മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് അല്ലു അര്‍ജുന്‍ നായകനാകുന്ന പുഷ്‌പ 2 ദി റൂള്‍ റിലീസിനൊരുങ്ങുന്നത്. ഡിസംബര്‍ അഞ്ചിന് ലോകമെമ്പാടുമുള്ള 11,500 തിയേറ്ററുകളില്‍ ബ്രഹ്മാണ്ഡ റിലീസായാണ് ചിത്രം എത്തുന്നത്. ചിത്രത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലര്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ റിലീസിനോടനുബന്ധിച്ച് ഒരു അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് സൗണ്ട് ഡിസൈനറായ റസൂല്‍ പൂക്കുട്ടി. അടുത്തിടെ പുറത്തിറങ്ങിയ സൂര്യ നായകനായ കങ്കുവയ്ക്ക് കേള്‍ക്കേണ്ടി വന്ന വിമര്‍ശനത്തിന്‍റെ പശ്ചാത്തലത്തിലാണ് റസൂല്‍ പുക്കുട്ടി അഭ്യര്‍ത്ഥനയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ശബ്‌ദത്തിന്‍റെ പേരില്‍ ഒട്ടേറെ വിമര്‍ശനങ്ങളാണ് കങ്കുവ സിനിമയ്ക്ക് നേരിടേണ്ടി വന്നത്. തുടര്‍ന്ന് നിര്‍മാതാവ് ഇടപ്പെട്ട് കഴിഞ്ഞ ദിവസം മുതല്‍ ശബ്ദം കുറച്ച പ്രിന്‍റ് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുഷ്‌പ2 വിനെ കുറിച്ച് റസൂല്‍ പൂക്കുട്ടിയുടെ വെളിപ്പെടുത്തല്‍.
പുഷ്‌പ2വിന്‍റെ ട്രെയിലര്‍ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ചലച്ചിത്ര പ്രേമികളോടും ആരാധകരോടും ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. സ്‌റ്റാന്‍ഡേര്‍ഡ് ഡോള്‍ബി ലെവല്‍ 7 ലാണ് പുഷ്‌പ മിക്‌സിങ് നടത്തിയിരിക്കുന്നത്. എല്ലാ തിയേറ്ററുകാരും സ്‌പീക്കറുകളെല്ലാം ഒന്ന് അഡ്‌ജസ്റ്റ് ചെയ്‌ത് വയ്ക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. എക്‌സിലൂടെയാണ് റസൂല്‍ പൂക്കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്. ഓഡിയോഗ്രാഫര്‍ എം ആര്‍ രാജകൃഷ്‌ണന്‍, സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം കുറിപ്പിനോടൊപ്പം പങ്കുവച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.