പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ (L2 Empuraan) ചിത്രീകരണം പുരോഗമിക്കുന്നു. ചിത്രത്തിന്‍റെ സംവിധായകന്‍ പൃഥ്വിരാജ് സുകുമാരനാണ് അപ്‌ഡേറ്റ് പങ്കുവച്ചത്. എമ്പുരാന്‍ 20 ശതമാനം ചിത്രീകരണം പൂര്‍ത്തിയാക്കിയതായി പൃഥ്വിരാജ് പറഞ്ഞു (Prithviraj Sukumaran on Mohanlal Starrer L2 Empuraan).
റിലീസിനൊരുങ്ങുന്ന തന്‍റെ ഏറ്റവും പുതിയ ചിത്രം ആടുജീവിതത്തിന്‍റെ പ്രൊമോഷന്‍ പരിപാടിയ്‌ക്കിടെയാണ് എമ്പുരാന്‍ വിശേഷം പൃഥ്വിരാജ് പങ്കുവച്ചത്. ചിത്രത്തിന്‍റെ ചിത്രീകരണത്തിനായി യുഎസ്എ, യുകെ എന്നിവിടങ്ങളില്‍ നിന്ന് അനുമതി നേടുന്നതിലുണ്ടായ പ്രതികൂല സാഹചര്യവും പൃഥ്വിരാജ് വിവരിച്ചു. ഇത്തരത്തില്‍ എമ്പുരാന്‍റെ ചിത്രീകരണത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിട്ടതായി താരം പറഞ്ഞു.
പ്രഖ്യാപനം മുതല്‍ പ്രേക്ഷക പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയ ചിത്രമാണ് എമ്പുരാന്‍. ആദ്യ ചിത്രം ലൂസിഫറിന്‍റെ വിജയമായിരുന്നു പ്രതീക്ഷയ്‌ക്ക് വക നല്‍കിയ പ്രധാന ഘടകം. ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്ന നിലയിലാണ് എമ്പുരാനെ പ്രേക്ഷകര്‍ കാണുന്നതെന്നാണ് പുറത്തുവരുന്ന സൂചനകള്‍. പക്ഷേ ലൂസിഫറിന്‍റെ രണ്ടാം ഭാഗം അല്ല എമ്പുരാന്‍ എന്നാണ് സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍ വ്യക്തമാക്കുന്നത്.
'പ്രേക്ഷകര്‍ കരുതുന്നതുപോലെ എമ്പുരാന്‍ ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണോ എന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല' - തമാശരൂപത്തില്‍ പൃഥ്വിരാജ് പറഞ്ഞു. 'തന്‍റെ അടയാളമായ ആ മുണ്ട് ഉടുത്ത് അടച്ചിട്ട ഫാക്‌ടറിയില്‍ ലാലേട്ടന്‍ വില്ലന്മാരെ തല്ലുന്നത് കാണികള്‍ക്ക് ഇത്തവണ കാണാനാകില്ല' -പൃഥ്വിരാജ് പറഞ്ഞു. അവസാനം ഒരു ബോളിവുഡ് സ്റ്റൈല്‍ പാട്ട് ചേര്‍ക്കുന്നതിനെ കുറിച്ചും പൃഥ്വിരാജ് നര്‍മം കലര്‍ത്തി പറയുകയുണ്ടായി.
മലയാളത്തില്‍ ലൈക പ്രൊഡക്ഷന്‍സിന്‍റെ അരങ്ങേറ്റ ചിത്രം കൂടിയാണ് എമ്പുരാന്‍. ലൈക പ്രൊഡക്ഷന്‍സിനൊപ്പം ആശിര്‍വാദ് സിനിമാസും എമ്പുരാന്‍റെ നിര്‍മാണത്തില്‍ കൈകോര്‍ക്കുന്നു. മലയാളത്തില്‍ ഏറ്റവും മുതല്‍മുടക്കില്‍ ഒരുങ്ങുന്ന സിനിമ എന്നും എമ്പുരാനെ വിശേഷിപ്പിക്കുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുഗു, ഹിന്ദി ഭാഷകളിലും തിയേറ്ററുകളില്‍ എത്തുന്ന എമ്പുരാന്‍റെ റിലീസ് തീയതി അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പവര്‍ പാക്ക്‌ഡ് പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന എമ്പുരാന്‍ പ്രേക്ഷക പ്രതീക്ഷയ്‌ക്ക് മങ്ങലേല്‍പ്പിക്കില്ല എന്ന് തന്നെയാണ് സൂചന.
അബ്രാം ഖുറേഷി ആയി പ്രിയ താരം മോഹന്‍ലാല്‍ തിരശീലയില്‍ എത്തുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മുരളി ഗോപിയാണ് തിരക്കഥ. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. ദീപക് ദേവ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.