എറണാകുളം :നാദിർഷയുടെ സംവിധാനത്തിൽ വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി റിലീസിന് ഒരുങ്ങുന്നു. റാഫി തിരക്കഥ എഴുതുന്ന സിനിമ പൂർണമായും കോമഡി പശ്ചാത്തലത്തിലുള്ളതല്ലെന്ന് സംവിധായകന്റെ തുറന്നുപറച്ചിൽ. അർജുൻ അശോകൻ, മുബിൻ എം റാഫി, ദേവിക സഞ്ജയ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു.
'റാഫി എന്ന തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും ഒരുപാട് കോമഡി സിനിമകൾ കണ്ടുവളർന്നവരാണ് നാം. അദ്ദേഹത്തിന്റെ തിരക്കഥയിൽ ഒരു സിനിമ സംവിധാനം ചെയ്യാൻ സാധിക്കുക എന്നത് ഭാഗ്യമാണ്' - നാദിർഷ പറഞ്ഞു. പരീക്ഷണ ചിത്രങ്ങളും കോമഡി ചിത്രങ്ങളും താന്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഇതൊരു മുഴുനീള കോമഡി ചിത്രമല്ല. സിനിമയിൽ ഒരല്‍പ്പം തമാശയൊക്കെ ഉണ്ട്. മറ്റൊരു ജോണറിലാണ് ചിത്രം. ത്രില്ലർ അടക്കമുള്ള ഭാവങ്ങളിലൂടെ സിനിമ കടന്നുപോകും.
രണ്ടുമണിക്കൂറാണ് ദൈർഘ്യം. ജാഫർ ഇടുക്കിയുടേത് സീരിയസ് കഥാപാത്രമായിരുന്നു. എന്നാല്‍ അഭിനയിച്ച് അത് കോമഡി ആക്കി മാറ്റിയെന്ന് നാദിർഷ തമാശ രൂപേണ പറഞ്ഞു. മലയാളത്തിന്റെ ഹിറ്റ് സംവിധായകൻ റാഫിയുടെ തിരക്കഥയിലും നാദിർഷയുടെ സംവിധാനത്തിലും അഭിനയിക്കാൻ ആയത് സന്തോഷം പകരുന്ന കാര്യമാണെന്നാണ് അർജുൻ അശോകൻ പ്രതികരിച്ചത്.