സംഗീത് ശിവന്‍റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ 'യോദ്ധ' എന്ന സിനിമയെ മലയാളികൾ അത്രപ്പെട്ടെന്ന് വിസ്‌മരിക്കില്ല. തൈപ്പറമ്പിൽ അശോകനും, അരശുംമൂട്ടിൽ അപ്പുക്കുട്ടനും, അശ്വതിയും ഒക്കെ മലയാളി മനസ്സിൽ ഇന്നും നര ബാധിച്ചിട്ടില്ലാത്ത മധുര ഓർമ്മകളാണ്. നേപ്പാളിന്‍റെ വശ്യ സൗന്ദര്യം ഇത്രയും മനോഹരമായി ഒപ്പിയെടുത്ത മറ്റൊരു മലയാള സിനിമ വേറെയില്ല എന്ന് തന്നെ പറയാം.
ലോകനിലവാരമുള്ള ഛായാഗ്രഹണം ആയിരുന്നു സന്തോഷ് ശിവന്‍റേത്. ചിത്രം ഇറങ്ങി 32 വർഷങ്ങൾ പിന്നിടുമ്പോള്‍ 'യോദ്ധ'യുടെ ചിത്രീകരണം നടന്ന നേപ്പാളിലെ അതേ ലൊക്കേഷനിൽ എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്‌സായ മലയാളി ദമ്പതികൾ. 'യോദ്ധ'യിലെ ഒരു രംഗം പുനസൃഷ്‌ടിച്ച് ശ്രദ്ധ യാകർഷിക്കുകയാണ് മലയാളി ദമ്പതികളായ അയ്നോഷ് മൈക്കളും ഭാര്യ നിയ ജോസഫും. ദമ്പതികളുടെ സുഹൃത്ത് അരുണിന്‍റെ പ്രകടനവും വീഡിയോയിൽ ശ്രദ്ധേയമാണ്.
അയ്നോഷും നിയയും ജീവിതത്തിൽ ഏറെ ഇഷ്‌ടപ്പെടുന്നത് യാത്രകളെയാണ്. ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളും ഇതിനോടകം തന്നെ ഇരുവരും സന്ദർശിച്ചു കഴിഞ്ഞു. യാത്ര ചെയ്യാൻ ഒരു സ്ഥലം തിരഞ്ഞെടുത്താല്‍, അവിടെ ഏതെങ്കിലും സിനിമയുടെ ലൊക്കേഷൻ ഉണ്ടായിരുന്നോ എന്ന് ഉറപ്പുവരുത്തും. അങ്ങനെ ഉണ്ടെങ്കിൽ ആ സ്ഥലത്ത് ചിത്രീകരിച്ച സിനിമയുടെ സീൻ അതുപോലെ റീ ക്രീയേറ്റ് ചെയ്‌ത് സോഷ്യൽ മീഡിയയില്‍ പോസ്‌റ്റ് ചെയ്യും.
ദമ്പതികള്‍ നേപ്പാൾ യാത്ര പ്ലാൻ ചെയ്‌തപ്പോൾ, 'യോദ്ധ'യിലെ ഏതെങ്കിലും ഒരു രംഗം ചിത്രീകരിച്ച ലൊക്കേഷനിൽ പോയി, ആ രംഗം റീക്രിയേറ്റ് ചെയ്യണമെന്ന് ഇരുവരും തീരുമാനിച്ചിരുന്നു. കുട്ടി മാമയുടെ വീട്ടിൽ തൈപ്പറമ്പിൽ അശോകനായി ആൾമാറാട്ടം നടത്തി അരശുംമൂട്ടിൽ അപ്പുക്കുട്ടൻ കയറിപ്പറ്റിയതോടെ പാവം അശോകൻ വഴിയാധാരമാകുന്ന രംഗമുണ്ട് 'യോദ്ധ'യില്‍. ശ്രീബുദ്ധനോട് തന്‍റെ വിഷമം പുലമ്പി തിരിയുമ്പോൾ അശ്വതിയുമായി കൊഞ്ചിക്കുഴഞ്ഞ് വരുന്ന അപ്പുക്കുട്ടനെ കാണുന്ന രംഗമാണ് ഇവര്‍ റീക്രിയേറ്റ് ചെയ്‌തത്.
Also Read:31 Years Of Yodha Movie : 'കുട്ടിമാമാ ഞാന്‍ ഞെട്ടി മാമാ' ; 'യോദ്ധാ'യുടെ 31 വർഷങ്ങൾ