ന്യൂഡൽഹി:തെന്നിന്ത്യയുടെയാകെ പ്രിയപ്പെട്ട നടിയാണ് സാമന്ത റൂത്ത് പ്രഭു. 'കുഷി' ആയിരുന്നു താരം നായികയായി തിയേറ്ററുകളിൽ എത്തിയ അവസാന ചിത്രം. പ്രൈം വീഡിയോ സീരീസായ "സിറ്റാഡലി"ന്‍റെ ഇന്ത്യൻ പതിപ്പിലും സാമന്ത പ്രധാന വേഷത്തിലുണ്ട്. 'സിറ്റാഡലി'ന്‍റെ ഷൂട്ടിങ് പൂർത്തിയാക്കിയതിന് പിന്നാലെ താൻ സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നതായി താരം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു സുപ്രധാന പ്രഖ്യാപനവുമായി വീണ്ടും വാർത്തകളിൽ നിറയുകയാണ് ആരാധകരുടെ പ്രിയപ്പെട്ട സാം (Samantha Ruth Prabhu announces health podcast).
ഹെൽത്ത് പോഡ്‌കാസ്റ്റുമായാണ് താരം ഇത്തവണ എത്തുന്നത്. ഏഴ് മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സാമന്ത റൂത്ത് പ്രഭു ആരോഗ്യ പോഡ്‌കാസ്റ്റുമായി ജോലിയിലേക്ക് മടങ്ങി എത്തുന്നത്. "സിറ്റാഡൽ" ഇന്ത്യൻ പതിപ്പിന്‍റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം, കഴിഞ്ഞ ജൂലൈയിലാണ് സാമന്ത ജോലിയിൽ നിന്നും ഇടവേള എടുക്കുന്നതായി പ്രഖ്യാപിച്ചത്. ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായിരുന്നു ഇത്.
എന്നാലിപ്പോൾ തന്‍റെ തിരിച്ചുവരവ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് സാമന്ത. ശനിയാഴ്‌ചയാണ് 36 കാരിയായ താരം തൻ്റെ മടങ്ങി വരവ് അറിയിച്ചുകൊണ്ട് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഒരു വീഡിയോ പങ്കിട്ടത്. താൻ ജോലിയിലേക്ക് തിരിച്ചെത്തുകയാണ് എന്നാണ് താരം വീഡിയോയിൽ പറയുന്നത്.