തെലുങ്ക് സൂപ്പർ താരം നാച്ചുറൽ സ്‌റ്റാർ നാനി നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രമാണ് സൂര്യാസ് സാറ്റർഡേ. വിവേക് ആത്രേയ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് പ്രിയങ്ക മോഹനാണ്. ഡിവിവി എന്‍റർടൈൻമെന്‍റ് നിർമ്മിക്കുന്ന ഈ ചിത്രത്തിലെ പ്രിയങ്ക മോഹന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്‌തു.
ചാരുലത എന്ന് പേരുള്ള നിഷ്‌കളങ്കയായ പൊലീസ് കഥാപാത്രമായാണ് ചിത്രത്തിൽ പ്രിയങ്കയെത്തുന്നത്. സൂപ്പർ ഹിറ്റ് ചിത്രം ഗ്യാങ് ലീഡറിന് ശേഷം വീണ്ടും നാനി- പ്രിയങ്ക മോഹൻ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സൂര്യാസ് സാറ്റർഡേ ത്രില്ലടിപ്പിക്കുന്ന ഒരു ആക്ഷൻ- അഡ്വെഞ്ചർ ചിത്രമായാണ് വിവേക് ആത്രേയ ഒരുക്കുന്നത്.
ഡിവിവി ദാനയ്യ, കല്യാൺ ദസരി എന്നിവർ ചേർന്ന് ഡിവിവി എന്‍റർടൈൻമെന്‍റിന്‍റെ ബാനറിൽ നിർമ്മിക്കുന്ന ഈ ബിഗ് ബഡ്‌ജറ്റ് ചിത്രത്തിലെ മറ്റൊരു നിർണ്ണായക കഥാപാത്രത്തിന് ജീവൻ പകരുന്നത് തമിഴ് സൂപ്പർ താരമായ എസ് ജെ സൂര്യയാണ്. സായ് കുമാറും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മുരളി ജി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് മലയാളിയായ ജേക്‌സ് ബിജോയ് ആണ്.
കാർത്തിക ശ്രീനിവാസ് എഡിറ്റിങ് നിർവഹിക്കുന്ന ഈ ചിത്രം തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ഈ വർഷം ഓഗസ്‌റ്റ് 29- ന് റിലീസ് ചെയ്യും. നിലവിൽ അവസാന ഘട്ട ചിത്രീകരണം നടക്കുന്ന ചിത്രത്തിന് വേണ്ടി സംഘട്ടന സംവിധാനം നിർവഹിക്കുന്നത് റാം- ലക്ഷ്‌മൺ ടീമാണ്. പിആർഒ ശബരി.
Also Read: ബ്രഹ്മാണ്ഡ ചിത്രവുമായി ലൈക്ക പ്രൊഡക്ഷൻസ്; അജിത് കുമാർ-തൃഷ ചിത്രം 'വിടാമുയർച്ചി' ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്