മലയാള സിനിമയിൽ പുതുചരിത്രം കുറിച്ച ചിത്രമാണ് 'മഞ്ഞുമ്മൽ ബോയ്‌സ്'. ചിദംബരം പൊതുവാൾ ഒരുക്കിയ ഈ ചിത്രം ബോക്‌സോഫിസിൽ 200 കോടിയും പിന്നിട്ട് വിജയയാത്ര തുടരുകയാണ്. ആഗോളതലത്തിൽ 200 കോടി കലക്ഷൻ സ്വന്തമാക്കിയ ആദ്യ മലയാള ചിത്രമാണിത്. ഇനിയിതാ ടോളിവുഡും കീഴടക്കാനുള്ള ഒരുക്കത്തിലാണ് 'മഞ്ഞുമ്മലിലെ പിള്ളേർ'.
'മഞ്ഞുമ്മൽ ബോയ്‌സ്' സിനിമയുടെ തെലുഗു പതിപ്പിൻ്റെ ട്രെയിലർ പുറത്തിറങ്ങി. ഏപ്രിൽ ആറിന് തെലുഗു പതിപ്പ് തിയേറ്ററുകളിലെത്തും. ഏതായാലും കേരളത്തിലും തമിഴ്‌നാട്ടിലും ലഭിച്ച മികച്ച പ്രേക്ഷക പിന്തുണ തെലുഗു ഭാഷയിലെത്തുമ്പോഴും കിട്ടുമെന്ന് തന്നെയാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. ട്രെയിലറിന് ലഭിക്കുന്ന സ്വീകാര്യത ഇതിന്‍റെ സൂചനയാണ്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ 2.9 ലക്ഷത്തിലേറെ കാഴ്‌ചക്കാരെ ട്രെയിലർ സ്വന്തമാക്കി കഴിഞ്ഞു.
യഥാർഥ കഥയെ ആസ്‌പദമാക്കി, സർവൈവൽ ത്രില്ലറായി ഒരുക്കിയ 'മഞ്ഞുമ്മൽ ബോയ്‌സ്' തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 50 കോടിക്ക് മുകളിലാണ് നേടിയത്. അമേരിക്കയിൽ ഒരു മില്യൻ ഡോളർ കലക്ഷൻ (ഏകദേശം 8 കോടി രൂപ) നേടുന്ന ആദ്യ മലയാള സിനിമയായും ഈ ചിത്രം റെക്കോർഡിട്ടിരുന്നു. 2024 ഫെബ്രുവരി 22ന് റിലീസ് ചെയ്‌ത സിനിമ തിയേറ്ററിലെത്തി 27-ാം ദിവസമാണ് 200 കോടി എന്ന നാഴികക്കല്ല് പിന്നിട്ടത്.