മലയാള സിനിമയില്‍ വമ്പന്‍ കുതിപ്പ് ഉണ്ടാക്കിയ വര്‍ഷമാണ് 2024. ഇന്ത്യന്‍ സിനിമാ മേഖലയില്‍ തന്നെ വലിയ മുന്നേറ്റമാണ് ഈ വര്‍ഷമുണ്ടായത്. ചില സിനിമകള്‍ കാട്ടുതീപോലെ ബോക്‌സ് ഓഫിസില്‍ പടര്‍ന്നു കയറി. പക്ഷേ കണക്കുകള്‍ നോക്കിയാല്‍ 100 കോടിയില്‍ എത്തിയ സിനിമകള്‍ ഉണ്ടായിട്ടും പരാജയങ്ങളുടെ കുത്തൊഴുക്കും കാണാം. അപ്പോള്‍ മലയാള സിനിമയെ സംബന്ധിച്ച് മികച്ച വര്‍ഷം തന്നെയായിരുന്നോ 2024 എന്ന് ചിന്തിച്ച് പോകും. പക്ഷേ തിയേറ്ററുകളില്‍ ആളുകള്‍ ഇടിച്ചെത്തിയ വര്‍ഷമാണിത്. മാത്രമല്ല ചെറിയ ബഡ്‌ജറ്റില്‍ നിര്‍മിച്ച 'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന ചിത്രം ലോകസിനിമയുടെ ഭൂപടത്തില്‍ ഇടം നേടിയെന്നതും മറ്റൊരു കാര്യമാണ്.
206 സിനിമകളാണ് മലയാളത്തില്‍ നിന്നും ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' ഡിസംബര്‍ 25 ന് തിയേറ്ററുകളില്‍ എത്തുന്നതോടെ ഈ വര്‍ഷത്തെ സിനിമകളുടെ എണ്ണം 207 ആവും. എന്നാല്‍ നിര്‍മാതാവിന് ലാഭം നേടികൊടുത്തത് 22 സിനിമകള്‍ മാത്രമാണ്. 1000 കോടിയുടെ നഷ്‌ടമെങ്കിലും നിര്‍മാതാക്കള്‍ക്ക് ഉണ്ടായിയെന്നതാണ് ഏകദേശ കണക്കുകള്‍.
'മഞ്ഞുമ്മല്‍ ബോയ്‌സ്' തന്നെയാണ് സൂപ്പര്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇപ്പോഴും ഇടം പിടിച്ചിട്ടുള്ളത്. തമിഴിലും മികച്ച വിജയം നേടാന്‍ കഴിഞ്ഞതാണ് റെക്കോര്‍ഡ് കളക്ഷന്‍ നേടാന്‍ കാരണം.
സൂപ്പര്‍ഹിറ്റ് ചാര്‍ട്ടില്‍ 11 സിനിമകള്‍ ഇടം നേടി. നസ്‌ലിനും മമിതയും പ്രധാന വേഷത്തില്‍ എത്തി ഗിരീഷ് എ. ഡി സംവിധാനം ചെയ്‌ത 'പ്രേമലു', മമ്മൂട്ടിയുടെ 'ഭ്രമയുഗം', ഫഹദ് ഫാസിലിന്‍റെ 'ആവേശം', ബ്ലെസിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം 'ആടുജീവിതം', പ്രണവ് മോഹന്‍ലാല്‍ ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ വിനീത് ശ്രീനിവാസന്‍ ചിത്രം 'വര്‍ഷങ്ങള്‍ക്ക് ശേഷം', പൃഥ്വിരാജും ബേസില്‍ ജോസഫും കേന്ദ്രകഥാപാത്രങ്ങളായ 'ഗുരുവായൂര്‍ അമ്പലനടയില്‍', മമ്മൂട്ടിയുടെ 'ടര്‍ബോ', യുവാക്കളുടെ കഥപറയുന്ന 'വാഴ', ടൊവിനോ തോമസ് ട്രിപ്പിള്‍ റോളിലെത്തിയ 'എ ആര്‍ എം', ആസിഫ് അലി അപര്‍ണ ബാലമുരളി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ 'കിഷ്‌കിന്ധാ കാണ്ഡം' എന്നിയാണ് സൂപ്പര്‍ഹിറ്റ് വിഭാഗത്തില്‍ ഇത്തവണ ഇടം പിടിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
'എബ്രഹാം ഓസ്‌ലര്‍', 'അന്വേഷിപ്പിന്‍ കണ്ടെത്തും', 'ബോഗയ്‌ന്‍വില്ല', 'ഹലോ മമ്മി', 'സൂക്ഷ്‌മദര്‍ശിനി', 'പണി' എന്നിവയാണ് തിയേറ്ററില്‍ ഹിറ്റടിച്ച സിനിമകള്‍. അതേസമയം ബിജു മേനോന്‍റെ 'തലവന്‍', 'ഗോളം', 'നുണക്കുഴി', 'അഞ്ചക്കള്ള കോക്കന്‍', 'ഉള്ളൊഴുക്ക്' എന്നീ സിനിമകള്‍ ആവറേജ് ഹിറ്റുകളുമായി.