ഫെഫ്‌ക സംഘടനയ്‌ക്കും ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണനും എതിരെ രൂക്ഷ വിമർശനവുമായി നിശ്ചല ചായാഗ്രാഹകൻ ശാലു പേയാട്. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് കഴിഞ്ഞയാഴ്‌ച്ച അദ്ദേഹത്തെ ഫെഫ്‌കയില്‍ നിന്നും പുറത്താക്കിയിരുന്നു. തന്നെ സംഘടനയില്‍ നിന്നും പുറത്താക്കിയത് അകാരണമായാണ് എന്നാണ് ശാലു പേയാട് പറയുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ ഇടിവി ഭാരതിനോട് പ്രതികരിച്ചിരിക്കുകയാണ് ശാലു പേയാട്.
തന്നെ ഫെഫ്‌കയില്‍ നിന്നും പുറത്താക്കാനുള്ള കാരണം അദ്ദേഹം തുറന്നു പറഞ്ഞു. "കുറച്ച് നാളുകൾക്ക് മുമ്പ് എന്‍റെ സഹപ്രവർത്തകന്‍റെ വീട് കനത്ത മഴയെ തുടർന്ന് വെള്ളം കയറി നശിച്ചിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അയാളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഞാനൊരു കുറിപ്പ് സംഘടനയുടെ ഒഫീഷ്യൽ വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്‌തു. ഒരു കമ്മിറ്റി കൂടി എന്ത് ചെയ്യണമെന്ന് തീരുമാനിക്കാം എന്നായിരുന്നു സംഘടനയുടെ ഭാഗത്ത് നിന്നുള്ള മറുപടി," ശാലു പേയാട് പറഞ്ഞു.
സഹായിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഇപ്പോള്‍ ചെയ്യണമെന്നും കമ്മിറ്റി കൂടി ആറ് മാസം കഴിഞ്ഞ് സഹായം കിട്ടിയിട്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. "ആളു മരിച്ചിട്ട് റീത്ത് വച്ച് കൈ കഴുകുന്ന സംഘടനയുടെ സ്വഭാവം ഈ കാര്യത്തിൽ അവലംബിക്കരുതെന്നും ഞാൻ ഗ്രൂപ്പിൽ മെസ്സേജായി ഇട്ടു. സഹായം ലഭിക്കില്ലെന്ന് ഉറപ്പു വന്നതോടെ ആ ചെറുപ്പക്കാരന് കുറച്ചു പണം നൽകി ഞാൻ സഹായിച്ചു. ആ വിവരവും ഗ്രൂപ്പിൽ പങ്കുവച്ചിരുന്നു," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തനിക്ക് പിന്നാലെ ഗ്രൂപ്പിൽ അംഗങ്ങളായ സംഘടനയിലെ നല്ല ചില സഹപ്രവർത്തകർ അവരുടെ കയ്യിലുള്ള തുക നൽകി ആ ചെറുപ്പക്കാരനെ സഹായിച്ചെന്നും ശാലു പേയാട് വ്യക്‌തമാക്കി. "15 മിനിറ്റിനുള്ളിൽ 15,000 രൂപ സംഘടിപ്പിച്ച് ആ ചെറുപ്പക്കാരന് നൽകി. ഈ വിവരവും ഗ്രൂപ്പിൽ പങ്കുവച്ചു. ഇതോടെ സംഘടനയ്ക്ക് മുകളിൽ കയറി പ്രവർത്തിക്കാൻ നിങ്ങള്‍ ആരാണെന്ന ചോദ്യം സംഘടനയുടെ തലപ്പത്തിരിക്കുന്നവരുടെ ഭാഗത്ത് നിന്നും ഉണ്ടായി. തുടർന്ന് എന്നെ മൂന്ന് മാസം സസ്പെൻഡ് ചെയ്യുന്നതായി അറിയിപ്പ് ലഭിച്ചു," ശാലു പേയാട് പറഞ്ഞു.
ശാലു പേയാട് സംഘടനയുടെ ഭാഗത്ത് നിന്നും തനിക്കുഉണ്ടായ അച്ചടക്ക നടപടിയെ കുറിച്ചും വിശദീകരിച്ചു. വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ സംസാരിക്കാൻ ബി ഉണ്ണികൃഷ്‌ണനുമായി ബന്ധപ്പെട്ടെന്നും എന്നാല്‍ അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്നും അനുകൂലമായൊരു സഹകരണം ആയിരുന്നില്ല ലഭിച്ചതെന്നും ശാലു പേയാട് വ്യക്‌തമാക്കി. തുടർന്ന് സംഘടനയിലെ മറ്റ് ഭാരവാഹികളുമായി ഇതേ വിഷയത്തെപ്പറ്റി സംസാരിച്ചെന്നും എന്നാല്‍ അവർ ബി ഉണ്ണികൃഷ്‌ണന്‍റെ ഏറാൻമൂളികൾ ആണെന്ന് വ്യക്തമാവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് സസ്പെൻഷൻ നോട്ടീസ് ലഭിച്ചിട്ടും ഒരു സിനിമയിൽ വർക്ക് ചെയ്യാൻ അവസരം ലഭിച്ചതിനെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. "ആനുകൂല്യങ്ങൾ പറ്റാതെ സസ്പെൻഷൻ സമയത്ത് ജോലി ചെയ്യാം. എന്നാൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ച് നാലാം ദിവസമായപ്പോൾ എന്നെ സെറ്റിൽ നിന്നും ഒഴിവാക്കണമെന്ന് സിനിമയുടെ അണിയറ പ്രവർത്തകരെ വിളിച്ച് ബി ഉണ്ണികൃഷ്‌ണന്‍ ഭീഷണിപ്പെടുത്തി. എന്നിട്ടും 30 ദിവസം വരെ പിടിച്ചുനിന്നു. എന്നെ പുറത്താക്കിയില്ലെങ്കിൽ സിനിമയുടെ ചിത്രീകരണം തുടരാൻ സമ്മതിക്കില്ലെന്ന് സിനിമയുടെ അണിയറ പ്രവർത്തകരെ വിളിച്ച് ഭീഷണിപ്പെടുത്തിയതോടെയാണ് എന്‍റെ സ്വന്തം ഇഷ്‌ടപ്രകാരം ഞാൻ സെറ്റിൽ നിന്നും കഴിഞ്ഞ നാലാം തീയതി ഇറങ്ങിപ്പോയത്," അദ്ദേഹം വിശദീകരിച്ചു.