കേരളം

kerala

ETV Bharat / entertainment

കാത്തിരുന്ന ആ വമ്പന്‍ അപ്‌ഡേറ്റ് പുറത്ത്; കേരളപ്പിറവി ദിനത്തില്‍ സര്‍പ്രൈസുമായി മോഹന്‍ലാല്‍ - EMPURAAN RELEASE

സര്‍പ്രൈസുമായി മോഹന്‍ലാലും എമ്പുരാന്‍ ടീമും. ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാന്‍റെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പ്രേക്ഷകര്‍ പ്രതീക്ഷിച്ച പോലെ ലൂസിഫര്‍ റിലീസ് ദിനത്തിലല്ല എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തുന്നത്..

MOHANLAL PRITHVIRAJ MOVIE  EMPURAAN  എമ്പുരാന്‍ റിലീസ്  മോഹന്‍ലാല്‍
Empuraan release (ETV Bharat)

By ETV Bharat Entertainment Team

Published : Nov 1, 2024, 11:59 AM IST

പ്രേക്ഷകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ - പൃഥ്വിരാജ് ചിത്രമാണ് 'എമ്പുരാന്‍'. 'എമ്പുരാന്‍റെ' ഓരോ പുതിയ അപ്‌ഡേറ്റും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ കേരളപ്പിറവി ദിനത്തില്‍ പ്രേക്ഷകര്‍ക്ക് സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

'എമ്പുരാന്‍റെ' റിലീസിനെ കുറിച്ചുള്ള അപ്‌ഡേറ്റാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ 2025 മാര്‍ച്ച് 27ന് ചിത്രം റിലീസ് ചെയ്യും. മലയാളത്തിന് പുറമെ, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

മോഹന്‍ലാല്‍ തന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കൗതുകമുണര്‍ത്തുന്ന ഒരു പോസ്‌റ്റിനൊപ്പമാണ് താരം സിനിമയുടെ റിലീസ് വിവരം അറിയിച്ചിരിക്കുന്നത്.

അടുത്തിടെ ചിത്രത്തിലെ പൃഥ്വിരാജിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പൃഥ്വിരാജിന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് നിര്‍മ്മാതാക്കള്‍ താരത്തിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്തുവിട്ടത്. സയീദ് മസൂദ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പൃഥ്വിരാജിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്‌തിരുന്നു.

ദുബൈ അടക്കം ഇരുപതോളം വിദേശ രാജ്യങ്ങളില്‍ സിനിമയുടെ ചിത്രീകരണം നടന്നതായാണ് സൂചന. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്ക് പുറമെ റഷ്യയും സിനിമയുടെ പ്രധാന ലൊക്കേഷനാണ്.

അടുത്തിടെയാണ് 'എമ്പുരാന്‍റെ' ചിത്രീകരണം 100 ദിവസം പിന്നിട്ടത്. സിനിമയുടെ ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവ് ആണ് 'എമ്പുരാന്‍റെ' ചിത്രീകരണം 100 ദിവസം പൂര്‍ത്തിയാക്കിയ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. "എമ്പുരാന്‍റെ ഷൂട്ട് ദിവസങ്ങള്‍, 100 ദിവസങ്ങള്‍ പിന്നിട്ട് മുന്നോട്ട് പോകുന്നു" -ഇപ്രകാരമാണ് സുജിത്ത് വാസുദേവ് എക്‌സില്‍ കുറിച്ചത്.

മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, ഇന്ദ്രശിത്ത് സുകുമാരന്‍, ശശി കപൂര്‍, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും സംയുക്‌തമായാണ് 'എൽ2 എമ്പുരാൻ' നിർമ്മിക്കുന്നത്. സുജിത് വാസുദേവ് ​​ആണ് ഛായാഗ്രഹണം. ദീപക് ദേവ് സംഗീത സംവിധാനവും നിര്‍വ്വഹിക്കും. അഖിലേഷ് മോഹനാണ് ചിത്രസംയോജനം.

2019 മാര്‍ച്ച് 28നായിരുന്നു 'ലൂസിഫര്‍' റിലീസ്. ഇക്കുറി ഒരു ദിവസം മുമ്പാണ് സിനിമയുടെ രണ്ടാം ഭാഗം തിയേറ്ററുകളില്‍ എത്തുന്നത്. 'ലൂസിഫറി'ന് മൂന്നാം ഭാഗവും ഉണ്ടാകുമെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി നേരത്തെ അറിയിച്ചിരുന്നു.

Also Read: "ദൈവം ഉപേക്ഷിച്ച് ചെകുത്താന്‍ വളര്‍ത്തിയ സയീദ് മസൂദ്"; പൃഥ്വിരാജിന് സര്‍പ്രൈസുമായി മോഹന്‍ലാല്‍

ABOUT THE AUTHOR

...view details