'ഈശോ'എന്ന ചിത്രത്തിന് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന സിനിമയാണ് 'വൺസ് അപ്പ് ഓൺ എ ടൈം ഇൻ കൊച്ചി'. കഴിഞ്ഞ ദിവസമാണ് ഈ ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ വച്ച് നടന്നത്. നടൻ ദിലീപാണ് ഓഡിയോ ലോഞ്ച് നിർവഹിച്ചത്. സിനിമയുടെ അണിയറ പ്രവർത്തകർക്ക് പുറമെ നമിത പ്രമോദ്, വിഷ്‌ണു ഉണ്ണികൃഷ്‌ണൻ തുടങ്ങിയവരും ചടങ്ങിന്‍റെ ഭാഗമായി. നിരവധി ആരാധകരാണ് ലുലു മാളിൽ നടന്ന ചടങ്ങിൽ സാക്ഷികളാകാൻ എത്തിച്ചേർന്നത് (Once Upon a Time in Kochi movie Audio launch ).
കലന്തൂർ എന്‍റർടെയിൻമെന്‍റ് നിർമിക്കുന്ന ചിത്രത്തിൽ സംവിധായകൻ റാഫിയുടെ മകൻ മുബിൻ റാഫിയാണ് നായകനായി എത്തുന്നത്. മുബിൻ റാഫിയുടെ അരങ്ങേറ്റ ചിത്രം കൂടിയാണ് 'വൺസ് അപ്പ് ഓൺ എ ടൈം ഇൻ കൊച്ചി'. ദേവിക സഞ്ജയ് നായികയായി എത്തുന്ന ചിത്രത്തിൽ അർജുൻ അശോകനും ഷൈൻ ടോം ചാക്കോയും പ്രധാന വേഷങ്ങളിൽ ഉണ്ട്. റാഫിയാണ് ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്.
അതേസമയം റാഫിയുടെ തിരക്കഥയിൽ ഒരു ചിത്രം സംവിധാനം ചെയ്യാൻ കഴിയുക എന്നത് ഏറ്റവും വലിയ ഭാഗ്യമാണെന്ന് നാദിർഷ ഓഡിയോ ലോഞ്ചിനിടെ പറഞ്ഞു. സംവിധായകൻ എന്ന നിലയിൽ നാദിർഷാ ഒരുപാട് വളർന്നെന്ന് നടൻ ദിലീപ് അഭിപ്രായപ്പെട്ടു. 'കേശു ഈ വീടിന്‍റെ നാഥൻ' എന്ന ചിത്രത്തിലാണ് തനിക്ക് നാദര്‍ഷായുമായി സഹകരിക്കാൻ അവസരം ലഭിച്ചതെന്നും അതിന് മുൻപ് വിഷ്‌ണു ഉണ്ണികൃഷ്‌ണൻ നായകനായ 'കട്ടപ്പനയിലെ ഹൃതിക് റോഷൻ' എന്ന ചിത്രം നിർമിക്കാൻ സാധിച്ചെന്നും നടൻ പറഞ്ഞു. താൻ ചെറുപ്പം മുതൽ കാണുന്ന മുബിൻ റാഫി ഒരു സിനിമയിലെ നായകനായി നിൽക്കുന്നത് കാണുമ്പോൾ സന്തോഷം ഉണ്ടെന്നും ദിലീപ് പറഞ്ഞു.