സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷൻ പാക്ക്ഡ് ചിത്രം 'കൂലി'യുടെ ചിത്രീകരണം ആരംഭിച്ചു. സമൂഹമാധ്യമമായ എക്‌സിലൂടെ ചിത്രത്തിൻ്റെ നിർമ്മാതാക്കളായ സൺ പിക്‌ചേഴ്‌സാണ് ഇക്കാര്യം വ്യക്തമാക്കിയത്.
'സൂപ്പർസ്റ്റാർ-ലോകി സംഭവം ബിഗിൻസ്. കൂലി ഷൂട്ടിങ് സ്റ്റാർട്ട്സ് റ്റുഡെ'- എന്നാണ് സൺ പിക്‌ചേഴ്‌സിൻ്റെ എക്‌സ് പോസ്റ്റ്. ജൂലൈയിൽ ഷൂട്ടിങ് ആരംഭിക്കുമെന്ന സംവിധായകൻ ലോകേഷ് കനകരാജിൻ്റെ സമീപകാല പോസ്റ്റിന് ശേഷമാണ് ചിത്രത്തെക്കുറിച്ചുളള പുതിയ അപ്‌ഡേറ്റ് അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
ജൂലൈ മൂന്നിന് ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരനെ 'കൂലി'യുടെ ക്ര്യൂവിലേക്ക് സ്വാഗതം ചെയ്‌തുകൊണ്ട് അദ്ദേഹത്തോടൊപ്പമുളള ചിത്രം ലോകേഷ് എക്‌സിൽ പങ്കിട്ടിരുന്നു. ഈ പോസ്റ്റിൽ ചിത്രത്തിൻ്റെ അഭിനേതാക്കളെ ഉടൻ പ്രഖ്യാപിക്കുമെന്നും സംവിധായകൻ പറഞ്ഞിരുന്നു.
ലോകേഷ് കനകരാജുമായുള്ള രജിനികാന്തിൻ്റെ ആദ്യ ചിത്രമാണിത്. സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന കൂലിയുടെ സംഗീതസംവിധാനം നിർവ്വഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. അന്‍പറിവാണ് ചിത്രത്തിന്‍റെ ആക്ഷൻ കൊറിയോഗ്രഫി. ശിവകാര്‍ത്തികേയൻ, ശ്രുതി ഹാസൻ, ഫഹദ് ഫാസില്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ശേഷിക്കുന്ന അഭിനേതാക്കളെ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.
Also Read:നാനിയുടെ 'സരിപോധ ശനിവാരം'; സെക്കൻഡ് ലുക്ക് പുറത്ത്