മുംബൈ : കങ്കണ റണാവത്ത് നായികയായിയെത്തുന്ന ചിത്രം 'എമര്‍ജന്‍സി'യുടെ റിലീസിനും സര്‍ട്ടിഫിക്കറ്റിനും വേണ്ടി സെര്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെടാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. ചിത്രത്തിനെതിരായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചവരുടെ വാദം കൂടി കേള്‍ക്കാന്‍ മധ്യപ്രദേശ് ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. സിനിമയുടെ നിര്‍മാതാക്കളാണ് കോടതിയെ സമീപിച്ചത്.
സെന്‍സര്‍ ബോര്‍ഡ് സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവച്ചിരിക്കുകയാണെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ജസ്റ്റിസുമാരായ ബി പി കൊളബാവല്ല, ഫിര്‍ദോഷ് പൂനിവാല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ സിഖ് സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കങ്കണ റണാവത്തിന്‍റെ മണികര്‍ണിക ഫിലിംസും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.