നടന് കൃഷ്‌ണ കുമാറിന്‍റെ മകള്‍ ദിയ കൃഷ്‌ണയുടെ വിവാഹം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഈ വിവാഹത്തിന് ദിയ കൃഷ്‌ണയുടെ സഹോദരിയും നടിയുമായ അഹാനയുടെ ലുക്ക് എങ്ങനെയായിരിക്കുമെന്ന് ആരാധകര്‍ ഉറ്റുനോക്കിയിരുന്നു. കണക്കൂട്ടലുകള്‍ തെറ്റിക്കാതെ കാഞ്ചീപുരം പട്ടില്‍ അതിസുന്ദരിയായാണ് അഹാന എത്തിയത്.
സാരിക്ക് അനുയോജ്യമായി കല്ലുകള്‍ പതിച്ച നെക്ലസും മാങ്ങാമാലയുമണിഞ്ഞാണ് അഹാനയെത്തിയത്. മാത്രമല്ല ഇതിനിണങ്ങുന്ന രീതിയിലുള്ള കല്ലുവച്ച വളകളും ജിമിക്കിയും നെറ്റിച്ചുട്ടിയും ഹിപ് ചെയ്‌നും ചേര്‍ന്നതോടെ അഹാനയുടെ ലുക്ക് മാറി. മുടി പിന്നിക്കെട്ടി മുല്ലപ്പൂകൂടി വച്ചതോടെ തനി വധുവിന്‍റെ ലുക്ക് അഹാനയ്ക്കായി. ഇതോടെ ആരാധകരുടെ കണ്ണുകളൊക്കെ അഹാനയിലേക്കായി.
വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ അഹാന ഛായാഗ്രാഹകന്‍ നിമിഷ് രവിക്കും കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. ഇരുവരും വിവാഹിതരായി എന്ന തരത്തില്‍ അഭ്യൂഹമുണ്ടായി. മാത്രമല്ല നിമിഷിന് വിവാഹാശംസകള്‍ നേര്‍ന്ന് ഒരുപാട് പേര്‍ എത്തുകയും ചെയ്‌തു. ഇതോടെ വിശദീകരണവുമായി നിമിഷും രംഗത്തെത്തി.
തന്‍റെ വിവാഹം കഴിഞ്ഞിട്ടില്ലെന്നാണ് നിമിഷ് ഇന്‍സ്‌റ്റഗ്രാമിലൂടെ അറിയിച്ചത്. "എന്‍റെ വിവാഹം കഴിഞ്ഞിട്ടില്ല, ആരുമായും വിവാഹ നിശ്ചയവും കഴിഞ്ഞില്ല. അത് എന്‍റെ അടുത്ത സുഹൃത്തിന്‍റെ അനുജത്തിയുടെ കല്യാണമായിരുന്നു. പറഞ്ഞുവെന്നേയുള്ളു" നിമിഷിന്‍റെ വാക്കുകള്‍.