കേരളം

kerala

ETV Bharat / entertainment

മൂന്ന് കാലഘട്ടം, മൂന്ന് ഭാവങ്ങൾ, ഒരൊറ്റ നടൻ; 'ആടുജീവിത'ത്തിൽ ഞെട്ടിക്കാൻ പൃഥ്വിരാജ്

പൃഥ്വിരാജ് - ബ്ലെസി കൂട്ടുകെട്ടിന്‍റെ 'ആടുജീവിതം' ഏപ്രിൽ പത്തിന് തിയേറ്ററുകളിലേക്ക്

Aadujeevitham The Goat Life  Prithviraj Blessy Aadujeevitham  ആടുജീവിതം  നജീബായി പൃഥ്വിരാജ്  പൃഥ്വിരാജ് ബ്ലെസി ചിത്രം ആടുജീവിതം  Aadujeevitham release
Prithviraj

By ETV Bharat Kerala Team

Published : Feb 1, 2024, 3:42 PM IST

മലയാളിസിനിമാപ്രേമികൾ വർഷങ്ങളായി, ആകാംക്ഷപൂർവം കാത്തിരിക്കുന്ന സിനിമയാണ് 'ആടുജീവിതം'. വായിച്ചറിഞ്ഞ പേടിപ്പെടുത്തുന്ന, കരളലിയിക്കുന്ന നോവലിനെ ബിഗ്‌ സ്‌ക്രീനിൽ കാണാനുള്ള അവരുടെ കാത്തിരിപ്പിന് ഈ വർഷം ഏപ്രിൽ പത്തിന് അവസാനമാകും. ഇതിനിടെ 'ആടുജീവിത'ത്തിനായി പൃഥ്വിരാജ് നടത്തിയ വേഷപ്പകർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ ചർച്ചയാകുന്നത് (Prithviraj as najeeb in Aadujeevitham/ The Goat Life).

ഈ സിനിമയിലെ മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബ് എന്ന കഥാപാത്രമായി മാറുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ബ്ലെസി സംവിധാനം ചെയ്‌ത ഈ ചിത്രത്തിനായി കഠിനപരിശ്രമം തന്നെയാണ് പൃഥ്വിരാജ് നടത്തിയതെന്ന് ഇതുവരെ പുറത്തുവന്ന ചിത്രത്തിന്‍റെ പോസ്റ്ററുകളിൽ നിന്ന് വ്യക്തമാണ്.

ഇതുവരെ പുറത്തുവിട്ട ഓരോ പോസ്റ്ററുകളിലും തീർത്തും വ്യത്യസ്‌തമായ ഗെറ്റപ്പുകളിലാണ് പൃഥ്വിരാജ്. ഓരോന്നിലും മറ്റൊന്നില്‍നിന്ന് വ്യത്യസ്‌തനായ നജീബിനെയാണ് കാണാനാവുക. 'ആടുജീവിതം' എന്ന നോവല്‍ വായിച്ച ഏതൊരാള്‍ക്കും മറക്കാനാവാത്തതാകും നജീബ് കടന്നുപോയ കയ്‌പ്പേറിയ ജീവിതയാത്രകൾ.

ജീവിതത്തിലെ പ്രത്യാശയും പ്രതീക്ഷയും ഏതാണ്ട് അവസാനിച്ച അവസ്ഥയില്‍ നില്‍ക്കുന്ന നജീബിനെയാണ് ചിത്രത്തിന്‍റെ ആദ്യ പോസ്റ്ററില്‍ കാണാനാവുക. രണ്ടാമത്തെ പോസ്റ്ററില്‍ തീക്ഷ്‌ണമായ നോട്ടത്തോടെ, തിളങ്ങുന്ന കണ്ണുകളിൽ പ്രത്യാശയുടെ കണികയുമായി നിൽക്കുന്ന നജീബിനെ കാണാം. അതേസമയം മൂന്നാമത്തെ പോസ്റ്ററില്‍ വിദേശത്ത് എത്തുന്നതിന് മുൻപുള്ള ഊര്‍ജസ്വലനായൊരു നജീബിനെയാണ് കാണാനാവുക.

ഈ മൂന്നു വേഷപ്പകര്‍ച്ചകളും വളരെ തന്മയത്വത്തോടെ അവതരിപ്പിച്ച് കയ്യടി നേടുകയാണ് പൃഥ്വിരാജ്. ബ്ലെസിയുടെയും ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകരുടെയും നിശ്ചയദാര്‍ഢ്യവും ഈ പോസ്റ്ററുകളിൽ നിഴലിക്കുന്നു. ബെന്യാമിന്‍റെ രചനയില്‍ പുറത്തുവന്ന, ബെസ്റ്റ് സെല്ലിംഗ് നോവലായ 'ആടുജീവിത'ത്തെ ആസ്‌പദമാക്കിയാണ് സംവിധായകന്‍ ബ്ലെസി ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

2008 മുതല്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ബ്ലെസിയ്‌ക്ക് 2018-ലാണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കാന്‍ സാധിച്ചത്. മലയാള സിനിമയിലെ തന്നെ ഏറ്റവുമധികം കാലം നീണ്ടുനിന്ന ചിത്രീകരണത്തിനൊടുവില്‍ കഴിഞ്ഞ വർഷം ജൂലൈ 14ന് ഈ സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി. ജോർദാനിലായിരുന്നു ഈ ചിത്രത്തിന്‍റെ മുഖ്യ പങ്കും ഷൂട്ട് ചെയ്‌തത്.

പൃഥ്വിരാജിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്ന് കൂടിയാണ് 'ആടുജീവിതം'. ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാന്‍റെ സംഗീതവും റസൂൽ പൂക്കുട്ടിയുടെ ശബ്‌ദമിശ്രണവും പ്രധാന ആകർഷണങ്ങളാണ്. ചിത്രത്തിൽ അമല പോളാണ് പൃഥ്വിരാജിന്‍റെ നായികയായെത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്‌ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിഷ്വൽ റൊമാൻസിന്‍റെ ബാനറില്‍ എത്തുന്ന ചിത്രം മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലുമാണ് ഒരുക്കിയിരിക്കുന്നത്. സുനിൽ കെ എസ് ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിംഗും വിർവഹിച്ചിരിക്കുന്നു. ഡിജിറ്റൽ മാർക്കറ്റിംഗ് : ഒബ്‌സ്‌ക്യൂറ എന്‍റർടെയിൻമെൻസ്, പിആർഒ : ആതിര ദിൽജിത്ത്.

ABOUT THE AUTHOR

...view details