മലയാളികൾക്ക് ഏറെ ഇഷ്‌ടമുള്ള അഭിനേത്രിയാണ് മംമ്‌ത മോഹൻദാസ്. അഭിനയത്തിന് പുറമെ ജീവിതം കൊണ്ടും മലയാളികളെ അത്ഭുതപ്പെടുത്താൻ മംമ്തയ്‌ക്കായി. അര്‍ബുദത്തെ അതിജീവിച്ച് ആത്മവിശ്വാസത്തോടെ ജീവിതത്തെ തിരികെ പിടിച്ച വ്യക്തിയാണ് മംമ്ത. അടുത്തിടെ തന്നെ ബാധിച്ച മറ്റൊരു രോഗാവസ്ഥയെ കൂടി ആരാധകർക്ക് മുന്നിൽ താരം വെളിപ്പെടുത്തിയിരുന്നു.
ഓട്ടോ ഇമ്യൂൺ അസുഖമായ വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗം തന്നെ പിടികൂടിയ കാര്യമാണ് കഴിഞ്ഞ വർഷം സമൂഹ മാധ്യമങ്ങളിലൂടെ മംമ്ത പങ്കുവച്ചത്. തന്‍റെ നിറം നഷ്‌ടമാവുന്നു എന്നായിരുന്നു മംമ്ത തുറന്ന് പറഞ്ഞത്. കാൻസർ രോഗത്തെ ആത്മവിശ്വാസത്തോടെ അതിജീവിച്ചെത്തിയ മംമ്ത ഇതിനെയും പിന്നിലാക്കി മുന്നേറുമെന്ന് അന്ന് ആരാധകർ പ്രതീക്ഷ പങ്കുവയ്‌ക്കുകയും ചെയ്‌തിരുന്നു.
ഇപ്പോഴിതാ ലോക വിറ്റിലിഗോ ദിനത്തിൽ മംമ്‌ത പങ്കുവച്ച പോസ്റ്റാണ് ഏവരുടെയും ശ്രദ്ധ നേടുന്നത്. "ആ വാനില ആകാശത്തെ തൊടാൻ കുറച്ച് ചോക്ലേറ്റ്" എന്നാണ് തന്‍റെ ചിത്രത്തോടൊപ്പം താരം കുറിച്ചത്. കൈയ്യിലെ പാടുള്ള ഭാഗങ്ങൾ കവർ ചെയ്‌തുകൊണ്ടുള്ള, നിറഞ്ഞ ചിരിയുമായി നിൽക്കുന്ന പോസ്റ്റിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.
വിറ്റിലിഗോയിലൂടെ കടന്നുപോവുന്നവർക്ക് വളരെയേറെ പോസിറ്റിവിറ്റി നൽകുന്നതാണ് പോസ്റ്റെന്നാണ് പലരുടെയും പ്രതികരണം. വേൾഡ് വിറ്റിലിഗോ ദിനം, കരുത്ത്, കീഴടക്കുക, ആറ്റിറ്റ്യൂഡ്, പോസിറ്റീവ് മൈൻഡ് സെറ്റ്, ഓട്ടോ ഇമ്മ്യൂൺ ഡിസോർഡർ, നിങ്ങളുടെ ചർമ്മത്തെ സ്നേഹിക്കുക തുടങ്ങിയ ഹാഷ്‌ടാഗുകളും മംമ്‌ത നൽകിയിട്ടുണ്ട്.
എന്താണ് വിറ്റിലിഗോ?
ത്വക്കിന്‍റെ ചില ഭാഗങ്ങളിൽ നിറം നഷ്‌ടമാകുന്ന ഒരു സ്ഥിരമായ അവസ്ഥയാണിത്. ത്വക്കിന് നിറം നൽകുന്ന കോശങ്ങൾ നശിക്കുമ്പോഴോ അവ പ്രവർത്തന രഹിതമാകുമ്പോഴോ ആണ് ഈ രോഗാവസ്ഥ ഉടലെടുക്കുന്നത്. ചർമത്തിലെ ഈ നിറവ്യത്യാസം കാലക്രമേണ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിക്കും. ശരീരത്തിന്‍റെ ഏത് ഭാഗത്തെ ചർമ്മത്തെയും ഈ അവസ്ഥ ബാധിക്കാം.
