സംവിധായകൻ പുരി ജഗന്നാഥും റാം പോത്തിനേനിയും ഒന്നിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം 'ഐസ്‌മാർട്ട് ശങ്കർ' സിനിമയുടെ രണ്ടാംഭാഗമായ 'ഡബിൾ ഐസ്‌മാർട്ടി'ന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു. സിനിമയുടെ രണ്ടാം ഘട്ട ചിത്രീകരണത്തിന് മുംബൈയിൽ തുടക്കമായി. ദൈർഘ്യമേറിയതും നിർണായകവുമായ ഈ ഷെഡ്യൂളിൽ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ ഉൾപ്പെടുന്ന ഭാഗങ്ങളാണ് ചിത്രീകരിക്കുന്നതെന്നാണ് വിവരം.
ചിത്രത്തിലെ മുഖ്യ ഭാഗങ്ങളുടെ ചിത്രീകരണം ഇതോടുകൂടി പൂർത്തിയാകും. അടുത്ത വർഷമാണ് നിർമാതാക്കൾ 'ഡബിൾ ഐസ്‌മാർട്ട്' തിയേറ്ററിലെത്തിക്കാൻ പദ്ധതിയിടുന്നത്. കണക്‌ട്‌സിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൗറും ചേർന്നാണ് ഈ ബിഗ് ബജറ്റ് സിനിമയുടെ നിർമാണം. തെലുഗു, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായാണ് 'ഡബിൾ ഐസ്‌മാർട്ട്' പ്രദർശനത്തിനെത്തുക.
'ഐസ്‌മാർട്ട് ശങ്കറി'നെ അപേക്ഷിച്ച് ഡബിൾ ആക്ഷൻ, ഡബിൾ മാസ്, ഡബിൾ എന്‍റർടെയിന്മെന്‍റ് എന്നിവയാണ് 'ഡബിൾ ഐസ്‌മാർട്ട്' ഉറപ്പുനൽകുന്നത്. ബോളിവുഡ് താരം സഞ്ജയ് ദത്തും ഈ ചിത്രത്തിൽ വളരെ ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം ഈ ചിത്രത്തിന് വേണ്ടി സ്റ്റൈലിഷ് മേക്കേവറാണ് റാം പോതിനെനി നടത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.