പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്‌ത ബ്രഹ്മാണ്ഡ ചിത്രമാണ് 'കൽക്കി 2898 എഡി'. ജൂൺ 27ന് ആഗോള റിലീസിന് ഒരുങ്ങുകയാണ് ഈ ചിത്രം. റിലീസിനോട് അനുബന്ധിച്ച് സിനിമയുടെ റിലീസ് ട്രെയിലറും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
വൈജയന്തി മൂവീസിന്‍റെ ബാനറിൽ സി അശ്വിനി ദത്താണ് ബിഗ് ബജറ്റിൽ കൽക്കി നിർമിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസാണ് ഈ സിനിമ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഇന്ത്യൻ മിത്തോളജിയും പുരാണങ്ങളും ഒരുപോലെ ഉൾക്കൊണ്ട് ഭാവികാലത്തിന്‍റെ കഥ പറയുന്ന ഒരു സയൻസ് ഫിക്ഷൻ ഡ്രാമയാണിത്.
സിനിമയുടെ നേരത്തെ റിലീസ് ചെയ്‌ത ടീസറിന് വലിയ സ്വീകാര്യത പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നു. ഇപ്പോൾ റിലീസ് ട്രെയിലർ കൂടി പുറത്തുവിട്ടതോടെ പ്രതീക്ഷകൾ വാനോളമായിരിക്കുന്നു. 'കാശി, 'കോംപ്ലക്‌സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് 'കൽക്കി 2898 എഡി' പറയുന്നത്.
അതിജീവനത്തിനായി പോരാടുന്നവരുടെ നഗരമായിട്ടാണ് ട്രെയിലറിൽ കാശിയെ ചിത്രീകരിച്ചിരിക്കുന്നത്. വരേണ്യവർഗം നിയന്ത്രിക്കുന്നവർ വസിക്കുന്ന ഇടമാണ് 'കോംപ്ലക്‌സ്' അഥവ പറുദീസ. ഈ പറുദീസയിലെ മനുഷ്യരാൽ പീഡിപ്പിക്കപ്പെടുന്നവരുടെ അഭയകേന്ദ്രമായി ശംഭാളയെയും ചിത്രീകരിച്ചിരിക്കുന്നു. തെലുഗു, ഹിന്ദി, തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് തുടങ്ങി ഒന്നിലധികം ഭാഷകളിൽ സിനിമ ആസ്വദിക്കാം.
പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ, ദിഷാ പടാനി, ശോഭന, അന്ന ബെൻ എന്നിവരും ഈ സിനിമയിൽ സുപ്രധാന വേഷങ്ങളിലുണ്ട്. നായിക കഥാപാത്രമായ 'സുമതി'യെയാണ് ദീപിക പദുക്കോൺ കൈകാര്യം ചെയ്യുന്നത്. 'അശ്വത്ഥാമാവ്' എന്ന കഥാപാത്രമായി അമിതാഭ് ബച്ചനും 'യാസ്‌കിൻ' ആയി കമൽഹാസനും വേഷമിടുന്നു. 'ഭൈരവ' എന്നാണ് പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. 'റോക്‌സി'യായി ദിഷ പടാനിയും വേഷമിടുന്നു. പാൻ ഇന്ത്യൻ സിനിമയായി ഒരുക്കിയ 'കൽക്കി 2898 എഡി'യിൽ മികച്ച പശ്ചാത്തല സംഗീതത്തോടൊപ്പം ഗംഭീര വിഎഫ്എക്‌സുമുണ്ട്.
ALSO READ:വിജയ്‌ക്ക് പിറന്നാൾ മധുരവുമായി 'ഗോട്ട്' ടീം ; തരംഗമായി 'ബർത്ത് ഡേ ഷോട്ട്‌സ്'