എറണാകുളം:മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന തീരുമാനത്തിൽ നിന്ന് മള്‍ട്ടിപ്ലെക്‌സ് ശൃംഖലയായ പിവിആർ പിന്മാറിയത് മലയാള സിനിമയുടെ വിജയമാണെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. പിവിആർ അവരുടെ ധാർഷ്ട്യം ആണ് കാണിച്ചതെന്നും മലയാള സിനിമാ നിർമ്മാതാക്കളുടെ സംഘടന ഭാരവാഹികൾ കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.
മലയാള സിനിമ പ്രവർത്തകർ ഒന്നിച്ച് നിന്ന് അത് മറികടന്നു. കോര്‍പ്പറേറ്റിനോട് നടത്തിയത് യുദ്ധമാണ്. ഉപാധികളില്ലാതെ തീയറ്റർ തുറന്നു തരാൻ പിവിആർ നിർബന്ധിതരായെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടികാണിച്ചു. ബ്ലസി ആടുജീവിതം പ്രദർശിപ്പിക്കാത്തതിൽ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. ബ്ലെസിക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി.
അതേസമയം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പ്രശ്‌ന പരിഹാരത്തിൽ സന്തോഷം അറിയിച്ചു. ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡക്ഷനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് പിവിആർ പുതിയ മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കില്ല എന്ന തീരുമാനം എടുത്തത്. ഇതിനെതിരെ ചലച്ചിത്ര മേഖലയിലെ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ചലച്ചിത്ര തൊഴിലാളികളുടെ സംഘടനയായ ഫെഫ്‌ക പരസ്യമായ പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ സമരം തെരുവിലേക്ക് വ്യാപിപ്പിക്കുമെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണൻ പ്രഖ്യാപിച്ചിരുന്നു.
Also Read:പിവിആർ തിയേറ്റർ സമരം; എസി റൂമിലിരിക്കുന്നവരുടെ ധാർഷ്ട്യമാണ് സമരത്തിന് കാരണമെന്ന് ബ്ലസി
തുടർന്ന് സംവിധായകരുടെയും നിർമാതാക്കളുടെയും പ്രതിനിധികളുമായി നടത്തിയ ഓൺലൈൻ യോഗത്തിലാണ് പിവിആർ മലയാള സിനിമികൾ പ്രദർശിപ്പിക്കില്ലന്ന തിരുമാനത്തിൽ നിന്ന് പിന്മാറിയത്. കൊച്ചിയിലെയും കോഴിക്കോട്ടേയും ഓരോ സ്‌ക്രീനിൽ ഒഴികെ മറ്റെല്ലാ സ്ഥലത്തും മലയാള സിനിമ പ്രദർശിപ്പിക്കാൻ തീരുമാനം ആയി. പ്രശ്‌നം പരിഹരിച്ചതോടെ മലയാള സിനിമയുടെ പ്രദർശനം പുനരാരംഭിച്ചു.