മമ്മൂട്ടിയുടെ ഏറ്റവും പുതിയ റിലീസായ 'ഭ്രമയുഗം' ബോക്‌സ് ഓഫിസിൽ തേരോട്ടം തുടരുന്നു. അഞ്ചാം ദിവസവും മികച്ച കലക്ഷനാണ് ചിത്രത്തിന് നേടാനായത്. ഇൻഡസ്ട്രി ട്രാക്കർ സാക്‌നിൽക് പറയുന്നതനുസരിച്ച്, ഈ ഹൊറർ-ത്രില്ലർ ചിത്രത്തിൻ്റെ ഇന്ത്യയിലെ ഇതുവരെയുള്ള മൊത്തം വരുമാനം 14.40 കോടി രൂപയാണ്.
ഞായറാഴ്‌ചയാണ് രാഹുൽ സദാശിവൻ സംവിധാനം ചെയ്‌ത 'ഭ്രമയുഗം' ഏറ്റവും കൂടുതൽ കലക്ഷൻ നേടിയത്. 3.85 കോടിയാണ് ഞായറാഴ്‌ച മാത്രം ചിത്രം തിയേറ്ററുകളിൽ നിന്നും വാരിക്കൂട്ടിയത്. ഫെബ്രുവരി 15ന് റിലീസായ 'ഭ്രമയുഗം' തിങ്കളാഴ്‌ച ഇന്ത്യയിൽ നിന്ന് 1.65 കോടി രൂപ നേടി.
വിദേശത്തും മികച്ച പ്രകടനമാണ് ഈ ചിത്രം നടത്തുന്നത്. ആഭ്യന്തരമായി 15.1 കോടിയും അന്തർദേശീയമായി 16 കോടിയുമാണ് ഇതുവരെ ചിത്രം നേടിയത്. ഇതോടെ 'ഭ്രമയുഗ'ത്തിന്‍റെ മൊത്തം ആഗോള വരുമാനം 33 കോടി രൂപയായി.
തിങ്കളാഴ്‌ച 54 ശതമാനം ഒക്യുപെൻസി റേറ്റ് ഉണ്ടായിരുന്ന കോട്ടയത്ത് 'ഭ്രമയുഗ'ത്തിന് മികച്ച കലക്ഷൻ നേടാനായി. മുംബൈ, ഡൽഹി-എൻസിആർ മേഖലകളിൽ യഥാക്രമം 20, 21 ശതമാനം ഒക്യുപെൻസി നിരക്കുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
2022ൽ പുറത്തിറങ്ങിയ 'ഭൂതകാലം' എന്ന ഹൊറർ ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്‌ത സിനിമയാണ് 'ഭ്രമയുഗം'. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ എന്നിവരും ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം സുപ്രധാന വേഷങ്ങളിലുണ്ട്. അമാൽഡ ലിസ്, മണികണ്‌ഠൻ ആചാരി എന്നിവരാണ് ഈ ചിത്രത്തിൽ മറ്റ് വേഷങ്ങളിലുള്ളത്.
താരങ്ങളുടെ പ്രകടനംകൊണ്ടും അന്താരാഷ്‌ട്ര നിലവാരത്തോടെയുള്ള മേക്കിംഗ് കൊണ്ടും വേറിട്ടുനിൽക്കുന്ന 'ഭ്രമയുഗം' തുടക്കം മുതൽ തന്നെ മികച്ച പ്രതികരണമാണ് നേടുന്നത്. അതേസമയം ഈ സിനിമയ്‌ക്ക് ലഭിക്കുന്ന മികച്ച സ്വീകാര്യതയെ തുടർന്ന് തെലങ്കാന - ആന്ധ്ര സംസ്ഥാനങ്ങളിൽ തെലുഗുവിൽ ഈ ചിത്രം റിലീസ് ചെയ്യാൻ സിത്താര എൻ്റർടെയ്ൻമെൻ്റ്‌സ് ഒരുങ്ങുകയാണ്. ഫെബ്രുവരി 23 മുതൽ തെലുഗു ഭാഷയിൽ 'ഭ്രമയുഗം' റിലീസ് ചെയ്യും. ഇതോടെ തെലുഗു പ്രേക്ഷകരുടെ കാത്തിരിപ്പും അവസാനിക്കുകയാണ്.
പ്രശസ്‌ത എഴുത്തുകാരൻ ടി ഡി രാമകൃഷ്‌ണനാണ് ഈ ചിത്രത്തിന്‍റെ സംഭാഷണങ്ങൾ എഴുതിയത്. ഹൊറർ ത്രില്ലർ സിനിമകൾക്കായി മാത്രം ആരംഭിച്ച പ്രൊഡക്ഷൻ ഹൗസായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈനോട്ട് സ്റ്റുഡിയോയും ചേർന്നാണ് ഈ ചിത്രം നിർമിച്ചത്. ഷെഹ്‌നാദ് ജലാൽ ഛായാഗ്രഹണം നിർവഹിച്ച 'ഭ്രമയുഗ'ത്തിന് സംഗീതം പകർന്നത് ക്രിസ്റ്റോ സേവ്യറാണ്.