ഹൈദരാബാദ്: തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള ദമ്പതിമാരാണ് രാം ചരണും ഉപാസന കൊനിഡേലയും. കഴിഞ്ഞ വർഷം തങ്ങളുടെ ആദ്യ കുട്ടിയായ ക്ലിൻ കാരയെ സ്വാഗതം ചെയ്‌ത ദമ്പതികൾ ഇപ്പോൾ രക്ഷാകര്‍തൃത്വം നിറവേറ്റുകയാണ്. ഇപ്പോഴിതാ തന്‍റെ ഗർഭകാല യാത്രയെക്കുറിച്ചും പ്രസവാനന്തര കാലഘട്ടത്തെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് ഉപാസന.
പ്രസവത്തിന് ശേഷം തന്നെ വിഷാദരോഗം ബാധിച്ചുവെന്നും ആ സമയം രാംചരണ്‍ നല്‍കിയ പിന്തുണ ഏറെ വലുതാണെന്നുമാണ് അവര്‍ ഒരു ന്യൂസ് പോർട്ടലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. അമ്മയാവുകയെന്നത് പ്രത്യേക യാത്രയാണെന്നും ഒത്തിരി വെല്ലുവിളികൾ നേരിടേണ്ടിയിരിക്കുന്നുവെന്നും ഉപാസന കൊനിഡേല പറഞ്ഞു.
'എന്‍റെ ഭർത്താവ് എന്‍റെ തെറാപ്പിസ്റ്റാണ്, എന്നോടൊപ്പം എന്‍റെ മാതാപിതാക്കളുടെ അടുത്തേക്ക് താമസം മാറി,' രാം ചരണിന്‍റെ പിന്തുണയെ പരാമർശിച്ച് അവർ പറഞ്ഞു. അമ്മമാര്‍ അവരുടെ ആരോഗ്യത്തിന് മുൻഗണന നൽകുകയും ആവശ്യമുള്ളപ്പോൾ പ്രൊഫഷണലുകളിൽ നിന്ന് സഹായം നേടുകയും ചെയ്യേണ്ടത് നിർണായകമാണെന്നും അവർ കൂട്ടിച്ചേർത്തു.
2012 ജൂൺ 14 -നാണ് രാം ചരണും ഉപാസന കൊനിഡേലയും വിവാഹിതരായത്. 2023 ജൂണിൽ ദമ്പതികൾക്ക് ആദ്യത്തെ കുട്ടി ജനിച്ചു. അപ്പോളോ ഹോസ്‌പിറ്റല്‍ ശൃംഖലയുടെ വൈസ് ചെയര്‍പേഴ്‌സണാണ് ഉപാസന. അതേസമയം എസ് ശങ്കറിന്‍റെ ഗെയിം ചേഞ്ചറിൽ കിയാര അദ്വാനി, അഞ്ജലി, എസ്‌ജെ. സൂര്യ, ജയറാം, സുനിൽ, ശ്രീകാന്ത്, സമുദ്രക്കനി, നാസർ എന്നിവർക്കൊപ്പമാണ് രാം ചരൺ അടുത്തതായി എത്തുന്നത്. പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ഈ വർഷം സെപ്റ്റംബറിൽ തിയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ALSO READ:'ഞങ്ങള്‍ അകലുകയാണെന്ന് തിരിച്ചറിയുന്നു'; 11 വർഷം നീണ്ട ദാമ്പത്യജീവിതം അവസാനിപ്പിച്ച് ജിവി പ്രകാശും സൈന്ധവിയും