ഹൈദരാബാദ്: ഭാരതത്തിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ സ്വന്തമാക്കി തെലുഗു മെഗാസ്റ്റാർ ചിരഞ്ജീവി. നാൽപത് വർഷമായി കലാരംഗത്ത് അദ്ദേഹം നൽകിയ സംഭവനകൾ പരിഗണിച്ചാണ് പത്മവിഭൂഷൺ നൽകി ആദരിച്ചത് (Padma Vibhushan Award Winner Chiranjeevi). ഇന്നലെയാണ് (2/01/2024) സർക്കാർ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.
വാർത്ത പുറത്തുവന്നതോടെ എല്ലാവർക്കും നന്ദി പറഞ്ഞ് ചിരഞ്ജീവി രംഗത്തെത്തി. 'രാജ്യത്തിന്‍റെ ഈ ആദരവിന് നന്ദി. 45 വർഷത്തെ കല ജീവിതത്തില്‍ നിരവധി നല്ല വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ചു. രക്തബന്ധമില്ലെങ്കിലും ആരാധകര്‍ എന്നും എന്നെ ഒരു സഹോദരനായാണ് പരിഗണിച്ചിട്ടുള്ളത്. നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയാണ് എന്നെ കണക്കാക്കിയത്. ഇക്കാലമത്രയും എന്നെ പിന്തുണയ്ക്കുകയും സ്നേഹിക്കുകയും ചെയ്‌ത എന്‍റെ എല്ലാ ആരാധകർക്കും നന്ദി'. എന്നായിരുന്നു താരം അറിയിച്ചത്. നന്ദി അറിയിച്ചുകൊണ്ടുള്ള വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.