ജനിതക മാറ്റമാണ് പലപ്പോഴും വെളളപ്പാണ്ട് ഉണ്ടാകുന്നതിന് കാരണം. ചില കെമിക്കലുകൾ തട്ടുമ്പോളല്ലാതെ വിറ്റിലിഗോ വരാനുള്ള കാരണം ഇപ്പോഴും അവ്യക്തമാണ്. ഓട്ടോ ഇമ്മ്യൂൺ, ഓക്‌സിഡേറ്റിവ് സ്ട്രെസ്, ന്യൂറൽ, വൈറൽ ബാധ എന്നിവ കൊണ്ടെല്ലാം വിറ്റിലിഗോ ഉണ്ടാകാം എന്നും ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ലോകത്തിലെ 0.5 ശതമാനം മുതൽ 2 ശതമാനം വരെ ആളുകളിൽ ഈ രോഗം കാണുന്നു, ചില പ്രദേശങ്ങളിൽ ഇത് 16 ശതമാനം വരെയാണ്.
മെലാനിൻ ആണ് സാധാരണയായി മുടിയുടെയും ചർമത്തിന്‍റെയും നിറം നിർണയിക്കുന്നത്. മെലാനിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങൾ നശിക്കുകയോ പ്രവർത്തനം നിർത്തുകയോ ചെയ്യുമ്പോഴാണ് വിറ്റിലിഗോ സംഭവിക്കുന്നത്. എല്ലാതരം ചർമപ്രകൃതമുള്ളവരെയും ഇത് ബാധിക്കാം. എന്നാൽ തവിട്ട് നിറമോ ഇരുണ്ട ചർമമോ ഉള്ളവരിൽ ഇത് കൂടുതൽ ശ്രദ്ധയിൽപ്പെട്ടേക്കാം. അതേസമയം ജീവന് ഭീഷണി ഉയർത്തുന്നതോ പകരുന്നതോ ആയ രോഗമല്ല ഇത്.
എന്തൊക്കെയാണ് രോഗലക്ഷണങ്ങൾ?
ചർമത്തിൽ പ്രത്യക്ഷപ്പെടുന്ന ചുവന്ന നിറമാണ് പലപ്പോഴും വെള്ളപ്പാണ്ടിന്‍റെ ആദ്യ ലക്ഷണം. ആദ്യം ചെറുതായി കാണപ്പെടുന്ന അവ പിന്നീട് വലുതായി മാറുന്നു. മുഖത്തും കൈകളിലും ത്വക്ക് പൊളിഞ്ഞു പോകുമ്പോൾ അവ കൂടുതലായി കാണപ്പെടും. ചിലപ്പോൾ ത്വക്ക് പൊളിയുമ്പോൾ അവയുടെ അറ്റങ്ങളിൽ കൂടുതൽ നിറം കാണപ്പെട്ടെന്നും വരാം. ചർമത്തിൻ്റെ പിഗ്മെൻ്റ് നഷ്‌ടപ്പെടുന്ന സ്ഥലങ്ങളിൽ മുടി വെളുത്തതായി മാറും. ഇത് തലയോട്ടി, പുരികം, കൺപീലികൾ, താടി, ശരീര രോമങ്ങൾ എന്നിവയിൽ സംഭവിക്കാം.
ALSO READ:'എത്ര സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്? എന്തുവാ ജോലി ഇരുന്നെണ്ണ്'; തഗ് മറുപടിയുമായി ഉർവശി, കൂടെ പാർവതിയും