അഭിലാഷ്ജി ദേവൻ സംവിധാനം ചെയ്‌ത തമിഴ് ചിത്രം 'റൂട്ട് നമ്പർ 17' കേരളത്തിൽ റിലീസിന് എത്തി (Tamil Movie Route No 17 released in Kerala). തമിഴ്‌നാട്ടിൽ ഇതിനോടകം റിലീസ് ചെയ്‌ത്, മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടയാണ് കേരളത്തിലും ചിത്രം പ്രദർശനത്തിന് എത്തിയത്. ഈ വേളയിൽ ചിത്രത്തിന്‍റെ വിശേഷങ്ങൾ ഇടിവി ഭാരതുമായി പങ്കുവയ്‌ക്കുകയാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ. സംവിധായകൻ അഭിലാഷ് ജി ദേവൻ, നിർമാതാവ് ഡോ. അമർ രാമചന്ദ്രൻ, അഭിനേതാക്കളായ അഖിൽ പ്രഭാകർ, അഞ്ജു പാണ്ഡ്യ എന്നിവർ ഇടിവി ഭാരതിനോട് മനസുതുറന്നു (Route No 17 movie crew).
മലയാളികളാണ് ഇരുവരും. ഒരു ത്രില്ലർ ജോണറിൽ പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് 'റൂട്ട് നമ്പർ 17' ഒരുക്കിയിരിക്കുന്നതെന്ന് ഇവർ പറയുന്നു. പഠിച്ചതും വളർന്നതും എല്ലാം ചെന്നൈയിൽ ആയതിനാലാണ് ആദ്യ ചിത്രം തമിഴിൽ ഒരുക്കിയതെന്ന് സംവിധായകൻ അഭിലാഷ് പറഞ്ഞു. നിർമ്മാതാവ് ഡോ. അമറുമായുള്ള സൗഹൃദമാണ് ചിത്രം ഒരുങ്ങാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
ജിത്തൻ രമേഷ് ആണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂപ്പർഗുഡ് ഫിലിംസ് ഉടമ ആർ ബി ചൗധരിയുടെ മകനാണ് ജിത്തൻ രമേഷ്. മലയാളികൾക്ക് ഏറെ സുപരിചിതമായ 'എം80 മൂസ' എന്ന ജനപ്രിയ പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ അഞ്ജു പാണ്ഡ്യയാണ് നായിക വേഷത്തിൽ എത്തുന്നത്. ഹരീഷ് പേരടി, തമിഴ് നടൻ മദൻ കുമാർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
അതേസമയം വലിയ നഷ്‌ടം ഉണ്ടാകാതെ, ചിത്രം റിലീസ് ചെയ്‌ത് ഒടിടിയിലേക്ക് നൽകാനായിരുന്നു നിർമ്മാതാവ് ആദ്യം ചിന്തിച്ചിരുന്നത്. എന്നാൽ ചിത്രത്തിന്‍റെ പ്രിവ്യൂ കണ്ട ശേഷം തമിഴിലെ പല പ്രഗത്ഭരായ സംവിധായകരും നിർമ്മാതാക്കളും ചിത്രം തിയേറ്ററുകളിൽ വൈഡായി റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ചിത്രത്തിൽ നിർമാതാവ് ഡോ. അമർ രാമചന്ദ്രൻ അഭിനയിക്കുന്നുമുണ്ട്.