് മോഹന്‍ പറഞ്ഞു. അതേസമയം ദേശീയ തലത്തിൽ അവാർഡിന് പരിഗണിക്കുന്നതിൽ നിന്ന് ശബ്ദമിശ്രണത്തെ ഒഴിവാക്കിയത് താന്‍ അടക്കമുള്ള സൗണ്ട് എഞ്ചിനിയര്‍മാരെ നിരാശരാക്കുന്നതായും ശരത് പറഞ്ഞു.
കോട്ടയം പ്രസ്‌ക്ലബ്ബില്‍ ഒരുക്കിയ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു, 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ശബദമിശ്രണത്തിനുള്ള അവാർഡ് നേടിയ ശരത് മോഹൻ. 'ആടുജീവിതം' എന്ന സിനിമയിലെ ശബ്ദമിശ്രണത്തിനാണ് ശരത് മോഹന് പുരസ്‌കാരം ലഭിച്ചത്. 'സിങ്ക് സൗണ്ട്, സൗണ്ട് ഡിസൈൻ, സൗണ്ട് മിക്‌സിംഗ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായാണ് പുരസ്‌കാരത്തിന് പരിഗണിച്ചിരുന്നത്. എന്നാൽ ഇത്തവണ സൗണ്ട് ഡിസൈന് മാത്രമാണ് അവാർഡ് നൽകിയത്. മറ്റു രണ്ടു വിഭാഗങ്ങളെ ഒഴിവാക്കിയിരുന്നു. ഈ രണ്ടു വിഭാഗങ്ങളെും പരിഗണിക്കണമെന്നാവശ്യപ്പെട്ട് പാൻ ഇന്ത്യൻ തലത്തിൽ സൗണ്ട് എഞ്ചിനിയര്‍മാര്‍ ചേർന്ന് നിവേദനം നൽകിയിട്ടുണ്ട്.
ആടുജീവിതം സിനിമയിൽ ശബ്‌ദമിശ്രണം വെല്ലുവിളി ആയിരുന്നു. സംഗീതം ഉപയോഗിച്ച് വികാരങ്ങൾ പ്രതിഫലിപ്പിക്കുന്ന സാധാരണ രീതിയല്ല ഉപയോഗിച്ചിരുന്നത്. കഥയുമായി ആഴത്തിൽ ബന്ധപ്പെട്ട ശബ്‌ദങ്ങളാണ് ഉപയോഗിച്ചിരുന്നത്. ആടുകളുടെയും ഒട്ടകങ്ങളുടെയും കരച്ചിൽ, കാറ്റിന്‍റെ ശബ്ദം എന്നിവ ദൃശ്യങ്ങളിലേയ്‌ക്ക് കൊണ്ടുവരിക എന്നതായിരുന്നു വെല്ലുവിളി. എന്നാൽ ഇത് ഭംഗിയായി നിർവ്വഹിക്കാൻ കഴിഞ്ഞു.