നിർമാതാവ് സിയാദ് കോക്കർ ഇടിവി ഭാരതിനോട് കഴിഞ്ഞ 40 വർഷങ്ങളായി മലയാളികൾക്ക് മികച്ച ചിത്രങ്ങൾ സമ്മാനിച്ച് കൊണ്ടിരിക്കുന്ന പ്രൊഡക്ഷൻ കമ്പനിയാണ് കോക്കേഴ്‌സ് ഫിലിംസ്. 'സമ്മർ ഇൻ ബത്‌ലഹേം, പട്ടണപ്രവേശം ദേവദൂതൻ, ഒരു മറവത്തൂർ കനവ്, അങ്ങനെ എടുത്തു പറയാവുന്ന എത്രയോ ചിത്രങ്ങൾ. ഒരു ഇടവേളയ്‌ക്ക് ശേഷം 'കുറി' എന്ന ചിത്രത്തിലൂടെ കോക്കേഴ്‌സ് ഫിലിംസ് സിനിമ മേഖലയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി.
രണ്ടാം വരവിലെ രണ്ടാമത്തെ ചിത്രം 'മാരിവില്ലിൻ ഗോപുരങ്ങൾ' ആണ്. ഇന്ദ്രജിത്ത് സുകുമാരൻ, സർജനോ ഖാലിദ് തുടങ്ങിയവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ. യുവത്വത്തിന് പ്രാധാന്യം നൽകി, മികച്ച ഒരു കോമഡി ഫാമിലി എന്‍റർടെയിനറായാണ് ഈ ചിത്രം ഒരുക്കിയത്. ഇപ്പോഴിതാ സിനിമ വിശേഷങ്ങൾ ഇടിവി ഭാരതിലൂടെ പ്രേക്ഷകരുമായി പങ്കുവയ്‌ക്കുകയാണ് കോക്കേഴ്‌സ് ഫിലിംസിന്‍റെ അമരക്കാരനായ സിയാദ് കോക്കർ.
'പലരും എന്നോട് ചോദിക്കാറുണ്ട് അടുത്തിടെ കോക്കേഴ്‌സ് ഫിലിംസ് സമ്മർ ഇൻ ബത്‌ലഹേം ടു അനൗൺസ് ചെയ്‌തിരുന്നല്ലോ എന്ന്. മാരിവില്ലിൻ ഗോപുരങ്ങൾ എന്ന വാക്ക് സമ്മർ ബത്‌ലഹേമിലെ ഒരു ഗാനത്തിന്‍റെ ആദ്യ വരികളാണ്. അതുകൊണ്ടുതന്നെ വിഖ്യാത ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണെന്ന് സംശയിക്കുന്നവർ ഏറെയാണ്. പക്ഷേ സമ്മർ ഇൻ ബത്‌ലഹേമിന്‍റെ രണ്ടാം ഭാഗമല്ല ഈ ചിത്രം'- സിയാദ് കോക്കർ വ്യക്തമാക്കി.
മികച്ച ചിത്രങ്ങൾ നൽകി കോക്കേഴ്‌സ് ഫിലിംസ് ഇതിനോടകം മലയാളികൾക്കിടയിൽ ഒരു വിശ്വാസ്യത സൃഷ്‌ടിച്ചിട്ടുണ്ട്. എക്കാലവും ആ വിശ്വാസികൾക്ക് ഒരു കോട്ടവും തട്ടാതിരിക്കാൻ ശ്രമിക്കും. സിനിമകൾ നിർമ്മിച്ച് തുടങ്ങിയപ്പോൾ ഒരിക്കലും ആശയങ്ങൾ ഒരു നിർമ്മാതാവ് എന്നുള്ള രീതിയിൽ എന്നെ തേടി വന്നിട്ടില്ല. സിബി മലയിൽ, സത്യൻ അന്തിക്കാട് തുടങ്ങിയ മികച്ച സംവിധായകർ തന്നോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ സമ്മതിച്ചതാണ് വിജയ ഫോർമുലയെന്നും അദ്ദേഹം പറഞ്ഞു. സിനിമകൾ പരാജയപ്പെടുമ്പോൾ സാമ്പത്തിക നഷ്‌ടത്തിൽ ഉപരി ഒരു തരത്തിലുമുള്ള നഷ്‌ടബോധം തോന്നാറില്ല. കാരണം ഒരു ചിത്രം നിർമ്മിച്ചാൽ വർഷങ്ങൾ കഴിഞ്ഞാലും ജനങ്ങൾ ഏറ്റെടുക്കുമെന്ന ഒരു വിശ്വാസം ഉണ്ടായിരുന്നു.
ചിത്രത്തിന് വേണ്ട അംഗീകാരം ലഭിക്കുക തന്നെ ചെയ്യും. അത്തരത്തിലൊരു ചിത്രമാണ് 'ദേവദൂതൻ'. ഏറെ പ്രതീക്ഷയുണ്ടായിരുന്ന ഈ ചിത്രം എന്നാൽ തിയേറ്ററിൽ വലിയ പരാജയമായി. പക്ഷേ പിൽക്കാലത്ത് ആ സിനിമയുടെ മൂല്യം തിരിച്ചറിഞ്ഞ് ജനങ്ങൾ അതേ ഏറ്റെടുത്തു. അത് മനസിലാക്കി 'ദേവദൂത'ന്‍റെ ഫോർ കെ റീമാസ്‌റ്റർ പ്രിന്‍റ് ഉടൻ തിയേറ്ററുകളിൽ റിലീസിനെത്തിക്കാനുള്ള ഒരുക്കത്തിലാണെന്നും അദ്ദേഹം അറിയിച്ചു.
ALSO READ:'സിനിമയെ നശിപ്പിക്കുന്നവരെ കാലം വെളിച്ചത്ത് കൊണ്ടുവരും'; നിർമാതാവ് സിയാദ് കോക്കർ