തെന്നിന്ത്യയിലാകെ ഏറെ ആരാധകരുള്ള ചലച്ചിത്രതാരമാണ് സായി പല്ലവി. അസാമാന്യ അഭിനയപാടവവും ചടുലൻ നൃത്തച്ചുവടുകളുമായി ചുരുങ്ങിയ കാലം കൊണ്ടുതന്നെ സായി പല്ലവി പ്രേക്ഷകരുടെ ഹൃദയത്തിൽ തന്‍റേതായ സ്ഥാനം കണ്ടെത്തി. മെയ് 9 ന് തന്‍റെ 32-ാം പിറന്നാൾ ആഘോഷിക്കുകയാണ് താരം.
സ്‌പെഷ്യൽ ദിനത്തിൽ സായിയെ ആശംസകൾകൊണ്ട് മൂടുകയാണ് ആരാധകരും പ്രിയപ്പെട്ടവരും. ഇതിനിടയിൽ താരത്തിന് ക്യൂട്ട് സർപ്രൈസ് നൽകിയിരിക്കുകയാണ് 'തണ്ടേൽ' ടീം. സായി പല്ലവി നായികയായി എത്തുന്ന പുതിയ ചിത്രങ്ങളിൽ ഒന്നാണ് 'തണ്ടേൽ'. ഒരു സ്‌പെഷ്യൽ വീഡിയോ പങ്കുവച്ചാണ് അണിയറ പ്രവർത്തകർ പ്രിയ താരത്തിന് പിറന്നാൾ ആശംസകൾ നേർന്നത്.
ഒരു അഭിനേതാവെന്ന നിലയിലുള്ള സായി പല്ലവിയുടെ സിനിമായാത്രയെ പരാമർശിച്ച്, താരം അവതരിപ്പിച്ച മുൻ കഥാപാത്രങ്ങളുടെ ദൃശ്യങ്ങളോടെയാണ് ഹൃദയസ്‌പർശിയായ വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് 'തണ്ടേൽ' എന്ന താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രത്തിലെ കാഴ്‌ചകളിലേക്ക് ക്യാമറ തിരിയുന്നു. തിരശ്ശീലയ്‌ക്ക് പിന്നിലെ ദൃശ്യങ്ങളാണ് വീഡിയോ പകർത്തുന്നത്. 'തണ്ടേലി'ൻ്റെ സെറ്റിൽ സമ്മിശ്ര ഭാവങ്ങളോടെ നിറഞ്ഞുനിൽക്കുന്ന സായിയെ വീഡിയോയിൽ കാണാം. ഷൂട്ടിങ്ങിനിടയിലെ ബ്ലൂപ്പറുകളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.