നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററി വിവാദത്തിനിടെ ഒന്നിച്ചൊരു ചടങ്ങില്‍ പ്രത്യക്ഷപ്പെട്ട് നയന്‍താരയും ധനുഷും. നിര്‍മ്മാതാവ് ആകാശ് ഭാസ്‌കരന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു താരങ്ങള്‍. സംവിധായകനും ഭര്‍ത്താവുമായ വിഘ്‌നേഷ് ശിവനൊപ്പമാണ് നയന്‍താര ചടങ്ങിനെത്തിയത്.
നയന്‍താരയും വിഘ്‌നേഷും എത്തുമ്പോല്‍ സദസ്സിന്‍റെ മുന്‍നിരയില്‍ തന്നെ ധനുഷ് ഉണ്ടായിരുന്നു. ചടങ്ങില്‍ ധനുഷ് ഇരുന്നതിന്‍റെ തൊട്ടടുത്ത ഇരിപ്പിടത്തില്‍ മുന്‍നിരയില്‍ തന്നെയാണ് നയന്‍താരയും ഇരുന്നത്. എന്നാല്‍ നയന്‍താരയും ധനുഷും പരസ്‌പരം മുഖം കൊടുത്തില്ല.
അതേസമയം ചടങ്ങില്‍ പങ്കെടുത്ത ശിവകാര്‍ത്തികേയനോട് നയന്‍താരയും വിഘ്‌നേഷും സംസാരിച്ചിരുന്നു. ഇതിന്‍റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അനിരുദ്ധ് രവിചന്ദറും വിവാഹ ചടങ്ങില്‍ എത്തിയിരുന്നു. ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഇഡ്‌ലി കട'യുടെ നിര്‍മ്മാതാവ് കൂടിയാണ് ആകാശ്.
നയന്‍താരയും ധനുഷും തമ്മിലുള്ള യുദ്ധം നടക്കുന്നതിനിടെ ഇരുവരെയും ഒരുമിച്ച് കണ്ടപ്പോള്‍ ആരാധകരും ആവേശത്തിലായി. അതുകൊണ്ട് തന്നെ ഒരേ വേദിയിലെത്തിയ നയന്‍താരയുടെയും ധനുഷിന്‍റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
നയന്‍താരയുടെ ജീവിതത്തെ ആസ്‌പദമാക്കി നെറ്റ്‌ഫ്ലിക്‌സ് പുറത്തിറക്കിയ 'നയന്‍താര ബിയോണ്ട് ദി ഫെയറി ടെയില്‍' എന്ന ഡോക്യുമെന്‍ററിയില്‍ 'നാനും റൗഡി താന്‍' എന്ന സിനിമയിലെ മൂന്ന് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യം ഉള്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ ധനുഷ് 10 കോടി രൂപ കോപ്പി റൈറ്റ് ഇനത്തില്‍ ചോദിച്ച സംഭവം വലിയ ചര്‍ച്ചയായിരുന്നു.