തെലുങ്കാനയുടെ മണ്ണിൽ നിന്നും പുഷ്‌പരാജിനെ കേരളത്തില്‍ എത്തിക്കാനുള്ള പുറപ്പാടിലാണ് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ്. പറഞ്ഞതിലും ഒരു ദിവസം മുമ്പേയാണ് 'പുഷ്‌പ ദ റൂള്‍' തിയേറ്ററില്‍ എത്താന്‍ പോകുന്നത്. ഡിസംബർ 5 മുതൽ കേരളക്കരയിലെ തിയേറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് സാരഥി മുകേഷ് ആർ മേത്ത.
'പുഷ്‌പ'യുടെ രണ്ടാം ഭാഗം കേരളത്തിൽ വിതരണത്തിനെത്തിക്കുമ്പോൾ ഞങ്ങൾക്ക് രണ്ട് അജണ്ടകളാണ് മുന്നിലുള്ളതെന്ന് മുകേഷ് ആർ മേത്ത പറഞ്ഞു. 'ലിയോ കേരളത്തിൽ നിന്നും ആദ്യ ദിനം കളക്ട് ചെയ്‌ത 12 കോടിയെ മറികടക്കുക, കേരളത്തിൽ റിലീസിന്‍റെ ആദ്യ ദിനം മുതൽ 24 മണിക്കൂറും ഷോകൾ പ്രദർശിപ്പിക്കുക' എന്നിവയാണ് തങ്ങളുടെ പ്രധാന അജണ്ടകള്‍. തിയേറ്ററുകള്‍തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കത്തിനാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്‌സും പദ്ധതിയിടുന്നത്.
'പുഷ്പ 2: ദ റൂൾ' ബോക്‌സ് ഓഫീസ് കൊടുങ്കാറ്റായി മാറുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍. രണ്ടാം ഭാഗത്തിൽ സമാനതകളില്ലാത്ത ദൃശ്യാനുഭവം പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കാനായാണ് ഐക്കൺ സ്‌റ്റാര്‍ അല്ലു അർജുനും സെൻസേഷണൽ സംവിധായകൻ സുകുമാറും പദ്ധതിയിടുന്നത്.
പ്രേക്ഷക - നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയ ആദ്യഭാഗം വാണിജ്യപരമായും വലിയ വിജയം നേടിയിരുന്നു. അതിനാൽ തന്നെ ടോട്ടൽ ആക്ഷനും മാസുമായി ഒരു ദൃശ്യ ശ്രവ്യ വിസ്‌മയം തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.
പത്ത് വർഷത്തിലേറെയായി സിനിമാ നിർമ്മാണ, വിതരണ മേഖലയിലെ സജീവ സാന്നിധ്യമായ ഇ ഫോർ എന്‍റർടെയ്‌ന്‍മെന്‍റ്സ് ഇതിനകം ലൈഫ് ഓഫ് പൈ, ചെന്നൈ എക്‌സ്‌പ്രസ്, ഫാസ്‌റ്റ് ആൻഡ് ഫ്യൂരീസ് സീരീസ്, എംഎസ് ധോനി, അക്വാമാൻ, ബാറ്റ്മാൻ വേഴ്‌സസ് സൂപ്പർമാൻ, സഞ്ജു, അവതാർ, ആനിമൽ, പുഷ്‌പ ദ റൈസ് തുടങ്ങി ഒട്ടേറെ സൂപ്പർ ഹിറ്റ് സിനിമകള്‍ കേരളത്തിൽ വിതരണത്തിനെത്തിച്ചിട്ടുണ്ട്.