ഇടിവി ഭാരതിനോട് വിശേഷങ്ങള്‍ പങ്കിട്ട് ടിഎസ് വിഷ്‌ണു എറണാകുളം :മൃതിക സന്തോഷിനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തെലുഗു ഹൊറർ ചിത്രം 'വളരി' മാര്‍ച്ച് ആറ് മുതല്‍ ഇടിവി വിൻ ഓടിടിയിൽ. സുധ കൊങ്കരയുടെ 'ഇരുതി സുട്രു' എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ദേശീയ പുരസ്‌കാര ജേതാവ് ഋതിക സിങ്ങാണ് മുഖ്യ വേഷത്തിലെത്തുന്നത്. കെശാവ് ദീപക് സുബ്ബ രാജു, തമിഴ് താരം ശ്രീകാന്ത് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. സംവിധായിക തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.
2015ൽ പുറത്തിറങ്ങിയ അനൂപ് മേനോൻ ചിത്രം മാൽഗുഡി ഡേയ്‌സിന്‍റെ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച ടിഎസ് വിഷ്‌ണുവാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. മലയാളിയായ ടി എസ് വിഷ്‌ണുവിന്‍റെ ആദ്യ തെലുഗു ചിത്രം കൂടിയാണിത്. ചിത്രത്തിന്‍റെ വിശേഷങ്ങൾ പങ്കുവച്ച് ടിഎസ് വിഷ്‌ണു ഇടിവി ഭാരതിനോട് മനസ് തുറന്നു.
തിരുവനന്തപുരം സ്വദേശിയായ താൻ പരസ്യ ചിത്രങ്ങൾക്ക് സംഗീത സംവിധാനം ചെയ്‌താണ് ഈ മേഖലയിലേക്ക് കടന്നുവന്നതെന്ന് വിഷ്‌ണു പറഞ്ഞു. പ്രാദേശിക പരസ്യ ചിത്രങ്ങൾ മുതൽ ദേശീയ പരസ്യ ചിത്രങ്ങളുടെ വരെ ഭാഗമാകാൻ തനിക്ക് സാധിച്ചു. മലയാളത്തിന്‍റെ പ്രിയ സംവിധായകൻ പ്രിയദർശനോടൊപ്പവും ഛായാഗ്രഹകൻ സന്തോഷ് ശിവനോടൊപ്പവും പരസ്യ ചിത്രങ്ങളുടെ ഭാഗമാകാനും ഭാഗ്യം ലഭിച്ചു.
അങ്ങനെയിരിക്കവേയാണ് വൈശാഖ് വിവേക് വിനോദ് സംവിധാനം ചെയ്‌ത മാൽഗുഡി ഡേയ്‌സിന്‍റെ പശ്ചാത്തല സംഗീതമൊരുക്കിക്കൊണ്ട് മലയാളം സിനിമ ലോകത്തേക്ക് ചുവടുവയ്ക്കുന്നത്. 'വളരി' എന്ന ചിത്രത്തിന്‍റെ സംവിധായിക മൃതിക സന്തോഷിനിയ്ക്ക് ഒപ്പം മുമ്പ് ചില വർക്കുകളുടെ ഭാഗമാകാൻ സാധിച്ചിട്ടുണ്ട്. ആ പരിചയം സംവിധായകയ്ക്ക് തന്നിലെ മ്യൂസിക് ഡയറക്‌ടറുടെ ക്രാഫ്റ്റ് തിരിച്ചറിയുന്നതിന് കാരണമായി.
വളരെ വിശാലതയുള്ള ഒരു ഇൻഡസ്ട്രിയാണ് തെലുഗു ഇൻഡസ്ട്രി. ഭാഷയുടെ അതിർവരമ്പുകൾ ഒരു കലാകാരനെ ഒരുതരത്തിലും തടസപ്പെടുത്തുകയില്ല അവിടം. ചിത്രത്തിലെ രണ്ട് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കാൻ സാധിച്ചു.
ഹൊറർ ചിത്രമായത് കൊണ്ടുതന്നെ പശ്ചാത്തല സംഗീതം ഒരുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. പേടിപ്പെടുത്തുന്ന ഫാക്‌ടറുകൾ സംഗീതത്തിൽ കൂടി അധിഷ്‌ഠിതമാണ്. ചിത്രത്തിലെ ഗാനങ്ങൾ രണ്ട് ധ്രുവത്തിൽ നിൽക്കുന്ന തരത്തിലുള്ളതാണ്. ചിത്രത്തിലെ ഒരു ഗാനം പ്രണയ ഗാനവും മറ്റൊന്ന് ആക്ഷന്‍ രംഗങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കേണ്ടതുമായിരുന്നു. ലഭിച്ച അവസരം പരമാവധി ഉപയോഗപ്പെടുത്തി എന്ന വിശ്വാസം തനിക്കുണ്ടെന്നും വിഷ്‌ണു പറഞ്ഞു.
വരികൾ ഒരുക്കിയിട്ടായിരുന്നു ഗാനങ്ങൾ ചിട്ടപ്പെടുത്തേണ്ടിയിരുന്നത്. ഭാഷയുടെ പ്രശ്‌നം സംഗീതം ഒരുക്കുന്നതിന് തടസമായില്ല. ഏകദേശം 14 വർഷങ്ങൾക്ക് മുമ്പാണ് സംഗീത ലോകത്തേക്കുള്ള തന്‍റെ കടന്നുവരവ്. 'വളരി' അവസരങ്ങളുടെ വലിയ ലോകം തുറന്നു തരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും വിഷ്‌ണു പറഞ്ഞു.