തെന്നിന്ത്യൻ സൂപ്പർ താരം ചിയാൻ വിക്രം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ചിയാൻ 62' (Vikram starrer Chiyaan 62). 'പനിയാരും പത്മിനിയും', 'സേതുപതി', 'സിന്ദുപദ്', 'ചിത്ത' എന്നീ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ എസ് യു അരുൺ കുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ഈ സിനിമയുടെ വമ്പൻ അപ്‌ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്.
തമിഴിലെ പ്രശസ്‌ത നടനും സംവിധായകനുമായ എസ് ജെ സൂര്യയും 'ചിയാൻ 62'ൽ പ്രധാന വേഷത്തിൽ എത്തുന്നു എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത് (S J Suryah in Vikram's Chiyaan 62). താരത്തെ സ്വാഗതം ചെയ്‌തുകൊണ്ടുള്ള പോസ്റ്ററും നിർമാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്. അതുല്യ പ്രകടനങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ എസ് ജെ സൂര്യയും വിക്രമിനൊപ്പം 'ചിയാൻ 62'ൽ അണിനിരക്കുമ്പോൾ പ്രേക്ഷക പ്രതീക്ഷകളും വാനോളമാണ്.
ഏത് വേഷം ലഭിച്ചാലും തന്‍റെ തനതായ അഭിനയ പാടവത്തിലൂടെ പ്രേക്ഷകശ്രദ്ധ ആർജിക്കുന്ന എസ് ജെ സൂര്യ അഭിനയ രാക്ഷസൻ എന്ന ഖ്യാതി ഇതിനോടകം നേടിയെടുത്തിട്ടുണ്ട്. തന്‍റെ കരിയറിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തികച്ചും വ്യത്യസ്‌തമായ വേഷത്തിലാകും ഈ ചിത്രത്തിൽ താരം എത്തുക എന്നാണ് റിപ്പോർട്ടുകൾ. ചിയാൻ വിക്രമും എസ് ജെ സൂര്യയും ഇത് ആദ്യമായാണ് ഒരു സിനിമയിൽ ഒന്നിക്കുന്നത്.